തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിനിടയില്‍ എസ്.സി-എസ്.ടി വിദ്യാര്‍ത്ഥിയെ ജഡ്ജ് പരസ്യമായി അപമാനിച്ചെന്ന് പരാതി. സംഭവത്തില്‍ ബാലവകാശ കമ്മിഷനും വിദ്യാഭ്യാസ മന്ത്രിക്കും വനിതാ ശിശുക്ഷേമ മന്ത്രി മന്ത്രി ബിന്ദു കൃഷ്ണയ്ക്കും രക്ഷിതാക്കള്‍ പരാതി നല്‍കി. സ്‌കൂള്‍ കലോത്സവത്തിനിടെ കറുത്ത നിറം പറഞ്ഞും, കൂന് ഉണ്ടെന്ന് പറഞ്ഞും മൈക്കിലൂടെ അധിക്ഷേപിച്ചുവെന്നാണ് പരാതി.

തിരുവനന്തപുരം കാട്ടാക്കട ഗവണ്‍മെന്റ് വീരണകാവ് വി.എച്ച്.എസ്.എസിലെ വി.എച്ച.എസ്.ഇ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. ഒക്ടോബര്‍ 26ന് നടന്ന സ്‌ക്കൂള്‍ കലോത്സവത്തില്‍ നാടോടിനൃത്ത വിധിനിര്‍ണയത്തിനെത്തിയ ജഡ്ജാണ് മകളെ അപമാനിച്ചതെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടത്.

നാടോടി നൃത്തത്തിന് രണ്ടാം സ്ഥാനമാണ് വിദ്യാര്‍ത്ഥിനിക്ക് ലഭിച്ചത്. വിധിനിര്‍ണയത്തില്‍ വിദ്യാര്‍ത്ഥിനിയുടെ നിറം കറുപ്പാണെന്നും നിറത്തിനനുസരിച്ചുള്ള വസ്ത്രധാരണം നടത്തിയില്ലെന്നും, കൂനിയാണ് വിദ്യാര്‍ത്ഥിനി നില്‍ക്കുന്നതെന്നുമാണ് പരസ്യമായി ജഡ്ജ് പറഞ്ഞെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം വിധികര്‍ത്താവിന്റെ പേര് വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.

മാനസികമായി തകര്‍ന്ന 17കാരിക്ക് ആത്മഹത്യ പ്രേരണ ഉണ്ടായെന്നും കുടുംബം ആരോപിച്ചു. മകള്‍ക്ക് രാത്രി മുഴുവന്‍ കൂട്ടിരിക്കേണ്ടി വന്നുവെന്ന് മാതാപിതാക്കള്‍ പരാതിയില്‍ പറഞ്ഞു. ജനിതകമായി കഴുത്തിന് പിന്നില്‍ കൂന്‍ ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയ വിദ്യാര്‍ത്ഥിനി കഴിഞ്ഞ സബ്ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.

മാത്രമല്ല പത്ത് വര്‍ഷമായി സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടുന്ന കലാകാരിയാണ് പരസ്യമായി അപമാനിക്കപ്പെട്ടത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുമായി ഡൂള്‍ ന്യൂസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Content Highlight: Complaint that a judge publicly insulted an SC/ST student during a school arts festival