തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഒറ്റമൂലിയല്ല കിഫ്ബിയെന്നും, കിഫ്ബി വരുന്നതിന് മുൻപും കേരളത്തിൽ ലോകം അത്ഭുതപ്പെടുന്ന വൻകിട വികസന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ.

കിഫ്ബി വരുന്നതിനു മുൻപ് തന്നെ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ) പോലുള്ള വിസ്മയങ്ങൾ കേരളത്തിലുണ്ടായി. കെ. കരുണാകരൻ മുൻകൈയെടുത്ത് നിർമ്മിച്ച ഗോശ്രീ പാലം, കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം, തിരുവനന്തപുരത്തെ ടെക്നോപാർക്ക്, കൊച്ചിയിലെ ഇൻഫോപാർക്ക്, കൊച്ചി മെട്രോ, കണ്ണൂർ എയർപോർട്ട്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, മെഡിക്കൽ കോളേജുകൾ എന്നിവയൊന്നും കിഫ്ബിയുടെ ഭാഗമായി ഉണ്ടായതല്ലെന്നും, വിദേശത്തുനിന്ന് ഒരാൾ കേരളത്തിലേക്ക് വരുമ്പോൾ വിസ്മയം കൊള്ളുന്നത് കിഫ്ബിക്ക് മുൻപ് നടപ്പിലാക്കിയ ഇത്തരം ചരിത്രപരമായ പദ്ധതികൾ കണ്ടിട്ടാണെന്നും അദ്ദേഹം നിയസമസഭയിൽ പറഞ്ഞു.

ഇതോടൊപ്പം കിഫ്ബി ഫണ്ട് വിനിയോഗത്തിൽ കടുത്ത രാഷ്ട്രീയ വിവേചനമാണ് കാണിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു. താൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് 2018-ലോ മറ്റോ അനുവദിച്ച പാലത്തിന്റെ ഭരണാനുമതി (എ.എസ്) ലഭിച്ചത് ഇപ്പോൾ മാത്രമാണ്. തന്റെ മണ്ഡലത്തിൽ സ്കൂൾ കെട്ടിടം പണിയാൻ ഓരോ കോടി രൂപ വീതം ആകെ ഏഴോ എട്ടോ കോടി രൂപ അനുവദിച്ചപ്പോൾ, തൊട്ടടുത്തുള്ള മുൻ വ്യവസായ മന്ത്രിയുടെ മണ്ഡലമായ കളമശ്ശേരിക്ക് മാത്രം 800 കോടി രൂപയാണ് നൽകിയതെന്ന് അദ്ദേഹം വിമർശിച്ചു.

വിദഗ്ധ സമിതി റിപ്പോർട്ട് തികച്ചും ഞെട്ടിപ്പിക്കുന്നതാണെന്നും, അതൊരു കോർപ്പറേറ്റ് വത്ക്കരണ അജണ്ടയാണെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. മുൻപ് കിഫ്ബിയുടെ കടമെടുപ്പിനെ എതിർക്കുകയും, സോവറിൻ ഗ്യാരണ്ടി നൽകരുതെന്നും അവരെക്കൊണ്ട് വായ്പ എടുപ്പിക്കരുതെന്നും രേഖാമൂലം കുറിപ്പെഴുതിയ ധനകാര്യമന്ത്രിയാണ് ഇപ്പോൾ അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ മുന്നിൽ നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ഇത് ദോഷകരമായി ബാധിക്കും എന്നതുകൊണ്ടാണ് അന്ന് അദ്ദേഹം അങ്ങനെ പറഞ്ഞത്. സാധാരണ ഒരു സർക്കാർ വകുപ്പിൽ ഒരു പ്യൂണിനെയോ ക്ലർക്കിനെയോ നിയമിക്കണമെങ്കിൽപ്പോലും ധനവകുപ്പിന്റെ അനുമതി വേണം. എന്നാൽ സർക്കാരിനോ ധനവകുപ്പിനോ ഒരു നിയന്ത്രണവുമില്ലാതെ പ്രത്യേക സാമ്രാജ്യം പോലെ കിഫ്ബിയെ വളർത്തുകയും, ഉയർന്ന ശമ്പളത്തിൽ ആളുകളെ നിയമിക്കാനും തോന്നിയ പലിശയ്ക്ക് ഇഷ്ടാനുസരണം ലോൺ എടുക്കാനും അനുമതി നൽകുകയും ചെയ്തു’ അദ്ദേഹം വിമർശിച്ചു.

