ന്യൂദൽഹി: ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാല പരിസരത്ത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) പ്രകാരമുള്ള സെക്ഷൻ 163 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. ചൊവ്വാഴ്ച മുതലായിരുന്നു നിയന്ത്രണങ്ങൾ ശക്തമാക്കിയത്.

കാമ്പസിലേക്ക് കടക്കാനുള്ള ബദൽ വഴികളെല്ലാം അടച്ചുപൂട്ടിയതോടൊപ്പം ജനങ്ങൾ കൂട്ടംകൂടുന്നതും പ്രതിഷേധ പരിപാടികൾ നടത്തുന്നതും നിരോധിക്കുകയും ചെയ്തു.

സമരം ചെയ്യുന്ന വിദ്യാർത്ഥികളും സർവകലാശാലാ ഭരണസമിതിയും തമ്മിൽ രണ്ടാഴ്ചയോളമായി നിലനിന്ന തർക്കം ഒത്തുതീർപ്പാക്കാൻ നടത്തിയ ശ്രമങ്ങൾ പാളിയതിന് തൊട്ടുപിന്നാലെയാണ് ഈ കർശന നടപടി ഉണ്ടായത്.

കെട്ടിടം ഒഴിഞ്ഞുപോയില്ലെങ്കിൽ അച്ചടക്കനടപടിയും നിയമപരമായ പ്രത്യാഘാതങ്ങളും നേരിടേണ്ടിവരുമെന്ന് സർവകലാശാലാ അധികൃതർ തലേദിവസം തന്നെ അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ നൂറോളം വരുന്ന വിദ്യാർത്ഥികൾ ഗുലിസ്താൻ-ഇ-ഗാലിബ് കെട്ടിടത്തിൽ തന്നെ കുത്തിയിരുന്ന് സമരം മുന്നോട്ട് കൊണ്ടുപോവുകയാണ്.

‘രാവിലെ എട്ട് മണിയോടെ, 35 പേരടങ്ങുന്ന വനിതാ ജീവനക്കാരുടെ ഒരു സംഘം കെട്ടിടത്തിനുള്ളിലേക്ക് കടന്ന് സമരം ചെയ്യുന്ന വിദ്യാർത്ഥിനികളോട് സംസാരിക്കാനും അവരെ പിന്തിരിപ്പിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ കെട്ടിടം വിട്ടുപോകാൻ അവർ കൂട്ടാക്കിയില്ല,’ എന്ന് സർവകലാശാലാ വക്താവ് പറഞ്ഞു.

വൈകുന്നേരം നാലുമണിയോടെ, ഗാലിബ് ലോണിൽ നിന്ന് തൊട്ടടുത്തുള്ള ഗേറ്റ് നമ്പർ ഏഴിലേക്ക് നീങ്ങി വിദ്യാർത്ഥികൾ അരമണിക്കൂറോളം നീണ്ട പ്രതിഷേധ പ്രകടനം നടത്തി. ഉടൻ തന്നെ ജാമിയയിലെ സുരക്ഷാ ജീവനക്കാർ ഇടപെട്ട് ഇവരെ അവിടെനിന്ന് പിരിച്ചുവിട്ടു.

പ്രതിഷേധം നടക്കുന്ന ഗേറ്റ് നമ്പർ 18-ന് ഏറ്റവും അടുത്തുള്ള ഗേറ്റ് നമ്പർ ഏഴ് അടക്കം പ്രധാന കവാടങ്ങളെല്ലാം നിലവിൽ അടച്ചിട്ടിരിക്കുകയാണ്. പ്രദേശത്ത് സെക്ഷൻ 163 ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രകടനങ്ങളും ഒത്തുചേരലുകളും നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി ദൽഹി പൊലീസ് മുന്നറിയിപ്പ് പോസ്റ്ററുകൾ കവാടങ്ങളിൽ പതിപ്പിച്ചിട്ടുണ്ട്. കൂടാതെ, കർശന നിയന്ത്രണങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ മൈക്കിലൂടെ ദിവസം മുഴുവൻ പൊലീസ് വിളിച്ചുപറയുകയും ചെയ്യുന്നുണ്ട്.

