മലയാളി സൂപ്പർതാരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ന്യൂസിലാൻഡിനെതിരെയുള്ള മൂന്നാം ടി-20യിൽ തന്റെ ഓപ്പണിങ് പൊസിഷൻ യുവതാരം വൈഭവ് സൂര്യവംശിക്ക് കൈമാറിയ സഞ്ജുവിന്റെ പ്രവർത്തിയെയാണ് വസീം ജാഫർ പ്രശംസിച്ചത്.
സഞ്ജു കൂടുതൽ അംഗീകാരം അർഹിക്കുന്നുണ്ടെന്നും ഇത്രയധികം സെഞ്ച്വറികൾ നേടിയ ഒരാൾക്ക് തന്റെ ബാറ്റിങ് പൊസിഷൻ വിട്ടുകൊടുക്കയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു വസീം ജാഫർ.
‘സഞ്ജുവിന് കൂടുതൽ അംഗീകാരം ലഭിക്കുമെന്ന് ഞാൻ കരുതുന്നു. ഇത്രയധികം സെഞ്ച്വറികൾ നേടുകയും ആ ബാറ്റിങ് പൊസിഷനിൽ മികച്ച അവസരം നേടുകയും ചെയ്ത ഒരാൾക്ക് തന്റെ സ്ഥാനം വിട്ടു കൊടുക്കുക എളുപ്പമല്ല. എന്നാൽ സഞ്ജു ഒരു യഥാർത്ഥ ടീം മാനാണ്. അദ്ദേഹത്തെ പോലുള്ള താരങ്ങളെയാണ് ഒരു ടീമിന് ആവശ്യം. ഫാസ്റ്റ് ബൗളിങ്ങും സ്പിൻ ബൗളിങ്ങും ഒരുപോലെ നന്നായി നേരിടാൻ കഴിയും. ലെഫ്റ്റ് ഹാൻഡേഴ്സായ ഇരുവരും അറ്റാക്കിങ് ബാറ്റർമാരാണ്. അതിനാൽ വൈഭവിന് വേണ്ടി തന്റെ ബാറ്റിങ് സ്ഥാനം വിട്ടുകൊടുത്ത സഞ്ജു തീർച്ചയായും കൂടുതൽ അംഗീകാരം അർഹിക്കുന്നു,’ വസീം ജാഫർ പറഞ്ഞു.

കിവീസിനെതിരായ മൂന്നാം ടി-20യിൽ വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയും വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ആദ്യ വിക്കറ്റിൽ 133 റൺസിന്റെ കൂട്ടുകെട്ടുമായാണ് ഇരുവരും കളത്തിൽ തകർത്താടിയത്. 19 പന്തിൽ നിന്ന് നാല് സിക്സും നാല് ഫോറും ഉൾപ്പെടെ 45 റൺസ് നേടിയാണ് വൈഭവ് മടങ്ങിയത്. 236.84 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
പവർ പ്ലേയിൽ മികച്ച വെടിക്കെട്ട് പ്രകടനമാണ് ഇരുവരും നടത്തിയതും. വിക്കറ്റ് നഷ്ടപ്പെടുത്താതെ 118 റൺസാണ് ആദ്യ ആറ് ഓവറിൽ ഇന്ത്യ നേടിയത്. അതിവേഗം ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതിൽ വലിയ പങ്കാണ് അഭിഷേക് ശർമ വഹിച്ചത്.
സെഞ്ച്വറി നേടിയാണ് താരം കരുത്തുകാട്ടിയത്. 38 പന്തിൽ 11 സിക്സും ഒമ്പത് ഫോറും ഉൾപ്പെടെ 113 റൺസ് നേടിയാണ് അഭിഷേക് മടങ്ങിയത്. നേരിട്ട 35ാം പന്തിൽ ഫോർ നേടി 103 റൺസ് പൂർത്തിയാക്കിയാണ് അഭിഷേക് തന്റെ നാലാം ടി-20 സെഞ്ച്വറി പൂർത്തിയാക്കിയത്.

മത്സരത്തിൽ പല ചരിത്രങ്ങളുമാണ് വൈഭവ്-അഭിഷേക് സഖ്യം തിരുത്തിക്കുറിച്ചത്. അന്താരാഷ്ട്ര പുരുഷ ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറാണ് ഇന്ത്യയ്ക്ക് വേണ്ടി വൈഭവും അഭിഷേക് ശർമയും അടിച്ചെടുത്തത്. പവർ പ്ലേയിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ 118 റൺസാണ് ഇന്ത്യ നേടിയത്.
അന്താരാഷ്ട്ര പുരുഷ ടി-20 ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 50 റൺസ് നേടുന്ന ടീം എന്ന റെക്കോഡും ഇന്ത്യ കൈപ്പിടിയിലാക്കി. 2.2 ഓവറിലായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി അഭിഷേകും വൈഭവും 50 റൺസിലെത്തിയത്. ഫോർമാറ്റിൽ ഏറ്റവും വേഗത്തിൽ 100 റൺസിന്റെ ഓപ്പണിങ് പാർട്ണർഷിപ്പ് നേടുന്ന താരങ്ങളാകാനും അഭിഷേക്-വൈഭവ് സഖ്യത്തിന് സാധിച്ചു. 31 പന്തിൽ 133 റൺസിന്റെ കൂട്ടുകെട്ടുമായാണ് ഇരുവരും കളത്തിൽ തകർത്താടിയത്.
വെല്ലിങ്ടൺ റീജിയണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് അടിച്ചെടുത്തത്. നിലവിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി അതിവേഗം വിജയം സ്വന്തമാക്കുകയായിരുന്നു.
ഒക്ടോബർ 30നും നവംബർ ഒന്നിനുമാണ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരം നടക്കുന്നത്. രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ന്യൂസിലാൻഡിന്റെ മണ്ണിൽ പരമ്പര തൂത്തുവാരാനായിരിക്കും ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും മുന്നിലുള്ള ലക്ഷ്യം. മറുഭാഗത്ത് അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ആശ്വാസ വിജയം നേടി പരമ്പര അവസാനിപ്പിക്കാനാവും കിവീസ് ലക്ഷ്യം വെക്കുക.
Content Highlight: Former Indian player Wasim Jaffer praise Sanju Samson
