തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനിലും രമേശ് ചെന്നിത്തല എസ്.ഐ ആയി ചാർജ് എടുക്കേണ്ട അവസ്ഥയാണെന്ന് സി.പി.ഐ.എം നേതാവ് പി. രാജീവ് പരിഹസിച്ചു. പണവും പ്രാദേശിക രാഷ്ട്രീയ സമ്മർദവുമാണ് നിലവിൽ കേരള പൊലീസിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ചേരാനെല്ലൂരിലെ വാഹനാപകടത്തിൽ മരിച്ചയാളുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തിന് നിരക്കാത്ത വിധം പണവും അധികാരവുമുള്ളവർക്ക് ഒരു നീതിയും സാധാരണക്കാർക്ക് മറ്റൊരു നീതിയും എന്ന നിലയിൽ ഇരട്ടനീതിയാണ് കേരള പൊലീസിൽ നിലനിൽക്കുന്നതെന്നും, ഒരു ജനാധിപത്യ സമൂഹത്തിലെ സേനയല്ലാതായി പൊലീസ് പൂർണമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ചേരാനെല്ലൂർ കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയത് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജുവനൈൽ ജസ്റ്റിസ് ആക്ട് പന്ത്രണ്ടാം വകുപ്പ് പ്രകാരം പ്രതി പുറത്തിറങ്ങിയാൽ ക്രിമിനലുകളുമായി ബന്ധപ്പെടുമെന്നോ, പ്രതിയുടെ ജീവന് ഭീഷണിയുണ്ടെന്നോ, അല്ലെങ്കിൽ നീതിനിർവ്വഹണം തടസപ്പെടുമെന്നോ രേഖാമൂലം ബോധ്യപ്പെടുത്തിയാൽ മാത്രമേ ജുവനൈൽ ബോർഡിന് ജാമ്യം നിഷേധിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
‘എന്നാൽ, ബോർഡിന് മുന്നിൽ ഹാജരായ പൊലീസോ ഗവൺമെന്റ് അഭിഭാഷകനോ ഈ കാര്യങ്ങൾ വ്യക്തമായി ഉന്നയിച്ചില്ല. ജനങ്ങളുടെ പ്രതിഷേധം ഭയന്ന് പ്രതിയുടെ ജീവന് ഭീഷണിയുണ്ടെന്ന വാദമെങ്കിലും നിരത്തിയിരുന്നെങ്കിൽ ജാമ്യം തടയാമായിരുന്നു. പകരം വളരെ ലഘുവായ വകുപ്പുകൾ ചുമത്തി പ്രതിയെ രക്ഷപ്പെടുത്താനാണ് പൊലീസ് ആദ്യം മുതൽ ശ്രമിച്ചത്. പ്രതിഷേധം കനത്തപ്പോൾ മാത്രമാണ് മനപൂർവ്വമല്ലാത്ത നരഹത്യാ വകുപ്പ് ചേർത്തത്’ അദ്ദേഹം വിമർശിച്ചു.
നെടുമ്പാശ്ശേരിയിലെ അപകടത്തിലും എഫ്.ഐ.ആർ ഇടാൻ മണിക്കൂറുകൾ വൈകിയെന്നും പ്രതി മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പോലും തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
അപകടം നടന്നയുടൻ ആരൊക്കെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചതെന്ന് മാധ്യമങ്ങൾ അന്വേഷിച്ചാൽ ഇടപെടലുകൾ പുറത്തുവരും. ആഭ്യന്തരമന്ത്രി നിർദ്ദേശം നൽകിയാലും താഴെത്തട്ടിൽ പ്രാദേശിക രാഷ്ട്രീയ നേതൃത്വവും പണവുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് രാജീവ് പറഞ്ഞു.
പ്രതികളുടെ സ്വാധീനം കാരണം സ്വന്തം കട തുറക്കാൻ പോലും ഭയപ്പെടുന്ന ഈ കുടുംബത്തിന് സർക്കാർ എല്ലാവിധ സംരക്ഷണവും നിയമസഹായവും ഉറപ്പാക്കുമെന്നും പ്രോസിക്യൂഷൻ നടപടികളിലെ വീഴ്ചകൾ തിരുത്തി ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight:Chennithala will have to take charge as the Sub-Inspector at every police station; the force is controlled by money and politics, says P. Rajeev.