ജാമിയ മില്ലിയ ഇസ്‌ലാമിയ ക്യാമ്പസിന് ചുറ്റും നിരോധനാജ്ഞ നടപ്പിലാക്കിയിട്ടുണ്ടെന്ന് സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വിനീത് കുമാർ സ്ഥിരീകരിച്ചു. അതേസമയം ചൊവ്വാഴ്ച ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും, തിങ്കളാഴ്ച കരുതൽ തടങ്കലിൽ വെച്ച 46 പേരിൽ ഭൂരിഭാഗം പേരെയും പിന്നീട് വിട്ടയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആൺകുട്ടികളുടെ ഹോസ്റ്റലുകളെ സർവകലാശാലയുടെ നോർത്ത് കാമ്പസുമായി ബന്ധിപ്പിച്ചിരുന്ന ഗേറ്റ് നമ്പർ 4C ഒരു പുതിയ മതിൽ നിർമ്മിച്ച് പൂർണമായി അടച്ചുപൂട്ടിയതായി ഒരു ബിരുദ വിദ്യാർത്ഥി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

‘കെട്ടിടത്തിന് അകത്തുള്ള വിദ്യാർത്ഥികളെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത വിധം ഒറ്റപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. അവിടത്തെ ശൗചാലയങ്ങളിലേക്കുള്ള വെള്ളം വിച്ഛേദിച്ചു, കാന്റീനുകൾ പൂട്ടിയിട്ടു. പ്രദേശത്ത് ബി.എൻ.എസ്.എസ് സെക്ഷൻ 163 നിലനിൽക്കുന്നതിനാൽ അകത്തിരിക്കുന്ന സഹപാഠികൾക്ക് ഭക്ഷണവും കുടിവെള്ളവും എത്തിച്ചുനൽകാൻ പോലും പുറത്തുള്ള വിദ്യാർത്ഥികൾക്ക് സാധിക്കുന്നില്ല,’ എന്നും ആ വിദ്യാർത്ഥി കൂട്ടിച്ചേർത്തു.

എങ്കിലും, 2006 മുതൽ സർവകലാശാലയിൽ നിലച്ചുപോയ വിദ്യാർത്ഥി യൂണിയൻ പുനസ്ഥാപിക്കണമെന്ന പ്രധാന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന വിദ്യാർത്ഥികൾ, തങ്ങളുടെ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും പൂർണമായി പരിഹരിക്കപ്പെടുന്നത് വരെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്.

രണ്ട് പതിറ്റാണ്ടിന് ശേഷം വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് തിരികെ കൊണ്ടുവരാൻ തയ്യാറാണെന്ന് തിങ്കളാഴ്ച ഭരണകൂടം അറിയിച്ചിരുന്നു. വിദ്യാർത്ഥികളുടെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്ന് അവർ അംഗീകരിച്ചെങ്കിലും, വോട്ടെടുപ്പ് എപ്പോൾ നടക്കുമെന്ന കൃത്യമായ സമയക്രമം പ്രഖ്യാപിക്കാൻ അധികൃതർ തയ്യാറാകാത്തതിനാലാണ് ഈ ഒത്തുതീർപ്പ് ശ്രമം വിജയം കാണാതെ പോയത്.

അതിനിടെ, ദ്വാരകയിലുള്ള സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ ആസ്ഥാനത്ത് സജ്ജീകരിച്ച സി.ബി.എസ്.ഇ എക്സ്പീരിയൻസ് സെന്റർ ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി വിഷയത്തിൽ പ്രതികരിച്ചു.

വിദ്യാർത്ഥികളുമായി നേരിട്ട് ചർച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിക്കാൻ സർവകലാശാലാ ഭരണസമിതി പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ആരും ക്രമസമാധാന നില തകർക്കുന്ന തരത്തിലുള്ള പ്രവൃത്തികളിലേക്ക് കടക്കരുത് എന്നാണ് എനിക്ക് എല്ലാവരോടും അഭ്യർത്ഥിക്കാനുള്ളത്. നിലവിലെ സാഹചര്യങ്ങൾ ജാമിയ ഭരണസമിതി വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ആവശ്യമായ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നുണ്ട്,’ എന്ന് മന്ത്രി വ്യക്തമാക്കി.

Content Highlight:Restrictive orders at Jamia Millia: Gates shut; student protest intensifies.