ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള രണ്ട് രാജ്യങ്ങള്‍. വ്യത്യസ്തമായ രാഷ്ട്രീയ സംവിധാനങ്ങള്‍. എന്നാല്‍ ഒരേ സമയം നടക്കുന്ന ഇസ്രഈലിലേയും അമേരിക്കയിലേയും തെരഞ്ഞെടുപ്പുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ചില നിര്‍ണായക ഘടകങ്ങളുണ്ട്. ഇറാനുമായുള്ള യുദ്ധം, ഊര്‍ജവിലയിലെ വര്‍ധന, പശ്ചിമേഷ്യയിലെ അധികാരസമവാക്യങ്ങള്‍, ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, ഭരണാധികാരികളുടെ അധികാരപ്രയോഗം ഇവയെല്ലാം ഈ തെരഞ്ഞെടുപ്പുകളെ ആഭ്യന്തര രാഷ്ട്രീയത്തിനപ്പുറത്തേക്ക് കൊണ്ടുപോകുന്ന ഒന്നാണ്.

ഒക്ടോബര്‍ 27-ന് ഇസ്രഈല്‍ 120 അംഗ നെസെറ്റിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍, നവംബര്‍ 3-ന് അമേരിക്കക്കാര്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളിലേക്കുമുള്ള അംഗങ്ങളെ തെരഞ്ഞെടുക്കും. ഇസ്രഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന്റെ ഭാവി എന്താകുമെന്നത് ചോദ്യമാകുമ്പോള്‍ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കോണ്‍ഗ്രസിലെ നിയന്ത്രണം നിലനിര്‍ത്താനാകുമോ എന്നതാണ് നിര്‍ണായകം.

ഈ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടക്കുന്നു എന്നത് മാത്രമല്ല പ്രധാനം. മറിച്ച് ഒരു രാജ്യത്തെ രാഷ്ട്രീയ മാറ്റം മറ്റൊരു രാജ്യത്തിന്റെ വിദേശനയത്തെ സ്വാധീനിക്കാവുന്ന സാഹചര്യത്തിലാണ് രണ്ടും നടക്കുന്നത് എന്നതുകൂടിയാണ്. പ്രത്യേകിച്ച് ഇറാനുമായുള്ള സംഘര്‍ഷത്തില്‍ അമേരിക്കയുടെയും ഇസ്രഈലിന്റെയും നിലപാടുകള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍, തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെയും സമാധാനശ്രമങ്ങളുടെയും ഗതിയെ സ്വാധീനിച്ചേക്കാം. അതിന്റെ പ്രത്യാഘാതങ്ങള്‍ ആഗോള ഊര്‍ജവിപണിയിലും സമ്പദ് വ്യവസ്ഥയിലും പ്രതിഫലിക്കാനും സാധ്യതയുണ്ട്.

ഇറാന്‍ യുദ്ധം: തെരഞ്ഞെടുപ്പിനപ്പുറം നില്‍ക്കുന്ന നിര്‍ണായക ചോദ്യം

ഇരു തെരഞ്ഞെടുപ്പുകളെയും ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം ഇറാനുമായുള്ള യുദ്ധമാണ്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രഈലും ഇറാനെതിരെ സംയുക്തമായി ആരംഭിച്ച യുദ്ധം ഇറാന്റെ സൈനിക അടിസ്ഥാനസൗകര്യങ്ങള്‍ക്ക് വലിയ നാശമുണ്ടാക്കി. എന്നാല്‍ ഭരണകൂടത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. മാത്രമല്ല ഇറാന്റെ തിരിച്ചടി ഗള്‍ഫ് മേഖലയിലേക്കും വ്യാപിച്ചു. ഹോര്‍മുസ് കടലിടുക്ക് കൂടി അടച്ച് ഇറാന്‍ കരുത്തുകാണിച്ചപ്പോള്‍ യുദ്ധം പ്രാദേശിക സുരക്ഷാ പ്രതിസന്ധി എന്നതില്‍ നിന്ന് മാറി ആഗോള ഊര്‍ജവിതരണത്തെ ബാധിക്കുന്ന പ്രശ്നം കൂടിയായി.

