നടന് സൗബിന് ഷാഹിറിന്റെ അഭിനയശൈലിയെയും കഥാപാത്രങ്ങളെ സമീപിക്കുന്ന രീതിയെയും കുറിച്ച് സംസാരിക്കുകയാണ് സംവിധായകന് ജിത്തു മാധവന്. സൗബിന് അധികം തയ്യാറെടുപ്പുകള്‍ നടത്തുന്നതായി നമ്മള്‍ക്ക് തോന്നില്ലെന്നും ക്യാമറയ്ക്ക് മുന്നില്‍ വളരെ സ്വാഭാവികമായി ബിഹേവ് ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ രീതിയെന്നും ജിത്തു മാധവന് പറഞ്ഞു.
തന്റെ പുതിയ ചിത്രമായ സീനുമായി ബന്ധപ്പെട്ട ്ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രോമാഞ്ചം’ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവങ്ങളും ജിത്തു പങ്കുവെച്ചു.
ചിത്രത്തിലെ കഥാപാത്രങ്ങള്‍ തമ്മില്‍ പ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും അത് സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടാത്തവിധം എല്ലാവരും തമ്മിലുള്ള കെമിസ്ട്രി രൂപപ്പെടുത്താന്‍ സൗബിന് കഴിഞ്ഞുവെന്നും ജിത്തു മാധവന് പറഞ്ഞു.

‘സൗബിന്റെ കാര്യം പറഞ്ഞാല്‍ അദ്ദേഹം അങ്ങനെ പ്രിപ്പയര്‍ ചെയ്യുകയേ ഇല്ല. അല്ലെങ്കില്‍ നമ്മള് അദ്ദേഹം പ്രിപ്പയര്‍ ചെയ്യുന്നത് കാണില്ല. പക്ഷേ ഫ്രെയിമിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് അത്രയും റിയലായി നമുക്ക് ഫീല്‍ ചെയ്യും.
‘രോമാഞ്ചം’ ചെയ്യുമ്പോള്‍ അതിലെ കഥാപാത്രങ്ങളുടെ പ്രായം തമ്മില്‍ നല്ല വ്യത്യാസമുണ്ട്. തുടക്കത്തില്‍ എനിക്ക് തന്നെ സംശയമുണ്ടായിരുന്നു ഇത് എങ്ങനെയാണ് ആളുകള്‍ക്ക് ഫീല്‍ ചെയ്യുകയെന്ന്. കാരണം പ്രായവ്യത്യാസം അത്രയുമുണ്ടല്ലോ.
എന്നാല്‍ ഷൂട്ടിന്റെ മൂന്നാം ദിവസം സൗബിന് മറ്റുള്ളവരുമായി ഇടപഴകുന്ന രീതി തന്നെ മാറി. നാലാമത്തെ ദിവസമാകുമ്പോഴേക്കും ഇവര്‍ തമ്മില്‍ ഭയങ്കരമായി ജെല്‍ ആയി. എല്ലാവരും അത്രയും ഫ്രണ്ട്ലിയായി. ആ കെമിസ്ട്രിയാണ് സിനിമയെയും സ്വാധീനിച്ചത്,’ ജിത്തു പറഞ്ഞു.

കഥാപാത്രങ്ങള്‍ തമ്മിലുള്ള സൗഹൃദം സിനിമയ്ക്ക് ഏറെ പ്രധാനമായിരുന്നുവെന്നും അത് സാധ്യമാക്കുന്നതില്‍ സൗബിന് വലിയ പങ്കുവഹിച്ചുവെന്നും ജിത്തു കൂട്ടിച്ചേര്‍ത്തു. കഥാപാത്രങ്ങളെ വിശകലനം ചെയ്യുന്നതിലും സീനുകളെയും സംഭാഷണങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതിലുമുള്ള സൗബിന്റെ രീതി എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മള് സിനിമയിലെ സീനും ഡയലോഗുമൊക്കെ ഡിസ്കസ് ചെയ്യുമ്പോള്‍, എന്തെങ്കിലും പഞ്ചായതോ ഫണ്ണായതോ ആയ ഡയലോഗുകള്‍ വരുമ്പോള്‍ അത് ഇവന് പറഞ്ഞാല്‍ നന്നായിരിക്കുമെന്ന് സൗബിന് പറയും. ഒരുപക്ഷേ അത് അദ്ദേഹത്തിന് വെച്ച് ഡയലോഗാവും. അപ്പോള്‍ പോലും അത് മറ്റൊരാള്‍ പറയുമ്പോഴാണ് കുറച്ച് കൂടി നന്നാവുകയെന്ന് സൗബിന് പറയുമായിരുന്നു. അദ്ദേഹം വളരെ നാച്ചുറലായിട്ടുള്ള ആളാണ്. കഥാപാത്രത്തിനനുസരിച്ച് പെരുമാറുകയാണ് അദ്ദേഹം,’ ജിത്തു വ്യക്തമാക്കി.
Content Highlight: I Had My Doubts About Casting Soubin in ‘Romancham’ Too jithu madhavan
