ന്യൂദല്‍ഹി: ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ പ്രകാരം കേസെടുക്കുന്ന വിദേശ പൗരന്മാര്‍ക്കെല്ലാം ജാമ്യം നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. രാജ്യത്തേക്ക് അനുമതിയില്ലാതെ അല്ലെങ്കില്‍ അനധികൃതമായി പ്രവേശിച്ച വിദേശികള്‍ക്ക് മാത്രമാണ് നിയമപ്രകാരമുള്ള കടുത്ത ജാമ്യവിലക്ക് ബാധകമാകുകയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.

ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നിയമപരമായ വിസയില്‍ ഇന്ത്യയിലെത്തിയ ശേഷം പിന്നീട് വിസയുടെ കാലാവധി കഴിയുകയോ താമസം നിയമവിരുദ്ധമാവുകയോ ചെയ്തതുകൊണ്ട് മാത്രം ഒരാളെ ഈ കര്‍ശന വ്യവസ്ഥയുടെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ശ്രീലങ്കന്‍ പൗരനായ മുഹമ്മദ് റിഫാസിന് മദ്രാസ് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഉത്തരവ്. രാജ്യത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് എന്‍.ഐ.എ എടുത്ത കേസിലെ പ്രതിയാണ് റിഫാസ്.

റിഫാസ് ഇന്ത്യയിലേക്ക് കടന്നത് സാധുവായ വിസയിലാണെന്നും, പിന്നീട് വിസ കാലാവധി കഴിഞ്ഞതാണ് താമസത്തെ അനധികൃതമാക്കിയതെന്നും കോടതി നിരീക്ഷിച്ചു. യു.എ.പി.എ സെക്ഷന്‍ 43(7) പ്രകാരമുള്ള കടുത്ത ജാമ്യവിലക്ക് ചുമത്തണമെങ്കില്‍, പ്രതി രാജ്യത്തേക്ക് കടന്നത് തന്നെ അനധികൃതമായിട്ടാണെന്ന് പ്രോസിക്യൂഷന്‍ പ്രഥമദൃഷ്ട്യാ തെളിയിക്കണം. ഇതിനുപുറമെ, കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ പ്രതിക്ക് ലഭിക്കുന്ന ‘ഡിഫോള്‍ട്ട് ജാമ്യം’ തടയാന്‍ വിദേശ പൗരത്വവുമായി ബന്ധപ്പെട്ട ഈ വ്യവസ്ഥകള്‍ക്ക് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Content Highlight: Bail cannot be denied to all foreign offenders under the UAPA; illegal entry is the criterion: Supreme Court