ഫിനാൻസ് സെക്രട്ടറിയുടെയും ധനകാര്യ വകുപ്പിന്റെയും നിർദേശങ്ങളെ പുച്ഛത്തോടെ തള്ളിക്കളഞ്ഞാണ് ഇതെല്ലാം ചെയ്തത്. കിഫ്ബിയെ പൂർണമായും ധനവകുപ്പിന്റെയും സർക്കാരിന്റെയും നിയന്ത്രണത്തിൽ കൊണ്ടുവരുമെന്നും ആർക്കും പ്രത്യേക സാമ്രാജ്യം ഉണ്ടാക്കാൻ ഇനി അനുവാദം നൽകില്ലെന്നും അദ്ദേഹം സഭയിൽ പ്രഖ്യാപിച്ചു.

70,000 കോടി രൂപയുടെ ബാധ്യത വെറും 25 കൊല്ലം കൊണ്ട് വീട്ടാൻ കഴിയില്ലെന്നും, കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുള്ള മൂവായിരവും നാലായിരവും കോടി രൂപ കൊണ്ട് ഈ കടം തീർക്കാനാവാതെ വീണ്ടും കടമെടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വർഷവും പതിനായിരം കോടി രൂപ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് കുറയുന്ന അവസ്ഥയാണെന്നും, നാലാം ക്വാർട്ടർ എത്തുമ്പോൾ കടമെടുക്കാൻ കഴിയാതെ ധനവകുപ്പും സർക്കാരും ശ്വാസംമുട്ടുന്ന സാമ്പത്തിക അബദ്ധമാണ് കാണിച്ചു വെച്ചിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

അതേസമയം, കിഫ്ബിയെ പൂർണമായി ഇല്ലാതാക്കരുത് എന്ന് മുൻ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ സഭയിൽ ശക്തമായി വാദിച്ചു.

നാഷണൽ ഹൈവേ അതോറിറ്റിക്കും മറ്റ് ഏജൻസികൾക്കും നൽകിയതുപോലെ സംസ്ഥാനത്തിന് അർഹമായത് തിരികെ ലഭിച്ചാൽ ആ നേട്ടം കേരളത്തിന് തന്നെയാകും ഉണ്ടാവുക. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘വിഴിഞ്ഞം റിംഗ് റോഡ് ഉൾപ്പെടെ വ്യവസായ വികസനത്തിനായി അയ്യായിരം ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. നമ്മുടെ പൂർവികർ ഏറ്റെടുത്തു വെച്ച ഭൂമിയാണ് നമ്മൾ ഇന്നും സെക്രട്ടേറിയറ്റിന് മുന്നിലും തിരുവനന്തപുരത്തെ മറ്റു പലയിടങ്ങളിലും ഉപയോഗിക്കുന്നത്, അതിന്റെയൊന്നും വില കുറഞ്ഞിട്ടില്ല. വലിയ വിമാനത്താവളങ്ങൾ ഉൾപ്പെടെ വരുന്ന സ്ഥലങ്ങളിൽ വ്യവസായത്തിനായി ഭൂമി ഏറ്റെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പാലക്കാട് എം.എൽ.എയോ അങ്കമാലി എം.എൽ.എയോ എൽ.ഡി.എഫ് അല്ലാത്തതുകൊണ്ട് അവിടെ ഭൂമി ഏറ്റെടുക്കാതിരുന്നിട്ടില്ല. വികസന കാര്യങ്ങളെ രാഷ്ട്രീയമായി കണ്ട് മുന്നോട്ട് പോകരുത്’ ബാലഗോപാൽ പറഞ്ഞു.

ഇപ്പോൾ പലയിടത്തും വികസന പ്രവർത്തനങ്ങൾ പൂർണമായും നിലച്ചുനിൽക്കുന്ന (സ്റ്റാൻഡ് സ്റ്റിൽ) അവസ്ഥയാണുള്ളതെന്നും എം.എൽ.എമാർ ഇത് നേരിട്ട് അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിന്മേൽ സമഗ്രമായ ചർച്ച ആവശ്യമാണെന്നും, ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഒരിക്കലും ഒളിച്ചോടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷത്തേക്കാൾ കൂടുതൽ സംസാരിക്കാൻ സമയം ലഭിക്കുന്നത് ഭരണപക്ഷത്തിനാണ്. അതിനാൽ, നിയമസഭയിൽ കിഫ്ബി വിഷയത്തിൽ അടിയന്തര പ്രമേയം അംഗീകരിച്ച് വ്യക്തമായ ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്നും കെ. എൻ. ബാലഗോപാൽ വ്യക്തമാക്കി.

Content Highlight:KIIFB is not the sole panacea for infrastructure development; Kerala has achieved remarkable feats even before its time: V.D. Satheesan.