ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടി-20 പരമ്പരയില മൂന്നാം മത്സരവും വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വെല്ലിങ്ടൺ റീജിയണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് അടിച്ചെടുത്തത്. നിലവിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി അതിവേഗം വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ സഞ്ജു സാംസൺ തന്റെ ഓപ്പണിങ് പൊസിഷൻ യുവതാരം വൈഭവ് സൂര്യവംശിക്ക് കൈമാറിയിരുന്നു. സഞ്ജു മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തത്. ടീമിന് വേണ്ടി ഏത് പൊസിഷനിലും കളിക്കാൻ തയ്യാറാവുന്ന സഞ്ജുവിന്റെ ഈ പ്രവർത്തിയെ അഭിഷേക് ശർമ മത്സരശേഷം പ്രശംസിക്കുകയും ചെയ്തു.

സഞ്ജു ഒരു നിസ്വാർത്ഥ മനോഭാവമുള്ള താരമാണെന്നും ടീം മുഴുവൻ ഇത്തരത്തിലൊരു മനോഭാവം കാണിക്കുന്നുണ്ടെന്നുമാണ് അഭിഷേക് ശർമ പറഞ്ഞത്.

‘ഇന്ന് ഞങ്ങളാണ് ഓപ്പൺ ചെയ്തത്. ടീമിലെ എല്ലാവർക്കും നിസ്വാർത്ഥ മനോഭാവമുണ്ട്. ടീമിലെ ഈ അന്തരീക്ഷം എല്ലാവർക്കും കാര്യങ്ങൾ എളുപ്പമാക്കും. സഞ്ജു ഭായിയെ പോലെ എല്ലാവരും സ്വന്തം സ്ഥാനം വിട്ടുനൽകി ടീമിന് വേണ്ടി കളിക്കാൻ തയ്യാറാണ്. ടീം മുഴുവൻ അങ്ങനെയൊരു മനോഭാവമാണ് കാണിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ സഞ്ജു ഭായ് ഇന്നിങ്‌സ് കെട്ടിപ്പടുത്തത് പോലെ ഓരോ താരങ്ങളും സ്വന്തം ഉത്തരവാദിത്തം മനസിലാക്കി കളിക്കുന്നുണ്ട്,’ അഭിഷേക് ശർമ പറഞ്ഞു.

അതേസമയം മത്സരത്തിൽ വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയും വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്.

ആദ്യ വിക്കറ്റിൽ 133 റൺസിന്റെ കൂട്ടുകെട്ടുമായാണ് ഇരുവരും കളത്തിൽ തകർത്താടിയത്. 19 പന്തിൽ നിന്ന് നാല് സിക്‌സും നാല് ഫോറും ഉൾപ്പെടെ 45 റൺസ് നേടിയാണ് വൈഭവ് മടങ്ങിയത്. 236.84 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

പവർ പ്ലേയിൽ മികച്ച വെടിക്കെട്ട് പ്രകടനമാണ് ഇരുവരും നടത്തിയതും. വിക്കറ്റ് നഷ്ടപ്പെടുത്താതെ 118 റൺസാണ് ആദ്യ ആറ് ഓവറിൽ ഇന്ത്യ നേടിയത്. അതിവേഗം ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതിൽ വലിയ പങ്കാണ് അഭിഷേക് ശർമ വഹിച്ചത്.

സെഞ്ച്വറി നേടിയാണ് താരം കരുത്തുകാട്ടിയത്. 38 പന്തിൽ 11 സിക്‌സും ഒമ്പത് ഫോറും ഉൾപ്പെടെ 113 റൺസ് നേടിയാണ് അഭിഷേക് മടങ്ങിയത്. നേരിട്ട 35ാം പന്തിൽ ഫോർ നേടി 103 റൺസ് പൂർത്തിയാക്കിയാണ് അഭിഷേക് തന്റെ നാലാം ടി-20 സെഞ്ച്വറി പൂർത്തിയാക്കിയത്.

ഒക്ടോബർ 30നും നവംബർ ഒന്നിനുമാണ്‌ പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരം നടക്കുന്നത്. രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ന്യൂസിലാൻഡിന്റെ മണ്ണിൽ പരമ്പര തൂത്തുവാരാനായിരിക്കും ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും ലക്ഷ്യം.

 

Content Highlight: Abhishek Sharma praise Sanju Samson selfless character