രോമാഞ്ചം, ആവേശം എന്നീ സിനിമകൾക്ക് ശേഷം ജിത്തു മാധവൻ സൂര്യയെ നായകനാക്കി ഒരുക്കുന്ന തമിഴ് ചിത്രമാണ് ‘സീൻ’. ഇപ്പോഴിതാ നായകനായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നസ്ലെനെ വില്ലനായി അവതരിപ്പിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് സംവിധായകൻ ജിത്തു മാധവൻ. കണ്ടാൽ ഒരിക്കലും വില്ലത്തരങ്ങൾ ചെയ്യുമെന്ന് തോന്നാത്ത, എന്നാൽ അത്തരമൊരു കഥാപാത്രമായി എത്തുമ്പോൾ പ്രേക്ഷകരിൽ ഞെട്ടലുണ്ടാക്കുന്ന മുഖമായിരിക്കണം വില്ലന്റേതെന്ന് ആദ്യം ചിന്തിച്ചിരുന്നതായി ജിത്തു പറയുന്നു. അങ്ങനെയൊരു മുഖത്തെക്കുറിച്ച് ആലോചിച്ചപ്പോൾ മനസിലേക്ക് ആദ്യം വന്നത് നസ്ലെനായിരുന്നുവെന്നും ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ ജിത്തു മാധവൻ പറഞ്ഞു.
‘ആദ്യം ഈ സിനിമയിലെ വില്ലൻ ഒരു പുതിയ മുഖമായിരിക്കണമെന്നാണ് ഞാൻ ചിന്തിച്ചത്. കണ്ടാൽ ഒരിക്കലും ഇങ്ങനെയൊക്കെ ചെയ്യുമെന്ന് തോന്നാത്ത, എന്നാൽ അയാൾ അതൊക്കെ ചെയ്യുമ്പോൾ പ്രേക്ഷകർക്ക് ഞെട്ടൽ അനുഭവപ്പെടുന്ന തരത്തിലുള്ള ഒരു മുഖം. അങ്ങനെയൊരാളെക്കുറിച്ച് ചിന്തിച്ചപ്പോൾ പെട്ടെന്ന് മനസിൽ വന്നത് നസ്ലെന്റെ മുഖമായിരുന്നു,’ ജിത്തു പറഞ്ഞു.

ജിത്തുമാധവൻ. Photo. ScreenGrab/ Youtube
എന്നാൽ ആ സമയത്ത് നസ്ലെൻ നായകനായി തിളങ്ങിനിൽക്കുന്ന ഘട്ടമായിരുന്നു. ‘പ്രേമലു’ വലിയ വിജയമായതോടെ കരിയറിൽ വലിയ പ്രതീക്ഷകളോടെ മുന്നോട്ടുപോകുകയായിരുന്നു താരം. അങ്ങനെയൊരു സമയത്ത് നസ്ലെൻ വില്ലൻ വേഷം ചെയ്യാൻ തയ്യാറാകുമോ എന്ന സംശയം തനിക്കുണ്ടായിരുന്നുവെന്നും ജിത്തു പറഞ്ഞു.
‘ആ സമയത്ത് നസ്ലെൻ ഒരു ഹീറോയാണ്. ‘പ്രേമലു’ വലിയ ഹിറ്റായി മാറിയിരുന്നു. മലയാള സിനിമയിലെ അടുത്ത വലിയ താരമായി വളർന്നുവരുന്ന സമയമായിരുന്നു അത്. അങ്ങനെയുള്ളപ്പോൾ നസ്ലെൻ ഈ വേഷം ചെയ്യാൻ തയ്യാറാകുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു,’ജിത്തു വ്യക്തമാക്കി.
പക്ഷേ, കഥ പറഞ്ഞുകൊടുത്തതോടെ നസ്ലെന് കഥാപാത്രം ഇഷ്ടമായി. കഥാപാത്രത്തിന്റെ സ്വഭാവവും അതിനെ ഏത് തലത്തിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്നും താരത്തിന് മനസിലായെന്നും ജിത്തു വ്യക്തമാക്കി. പിന്നീട് ഇരുവർക്കും മുന്നിലുണ്ടായിരുന്ന പ്രധാന പ്രശ്നം ഡേറ്റിന്റെ കാര്യമായിരുന്നുവെന്നും ജിത്തു കൂട്ടിച്ചേർത്തു.
‘കഥ പറഞ്ഞുകൊടുത്തപ്പോൾ അവനും അത് ഇഷ്ടമായി. ഈ കഥാപാത്രം എന്താണെന്നും അതിനെ ഏത് തലത്തിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്നും അവന് മനസിലായി. പിന്നീട് ആകെ ഉണ്ടായിരുന്ന പ്രശ്നം ഡേറ്റിന്റെ കാര്യത്തിലായിരുന്നു. എന്നാൽ മറ്റാരെയും നോക്കേണ്ടെന്നും താൻ തന്നെ ഈ കഥാപാത്രം ചെയ്യാമെന്നും നസ്ലിൻ എന്നോട് പറഞ്ഞു. അങ്ങനെയാണ് അവന്റെ ഡേറ്റ് അനുസരിച്ച് ഷെഡ്യൂൾ പ്ലാൻ ചെയ്തത്. എല്ലാവരും കൂടി ആയപ്പോൾ സെറ്റ് മുഴുവൻ ഫൺ മൂടായിരുന്നു,’ ജിത്തു മാധവൻ പറഞ്ഞു.

സീൻ. Photo. IMDb
സൂര്യ, നസ്രിയ നസീം, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് സീൻ. ആക്ഷൻ കോമഡി ഴോണറിൽ എത്തുന്ന ചിത്രത്തിൽ ഡി.എസ്.പി ഇമ്പരാജായിട്ടാണ് സൂര്യ എത്തുന്നത്. ചിത്രം നവംബർ 6ന് തിയേറ്ററുകളിലെത്തും.
Content Highlight: Director Jithu Madhavan discusses the decision to cast Naslen—who won the audience’s affection as a lead actor as a villain in the film ‘Scene’
