ജാതിവ്യവസ്ഥ, ആൺമേധാവിത്വം, ജാതിക്കൊലകൾ, ലിംഗരാഷ്ട്രീയം എന്നിവ പശ്ചാത്തലമാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ സിനിമയാണ് ഡൊറോത്തി. ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച സിനിമയിൽ ഡൊറോത്തിയായ് വേഷമിട്ടത് നടി കീർത്തി സുരേഷാണ്. കുറഞ്ഞ സ്‌ക്രീൻ ടൈമിലും മികച്ച പ്രകടനം കാഴ്ച വെച്ച നടിക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു.

ഇപ്പോഴിതാ മഹാനടിക്ക് ശേഷം തനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് ഡൊറോത്തിയിലേതെന്ന് പറയുകയാണ് താരം. കീർത്തിയുടെ ‘അക്ക’ എന്ന പുതിയ വെബ് സീരീസുമായ് ബന്ധപ്പെട്ട് ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം പങ്ക് വെച്ചത്.

‘മഹാനടിക്ക് ശേഷം എനിക്കേറ്റവും പ്രിയപ്പെട്ടതും സവിശേഷവുമായ വേഷമാണിതെന്ന് തോന്നുന്നു. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇതൊരു യഥാർത്ഥ മാറ്റത്തിന് വഴിയൊരുക്കുന്ന സിനിമയായതുകൊണ്ട്, ഇതിന്റെ ഭാഗമാകാൻ സാധിച്ചത് വളരെ അർത്ഥവത്തായ കാര്യമാണ്.

ഒരു തമിഴ് സിനിമയിൽ നമ്മൾ L.G.B.T.Q വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു, സമീപഭാവിയിലൊന്നും ഇങ്ങനെയൊന്ന് കാണാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല,’ കീർത്തി പറഞ്ഞു.

ഡൊറോത്തി.Photo. IMDb

തന്റെ ചില സുഹൃത്തുകൾക്ക് സിനിമ ഇഷ്ടപ്പെട്ടെങ്കിലും ക്ലൈമാക്സ് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞുവെന്നും താരം കൂട്ടിച്ചേർത്തു. തനിക്കതിൽ കുഴപ്പമൊന്നുമില്ലെന്നും സിനിമയെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെന്നും അതുതന്നെയായിരുന്നു തങ്ങൾ ലക്ഷ്യമിട്ടിരുന്നതെന്നും നടി പറഞ്ഞു.

‘ഈ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ ചിത്രം ശരിക്കും കാണുകയും അത് മനസിലാക്കുകയും ചെയ്തവർക്ക് ഞാൻ ഈ സിനിമയുടെ ആത്മാവാണെന്ന് തിരിച്ചറിയാൻ സാധിക്കും. എങ്കിലും ഇതൊരു ‘എക്സ്റ്റൻഡഡ് കാമിയോ’ ആണെന്ന് പറയാം. ഏകദേശം ആറോ ഏഴോ ദിവസമാണ് ഞാൻ ഈ സിനിമയ്ക്കായി പ്രവർത്തിച്ചത്. എന്നാൽ ചിത്രീകരണ സമയത്ത് അതൊരു മാജിക്കൽ അനുഭവമായിരുന്നു.

പലരും എന്നോട് ഈ ആറേഴ് ദിവസം കൊണ്ട് നിനക്കെന്ത് ചെയ്യാൻ കഴിയുമെന്ന് ചോദിച്ചിരുന്നു. ഞാൻ അവരോട് പറഞ്ഞത് ഇത് ആറേഴ് ദിവസത്തിന്റെ കാര്യമല്ല മറിച്ച് സംസാരിക്കപ്പെടേണ്ട ഒരു വിഷയത്തെക്കുറിച്ചുള്ള സിനിമയിൽ ഒരു ഭാഗമാകുക എന്നതാണെന്ന്. സിനിമയുടെ സക്സസ് മീറ്റിൽ നിരവധി ട്രാൻസ്‌ജെൻഡർ വ്യക്തികൾ കടന്നുവരികയും സംസാരിക്കുകയും ചെയ്തു, അവർ എന്നെ ചേച്ചിയായി കണ്ട് എന്നെ ‘അണ്ണി’ എന്നാണ് വിളിച്ചത്. അതായത് ഞങ്ങൾ മുഴുവൻ ട്രാൻസ്‌ജെൻഡർ സമൂഹത്തിനുവേണ്ടിയാണ് സംസാരിക്കുന്നത്,’ നടി പറഞ്ഞു.

ഡൊറോത്തി.Photo.Screen Grab/Instagram.com

ഈ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയിൽ തനിക്ക് അതിരറ്റ സന്തോഷമുണ്ടെന്നും സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് ചിലർ തന്നോട് ഇത് നിരൂപക പ്രശംസ നേടിയേക്കാമെങ്കിലും ബോക്സ് ഓഫീസിൽ വിജയിക്കില്ല എന്ന് പറഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കി. എന്നാൽ ബോക്സ് ഓഫീസിൽ 25 ദിവസത്തോളം പ്രദർശിപ്പിക്കപ്പെടുകയും, ഇപ്പോൾ നെറ്റ്ഫ്ലിക്സിലും ലഭ്യമാവുകയും ചെയ്തു എന്നത് വലിയ കാര്യമാണെന്നും നടി കൂട്ടിച്ചേർത്തു.

അതേസമയം കീർത്തിയുടെ പുതിയ ക്രൈം ത്രില്ലർ വെബ് സീരീസായ അക്ക നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ 30നാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. വൈ.ആർ.എഫ് എന്റർടൈൻമെന്റിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിക്കുന്ന സീരീസിൽ രാധിക ആപ്‌തെയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശക്തരായ രണ്ട് സ്ത്രീകളുടെ ഏറ്റുമുട്ടലിന്റെ കഥയാണ് അക്കയിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ ധർമ്മരാജ് ഷെട്ടി പറയുന്നത്.

Content Highlight: After ‘Mahanati’, the character of Dorothy is my most favorite said Keerthy Suresh.