ഇറാനെതിരെ വീണ്ടും ആക്രമണം നടത്തണോ, നയതന്ത്ര ചര്‍ച്ചകളിലൂടെ സംഘര്‍ഷം കുറയ്ക്കണോ എന്ന തീരുമാനം ഇപ്പോള്‍ സൈനിക തന്ത്രത്തിന്റെ മാത്രം ഭാഗമല്ല. ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളുടെ രാഷ്ട്രീയ ഭാവിയുമായും അത് ബന്ധപ്പെട്ടിരിക്കുന്നു.

ഇറാനെതിരായ സൈനിക നടപടികളില്‍ കടുത്ത നിലപാട് സ്വീകരിക്കുന്ന നേതാവെന്ന പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടിയാണ്  ഇസ്രഈലില്‍ നെതന്യാഹു പ്രചാരണം നടത്തുന്നത്. 2023 ഒക്ടോബര്‍ 7-ലെ ആക്രമണത്തിന് പിന്നാലെ ഇസ്രഈലിന്റെ സുരക്ഷാ സംവിധാനങ്ങള്‍ നേരിട്ട പരാജയങ്ങളുടെ പശ്ചാത്തലത്തില്‍, സുരക്ഷ ഉറപ്പാക്കാന്‍ തനിക്ക് മാത്രമേ കഴിയൂ എന്ന വാദം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലനില്‍പ്പിന് പ്രധാനമാണ്.

എന്നാല്‍ അമേരിക്കയില്‍ സ്ഥിതി വ്യത്യസ്തമാണ്. യുദ്ധം തുടരുന്നതിനെക്കുറിച്ചുള്ള ജനങ്ങളുടെ അതൃപ്തിയും ഇന്ധനവിലയിലെ വര്‍ധനയും ട്രംപിന്റെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുന്നതാണ്. യുദ്ധം അവസാനിപ്പിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ ട്രംപിന്, ദീര്‍ഘകാലം നീളുന്ന മറ്റൊരു വിദേശയുദ്ധം ആഭ്യന്തര രാഷ്ട്രീയത്തില്‍ തിരിച്ചടിയാകാം.

തെരഞ്ഞെടുപ്പിനു മുമ്പ് ഇറാനെതിരെ പുതിയ ആക്രമണം നടത്തുന്നതില്‍ നിന്ന് ട്രംപ് നെതന്യാഹുവിനെ പിന്തിരിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇന്ധനവില വീണ്ടും ഉയരുന്നത് അമേരിക്കന്‍ വോട്ടര്‍മാരുടെ അതൃപ്തി വര്‍ധിപ്പിക്കുമെന്ന ആശങ്കയാണ് ഇതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇവിടെ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. തെരഞ്ഞെടുപ്പിനു മുമ്പുള്ള രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ യുദ്ധം നിയന്ത്രിച്ചുനിര്‍ത്തുമോ, അതോ വോട്ടെടുപ്പിനുശേഷം സൈനിക നടപടികള്‍ വീണ്ടും ശക്തമാകുമോ?

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാത്രം യുദ്ധത്തിന്റെ ഭാവി നിര്‍ണയിക്കില്ല. ഇറാന്റെ നിലപാട്, സൈനിക സാഹചര്യം, നയതന്ത്ര ചര്‍ച്ചകള്‍, ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷാ താത്പര്യങ്ങള്‍ എന്നിവയും നിര്‍ണായകമാണ്. എന്നിരുന്നാലും, തെരഞ്ഞെടുപ്പുകള്‍ക്കു മുമ്പും ശേഷവുമുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ സൈനിക തീരുമാനങ്ങളുടെ സമയത്തെയും സ്വഭാവത്തെയും സ്വാധീനിച്ചേക്കാം.

നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി: ഭരണത്തുടര്‍ച്ചയോ പുതിയ അധികാരസമവാക്യമോ?

ഇസ്രഈലിലെ തെരഞ്ഞെടുപ്പ് നെതന്യാഹുവിന്റെ വ്യക്തിപരമായ രാഷ്ട്രീയ ഭാവിയെ മാത്രമല്ല, രാജ്യത്തിന്റെ വിദേശനയത്തിന്റെ ദിശയെയും ബാധിച്ചേക്കാം. 120 അംഗ നെസെറ്റില്‍ ഭൂരിപക്ഷം നേടാന്‍ 61 സീറ്റുകള്‍ ആവശ്യമാണ്. വിവിധ പ്രതിപക്ഷ കക്ഷികള്‍ക്ക് പിന്തുണ വര്‍ധിക്കുന്നുണ്ടെങ്കിലും, നെതന്യാഹുവിനെ അധികാരത്തില്‍നിന്ന് മാറ്റാന്‍ അവര്‍ക്കു വ്യക്തമായ ഭൂരിപക്ഷം രൂപപ്പെടുത്താനാകുമോ എന്നത് നിര്‍ണായകമാണ്. തെരഞ്ഞെടുപ്പിനു മുമ്പുള്ള സര്‍വേകളില്‍ അദ്ദേഹത്തിന്റെ ഭരണസഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെടാനുള്ള സാധ്യതയാണ് സൂചിപ്പിച്ചിരുന്നത്.

