കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘ഡൊറോത്തി’ ഒ.ടി.ടിയിലെത്തിയതോടെ വീണ്ടും ചർച്ചയാവുകയാണ്. ഒക്ടോബർ 23ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സനന്തിന്റെയും റിഷികാന്തിന്റെയും പ്രകടനങ്ങൾക്കൊപ്പം കീർത്തി സുരേഷിന്റെ കഥാപാത്രവും ശ്രദ്ധ നേടുന്നുണ്ട്.
1990കളിലെ ഗ്രാമീണ തമിഴ്നാടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ സൗഹൃദം, ജാതിവിവേചനം, പുരുഷത്വത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണകൾ, ക്വിയർ ഐഡന്റിറ്റി തുടങ്ങിയ വിഷയങ്ങളാണ് കടന്നുവരുന്നത്. ബാല്യകാല സുഹൃത്തുക്കളായ സുബ്ബുവിന്റെയും കാർത്തിയുടെയും ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.

ഡൊറോത്തി. Photo.IMDb
ചിത്രത്തിൽ സുബ്ബുവായി സനന്തും കാർത്തിയായി റിഷികാന്തുമാണ് എത്തുന്നത്. കഥാപാത്രങ്ങളുടെ വൈകാരിക സംഘർഷങ്ങളും ശരീരഭാഷയും സ്വാഭാവികമായി അവതരിപ്പിച്ച ഇരുവരുടെയും പ്രകടനങ്ങൾ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്. പ്രത്യേകിച്ച് സനന്തിന്റെ അഭിനയവും കഥാപാത്രത്തെ അവതരിപ്പിച്ച രീതിയും സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ എടുത്തുപറയപ്പെടുന്നു. ചിത്രത്തിലെ നിർണായക രംഗങ്ങളിൽ ഇരുവരുടെയും പ്രകടനങ്ങൾ കഥയുടെ വൈകാരികത വർധിപ്പിക്കുന്നതായും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
കീർത്തി സുരേഷിന്റെ കഥാപാത്രവും ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. സ്ക്രീൻ സമയം കുറവാണെങ്കിലും കഥാപാത്രത്തിന്റെ സാന്നിധ്യം കഥയിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. കഥാപാത്രത്തിന്റെ പ്രസക്തി അത് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന സമയത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും സിനിമയുടെ തുടർന്നുള്ള സംഭവങ്ങളിലേക്കും പ്രമേയത്തിലേക്കും അതിന്റെ സ്വാധീനം നീളുന്നുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.
ഇളയരാജയുടെ സംഗീതവും ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കഥയുടെ വൈകാരികത വർധിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ദൃശ്യാവിഷ്കാരവും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഇടംപിടിക്കുന്നുണ്ട്. പ്രേതേകിച്ച് സിനിമയുടെ അവസാന ഭാഗങ്ങളിൽ വരുന്ന പശ്ചാത്തല സംഗീതത്തിലോട്ട് പ്രേക്ഷകരെ പിടിച്ചിരുത്താനും ഇമോഷണലാകാനും ഇളയരാജക്ക് സാധിക്കുന്നുണ്ട്. പ്രായം കൂടുതോറും വീര്യം കൂടുന്ന സംഗീതമാണ് ഇളയരാജയുടേത് എന്ന് പറയുന്നവരുമുണ്ട്.
തിയറ്റർ റിലീസിന് പിന്നാലെ ചിത്രത്തിലെ ക്വിയർ പ്രമേയത്തെച്ചൊല്ലി വലിയ ചർച്ചകൾ ഉയർന്നിരുന്നു. ഇപ്പോൾ ഒ.ടി.ടിയിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയതോടെ സിനിമയുടെ പ്രമേയവും അഭിനേതാക്കളുടെ പ്രകടനങ്ങളും വീണ്ടും ചർച്ചയാകുകയാണ്.

ഡൊറോത്തി. Photo. IMDb
സമൂഹത്തിന്റെ പൊതുധാരണയെ ഇല്ലാതാകുന്ന പല കാര്യങ്ങളും സിനിമക്കുള്ളിലുണ്ട്. തന്റെ സിനിമാ ജീവിതത്തിൽ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധിക്കുന്ന സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നൊന്നും അത് ഡൊറോത്തിയിലൂടെ സാധ്യമായെന്നും സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് പറഞ്ഞിരുന്നു.
Content Highlight: The Tamil film ‘Dorothy’, directed by Karthik Subbaraj, is once again a topic of discussion following its release on an OTT platform
