ചെന്നൈ: തമിഴ്‌നാട്ടിലെ ആഗമ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന അഹിന്ദുക്കള്‍, ക്ഷേത്രം നിര്‍ദേശിച്ച മാതൃകയിലുള്ള സത്യവാങ്മൂലം നല്‍കി ദേവതയോടുള്ള ആദരവും ഭക്തിയും ഉറപ്പുനല്‍ക്കണമെന്ന് മദ്രാസ് ഹൈക്കോടതി. അഹിന്ദുക്കള്‍ക്ക് പ്രവേശനം നിയന്ത്രിക്കുന്ന ആഗമശാസ്ത്ര നിര്‍ദ്ദേശങ്ങള്‍ക്ക് ഭരണഘടനാപരമായ പരിശോധനയില്‍ നിലനില്‍ക്കാനാവില്ലെങ്കിലും സത്യവാങ്മൂലം ഒപ്പിടാത്ത അഹിന്ദുക്കളുടെ കാര്യത്തില്‍ ഈ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കുമെന്ന് കോടതി പറഞ്ഞു.

മധുര സ്വദേശിയായ കെ.തങ്കം വെങ്കിടേഷിന്റെ പൊതുതാത്പര്യ ഹരജിയില്‍ ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്‍, ജസ്റ്റിസ് പി. മുരുഗന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. തമിഴ്‌നാട് ക്ഷേത്രപ്രവേശന അംഗീകാര നിയമം, 1947ലെയും അതിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

മറ്റ് മതങ്ങളുടെ ചിഹ്നങ്ങള്‍ ധരിക്കുന്നവരെയും ബന്ധപ്പെട്ട മതാചാരങ്ങള്‍ പിന്തുടരാത്തവരെയും നിയന്ത്രിത ക്ഷേത്രഭാഗങ്ങളില്‍ പ്രവേശിക്കുന്നതില്‍നിന്ന് തടയണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

തമിഴ്‌നാട്ടിലെ ആഗമ ക്ഷേത്രങ്ങളില്‍ സത്യവാങ്മൂലത്തില്‍ ഒപ്പിടാത്ത അഹിന്ദുക്കളെ കൊടിമരം കടക്കാന്‍ അനുവദിക്കരുതെന്ന ആഗമ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ ഹിന്ദുവായതുകൊണ്ട് ഹരജിക്കാരന് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

‘ഇത്തരം പ്രവേശനം അനുവദിച്ചാല്‍ ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് കളങ്കമേല്‍ക്കും. ഞങ്ങള്‍ ഒരു പടി കൂടി മുന്നോട്ട് പോയി മതചിഹ്നങ്ങള്‍ ധരിക്കുകയും ബന്ധപ്പെട്ട ദേവതയോടുള്ള ആദരവും ഭക്തിയും സത്യവാങ്മൂലത്തിലൂടെ ഉറപ്പ് നല്‍കാതിരിക്കുകയും ചെയ്യുന്ന അഹിന്ദുക്കള്‍ക്ക് ക്ഷേത്ര പരിസരത്തേക്ക് പോലും പ്രവേശനം അനുവദിക്കാനാവില്ല,’ കോടതി നിരീക്ഷിച്ചു.

ഹിന്ദുക്ഷേത്രങ്ങളിലേക്കുള്ള അഹിന്ദുക്കളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി നേരത്തെ പുറപ്പെടുവിപ്പിച്ച രണ്ട് വിധികള്‍ കോടതി ചൂണ്ടിക്കാട്ടി. 1972ലെ കല്യാണ്‍ ദാസ് vs തമിഴ്‌നാട് സര്‍ക്കാര്‍ കേസില്‍, ക്ഷേത്രപരിസരത്തേക്ക് അഹിന്ദുക്കളെ പ്രവേശിപ്പിക്കാന്‍ വ്യവസ്ഥ ചെയ്തിരുന്ന ക്ഷേത്രപ്രവേശന അംഗീകാര ചട്ടങ്ങളിലെ റൂള്‍ 4എ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.