ഗാഡി ഐസെന്‍കോട്ട്

മുന്‍ സൈനിക മേധാവി ഗാഡി ഐസെന്‍കോട്ട് നയിക്കുന്ന പ്രതിപക്ഷനിര നെതന്യാഹുവിന് പ്രധാന വെല്ലുവിളിയാണ്. ഒക്ടോബര്‍ 7-ലെ ആക്രമണത്തിനു മുമ്പും ശേഷവുമുള്ള സുരക്ഷാ വീഴ്ചകള്‍, ഗസയിലെ യുദ്ധം, ഇറാനുമായുള്ള സംഘര്‍ഷം, അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികള്‍ എന്നിവയെല്ലാം നെതന്യാഹുവിന് മുന്നിലുള്ള വെല്ലുവിളികളാണ്. നെതന്യാഹുവിന് അധികാരം നഷ്ടപ്പെട്ടാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്കൊപ്പം നിയമനടപടികളും നേരിടേണ്ടിവന്നേക്കാം.

എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നാല്‍ ഇസ്രഈല്‍ ഇറാനോട് മൃദുസമീപനം സ്വീകരിക്കുമെന്നും ഉറപ്പിക്കാനാവില്ല. ഇറാന്റെ സൈനികവും ആണവപരവുമായ ശേഷിയെക്കുറിച്ചുള്ള ആശങ്ക ഇസ്രഈലിലെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ വ്യാപകമാണ്. അതിനാല്‍ നേതൃത്വമാറ്റം സംഭവിച്ചാലും ഇറാനെതിരായ അടിസ്ഥാന സുരക്ഷാനയത്തില്‍ തുടര്‍ച്ചയുണ്ടാകാം. മാറാന്‍ സാധ്യതയുള്ളത് സൈനിക നടപടികളുടെ സമയവും നയതന്ത്രത്തിന് നല്‍കുന്ന പ്രാധാന്യവുമാണ്.

അമേരിക്കയുമായുള്ള ബന്ധം

മറ്റൊരു നിര്‍ണായക ഘടകം അമേരിക്കയുമായുള്ള ബന്ധമാണ്. ട്രംപ് നെതന്യാഹുവിനെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. ഇരുവരുടെയും അടുത്ത ബന്ധം ഇസ്രഈല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രതിഫലിച്ചു. എന്നാല്‍ നെതന്യാഹുവിന്റെ നിലപാടുകളോട് ട്രംപ് ഭരണകൂടത്തിനുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഗസയിലെ സമാധാനശ്രമങ്ങള്‍, സിറിയയോടുള്ള സമീപനം, പശ്ചിമേഷ്യയിലെ മറ്റ് നയതന്ത്ര നീക്കങ്ങള്‍ എന്നിവയില്‍ കൂടുതല്‍ സഹകരിക്കുന്ന ഇസ്രഈല്‍ സര്‍ക്കാരിനെയാണ് അമേരിക്കയിലെ ചില ഉദ്യോഗസ്ഥര്‍ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നെതന്യാഹു വിജയിച്ചാൽ അത് ട്രംപിന് രാഷ്ട്രീയ നേട്ടമായി അവതരിപ്പിക്കാം. എന്നാൽ അദ്ദേഹം തോറ്റാൽ അമേരിക്കയും ഇസ്രഈലും തമ്മിലുള്ള ബന്ധം തകരണമെന്നില്ല. ഇസ്രഈലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട താത്പര്യങ്ങള്‍ പുതിയ സർക്കാരിനെയും അമേരിക്കയുമായി സഹകരിക്കാൻ പ്രേരിപ്പിച്ചേക്കാം.

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിന്റെ അധികാരത്തിന് എത്രത്തോളം നിയന്ത്രണം?

