ന്യൂദൽഹി: ആഴ്ചകൾ നീണ്ട ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിൽ യൂണിയൻ തെരഞ്ഞെടുപ്പ് നടത്താൻ ഭരണകൂടം സമ്മതിച്ചു.

പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ച സസ്‌പെൻഷൻ നടപടികളും കാരണം കാണിക്കൽ നോട്ടീസുകളും പിൻവലിക്കാൻ സർവകലാശാല ഉത്തരവിറക്കി.

എന്നാൽ, തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ തീയതിയോ സമയപരിധിയോ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.

വിദ്യാർത്ഥി യൂണിയൻ ഭരണഘടന അംഗീകരിച്ച് 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് ഒക്ടോബർ 26-ന് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിൽ പറയുന്നത്. തിങ്കളാഴ്ച പുലർച്ചെ 4:30 ഓടെ സമരപ്പന്തലിലെത്തിയ രജിസ്ട്രാർ പ്രൊഫ. മുഹമ്മദ് മഹ്താബ് ആലം റിസ്‌വി ഉത്തരവ് വിദ്യാർത്ഥികൾക്ക് കൈമാറുകയും സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കൂടാതെ, സമരത്തിനിടെ സുരക്ഷാ ജീവനക്കാർ നടത്തിയ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്നും ഉത്തരവിലുണ്ട്.
എന്നാൽ ഭരണകൂടത്തിന്റെ വാഗ്ദാനങ്ങൾ അവ്യക്തമാണെന്ന് വിദ്യാർത്ഥികൾ വിമർശിച്ചു.

യൂണിയൻ ഭരണഘടനയ്ക്ക് എപ്പോൾ അംഗീകാരം ലഭിക്കുമെന്നതിൽ വ്യക്തതയില്ലെന്നും തങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ സർവകലാശാലാ പ്രോക്ടറുടെ രാജി ഉത്തരവിൽ പരാമർശിച്ചിട്ടില്ലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. 2006-ന് ശേഷം സർവകലാശാലയിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.

യൂണിയൻ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസിൽ വിദ്യാർത്ഥികൾ പന്തൽ കെട്ടി തുടങ്ങിയ പ്രതിഷേധം രണ്ടാഴ്ചയിലേറെയായി തുടരുകയാണ്. നാല് വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്.

പ്രതിഷേധം അവസാനിപ്പിക്കാൻ പെൺകുട്ടികളുടെ ഹോസ്റ്റലുകൾ അടച്ചുപൂട്ടാനും വിദ്യാർത്ഥികളെ വീടുകളിലേക്ക് തിരിച്ചയക്കാനും അധികൃതർ നീക്കം നടത്തിയിരുന്നു. ക്യാമ്പസിലെ സംഘർഷാവസ്ഥ മുൻനിർത്തി ക്ലാസുകൾ പൂർണമായി ഓൺലൈൻ രീതിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം, സർവകലാശാലയുടെ പരാതിയെത്തുടർന്ന് കോൺഗ്രസ് എം.പിമാരായ ഇമ്രാൻ മസൂദ്, ഇമ്രാൻ പ്രതാപ്ഗഢി എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ ക്യാമ്പസിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് ദൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlight:Authorities agree to hold elections at Jamia Millia; ambiguity remains regarding assurances, students to continue protest.