2024ലെ ഡി. സെന്തില്‍കുമാര്‍ vs തമിഴ്‌നാട് സര്‍ക്കാര്‍ കേസില്‍, ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുമെന്ന് സത്യവാങ്മൂലം നല്‍കുന്ന അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിച്ച് മറ്റൊരു സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ഗുരുതരമായ ചട്ടലംഘനങ്ങളും കോടതി ചൂണ്ടിക്കാട്ടി. മധുരൈ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്ന മധുര സെന്‍ട്രല്‍ നിയോജകമണ്ഡലത്തിലെ എം.എല്‍.എ ബദറുദ്ദീന്‍ മുസ്തഫ തെരഞ്ഞെടുപ്പ് ജയിച്ചതിന് പിന്നാലെ പരിശോധനയ്ക്കായി ക്ഷേത്രപരിസരത്ത് പ്രവേശിച്ചിരുന്നു. ക്രിസ്തുമത വിശ്വാസിയായ ഫിഷറീസ് മന്ത്രി ശ്രീനാഥ് തിരുച്ചന്തൂര്‍ മുരുഗ ക്ഷേത്രത്തില്‍ സത്യവാങ്മൂലം നല്‍കാതെ പ്രവേശിച്ചിരുന്നു. ഇത്തരം നടപടികളെ കോടതി വിമര്‍ശിച്ചു.

ഇങ്ങനെയുള്ള ചംചാഗിരി ( അമിതമായ വ്യക്തിപൂജയും നേതാവിനെ പ്രീതിപ്പെടുത്താനുള്ള അടിമത്ത മനോഭാവവും) നമ്മുടെ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് കോടതി വിമര്‍ശിച്ചു.

‘ജനാധിപത്യത്തില്‍ ചംചാഗിരി മാത്രമല്ല, കാഴ്ചപ്പാടുകളും പ്രതിച്ഛായയും പ്രധാനമാണ്. അഹിന്ദു മതവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്ന ഒരു മതമൗലികവാദ രാഷ്ട്രീയ നേതാവിനെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ അദ്ദേഹം ക്ഷേത്രം സന്ദര്‍ശിക്കുകയും നെറ്റിയില്‍ മതചിഹ്നം വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത് പതിവാക്കിയിരുന്നു. പൊതുജനങ്ങളെ സ്വാധീനിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഇത്തരം പ്രദര്‍ശനത്തിലൂടെ ലഭിക്കുന്ന വോട്ടിന്റെ മൂല്യം വ്യക്തമാണ്,’ കോടതി പറഞ്ഞു.

ക്ഷേത്രങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇത്തരം വിധേയത്വ പ്രകടനങ്ങള്‍ക്കും പ്രതിച്ഛായാ രാഷ്ട്രീയത്തിനും മുന്നില്‍ മുട്ടുമടക്കരുതെന്ന് കോടതി വ്യക്തമാക്കി. ആഗമശാസ്ത്രപരമായ നിര്‍ദേശങ്ങള്‍ക്ക് ഇനി ഭരണഘടനാപരമായ പരിശോധനയില്‍ നിലനില്‍ക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ഭരണഘടനയ്ക്കാണ് പരമപ്രാധാന്യം. പിന്തിരിപ്പന്‍ ദൈവശാസ്ത്രപരമായ നിര്‍ദേശങ്ങള്‍ ഭരണഘടനയ്ക്കു മുന്നില്‍ വഴിമാറേണ്ടതുണ്ട്. എന്നാല്‍, സത്യവാങ്മൂലം ഒപ്പിടാത്ത അഹിന്ദുക്കളുടെ കാര്യത്തില്‍ ഈ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രം, മധുരൈ മീനാക്ഷി ക്ഷേത്രം, തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രം, ചിദംബരം നടരാജ ക്ഷേത്രം, ശ്രീരംഗം ക്ഷേത്രം, രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം തുടങ്ങിയവ തമിഴ്‌നാട്ടിലെ പ്രധാന ആഗമ ക്ഷേത്രങ്ങളാണ്.

Content Highlight: Non-Hindus Wearing Religious Markers Can’t Enter Agamic Temples Without Affirming ‘Reverence’ To Deity: Madras High Court.