ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് കീർത്തി സുരേഷ്. നായികയായി പിന്നീട് അരങ്ങേറിയ കീർത്തി മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡും സ്വന്തമാക്കിയിരുന്നു. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാൻ കീർത്തിക്ക് സാധിച്ചു.

ഇപ്പോഴിതാ നടൻ വിശാഖ് നായരും താനും കസിൻസാണെന്ന് തുറന്നുപറയുകയാണ് നടി കീർത്തി സുരേഷ്. നെറ്റ്ഫ്ലിക്സിന്റെ പുതിയ സീരീസായ ‘അക്ക’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് വിശാഖുമായുള്ള ബന്ധത്തെക്കുറിച്ച് കീർത്തി പറഞ്ഞത്. വിശാഖിനൊപ്പം പ്രണയരംഗങ്ങളിൽ അഭിനയിക്കുക എന്നത് അത്ര ഈസി ആയ കാര്യമായിരുന്നില്ലെന്നും താരം മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അക്ക,കീർത്തി സുരേഷ്. Photo. Screen Grab/ Youtube.

‘അക്ക’യിൽ വിശാഖ് തന്റെ ജോഡിയായിട്ടാണ് എത്തുന്നതെന്നും, എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞത് സ്ക്രിപ്റ്റ് വായിക്കുന്ന സമയത്താണെന്ന് കീർത്തി പറഞ്ഞു.

‘ഒരു രസകരമായ കാര്യം എന്തെന്നാൽ വിശാഖും ഞാനും കസിൻസാണ്, സെക്കൻഡ് കസിൻസ്. അതുകൊണ്ട് അവനോടൊപ്പം പ്രണയരംഗങ്ങളിൽ അഭിനയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല,’ കീർത്തി പറഞ്ഞു.

വിശാഖ് തന്റെ കസിനാണെന്ന് ആദ്യം പറഞ്ഞത് അവൻ തന്നെയായിരുന്നുവെന്നും കീർത്തി ഓർത്തെടുത്തു. ‘ഒരു പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വിശാഖ് നായർ എന്നോട് നമ്മൾ കസിൻസാണെന്ന് പറഞ്ഞത്. അപ്പോൾ ഞാൻ ചോദിച്ചു, ‘എങ്ങനെയുള്ള ബന്ധമാണ്?’ അവൻ ബന്ധത്തെക്കുറിച്ച് വിശദീകരിച്ചുതന്നു. അത് കേട്ടപ്പോൾ എനിക്ക് ആശ്ചര്യമായി,’ താരം പറഞ്ഞു.

പിന്നീട് സ്ക്രിപ്റ്റ് വായിക്കാനെത്തിയപ്പോഴും ഈ കാര്യം ഓർമയിലുണ്ടായിരുന്നുവെന്ന് കീർത്തി പറയുന്നു.

‘അവൻ എന്നോട് ഇത് പറയാതിരുന്നെങ്കിൽ മതിയായിരുന്നു എന്ന് അപ്പോൾ എനിക്ക് തോന്നി. കാരണം, അതിനുശേഷം ഞാൻ ചെയ്യേണ്ടത് അവനുമായുള്ള ഒരു പ്രണയ രംഗമായിരുന്നു. അപ്പോ അതൊക്കെ ഒരു ഫൺ ആയിട്ടുള്ള ഓര്മയായിരുന്നു എനിക്ക്,’ കീർത്തി സുരേഷ് കൂട്ടിച്ചേർത്തു.

അക്ക. Photo. Screen Grab/ Youtube. Netflix

നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ 30നാണ് ക്രൈം ത്രില്ലർ വെബ് സീരീസായ അക്ക സ്ട്രീമിങ് ആരംഭിക്കുന്നത്. വൈ.ആർ.എഫ് എന്റർടൈൻമെന്റിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിക്കുന്ന സീരീസിൽ കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശക്തരായ സ്ത്രീകളുടെ ഏറ്റുമുട്ടലിന്റെ കഥയാണ് അക്കയിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ ധർമ്മരാജ് ഷെട്ടി പറയുന്നത്.

Content Highlight: Actress Keerthy Suresh reveals that she and actor Vishakh Nair are cousins