നവംബര്‍ 3-ലെ അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ് ട്രംപിന്റെ ഭരണത്തിന്റെ ശേഷിക്കുന്ന രണ്ട് വര്‍ഷങ്ങളിലെ അധികാരസമവാക്യത്തെ നിര്‍ണയിക്കും. ജനപ്രതിനിധിസഭയിലും സെനറ്റിലും നിലവില്‍ റിപ്പബ്ലിക്കന്‍മാര്‍ക്കാണ് ഭൂരിപക്ഷം. ഇരുസഭകളിലും ഡെമോക്രാറ്റുകള്‍ക്ക് നേട്ടമുണ്ടാക്കാനായാല്‍ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളെ ചോദ്യം ചെയ്യാനും ഭരണനടപടികളെക്കുറിച്ച് അന്വേഷണം നടത്താനും കൂടുതല്‍ അവസരം ലഭിക്കും.

ഡൊണാള്‍ഡ് ട്രംപ്

ട്രംപിന്റെ പൊതുജന അംഗീകാരത്തില്‍ സംഭവിച്ച ഇടിവ്, ജീവിതച്ചെലവിനെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക, ഇറാന്‍ യുദ്ധം, കുടിയേറ്റനയങ്ങള്‍ എന്നിവയാണ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങള്‍. യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇന്ധനവില ഉയര്‍ന്നതും ജനങ്ങളുടെ സാമ്പത്തിക ആശങ്ക വര്‍ധിപ്പിച്ചു. വിലക്കയറ്റം നിയന്ത്രിക്കുമെന്നും ജീവിതച്ചെലവ് കുറയ്ക്കുമെന്നും വാഗ്ദാനം ചെയ്ത ട്രംപിന് അതിൽ കാര്യമായ നേട്ടമുണ്ടാക്കാനാകാത്തത് രാഷ്ട്രീയ തിരിച്ചടിയാണ്.

എന്നാല്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ചാലും ട്രംപിന്റെ അധികാരത്തിന് ഉടനടി അന്ത്യം കുറിക്കാനാവില്ല. വിദേശനയത്തിലും സൈനിക തീരുമാനങ്ങളിലും പ്രസിഡന്റിന് ഗണ്യമായ എക്സിക്യൂട്ടീവ് അധികാരമുണ്ട്. കോണ്‍ഗ്രസിന് ചെലവുകള്‍ നിയന്ത്രിക്കാനും സൈനിക നടപടികളെക്കുറിച്ച് പരിശോധന നടത്താനും ഭരണകൂടത്തെ ഉത്തരവാദിത്തത്തിലേക്ക് കൊണ്ടുവരാനും കഴിയും. എന്നാല്‍ പ്രസിഡന്റ് വീറ്റോ ഉപയോഗിക്കുകയോ ഭരണകൂടം കോണ്‍ഗ്രസിന്റെ അന്വേഷണങ്ങളോട് സഹകരിക്കാതിരിക്കുകയോ ചെയ്താല്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകാം.

ഇതിന്റെ പശ്ചാത്തലത്തില്‍, ഡെമോക്രാറ്റുകളുടെ വിജയം ട്രംപിന്റെ വിദേശനയത്തെ എങ്ങനെ ബാധിക്കുമെന്നത് പ്രധാനമാണ്. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട ചെലവുകള്‍, സൈനിക സഹായം, ഭരണകൂടത്തിന്റെ തീരുമാനങ്ങളിലെ സുതാര്യത എന്നിവ കൂടുതല്‍ ശക്തമായ പരിശോധനയ്ക്ക് വിധേയമായേക്കാം. ഇസ്രഈലിനുള്ള അമേരിക്കന്‍ സൈനിക സഹായം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങാം.

ഹോര്‍മുസ് കടലിടുക്ക്: പ്രാദേശിക യുദ്ധം ആഗോള സാമ്പത്തിക പ്രതിസന്ധിയാകുമ്പോള്‍

ഇസ്രഈലിലെയും അമേരിക്കയിലെയും തെരഞ്ഞെടുപ്പുകളുടെ പ്രത്യാഘാതങ്ങള്‍ ലോകം ഏറ്റവും നേരിട്ട് അനുഭവിക്കാനിടയുള്ള മേഖല ആഗോള സമ്പദ്‌വ്യവസ്ഥയാണ്. ഹോര്‍മുസ് കടലിടുക്ക് ആഗോള ഊര്‍ജവ്യാപാരത്തിലെ നിര്‍ണായക പാതയാണ്. അവിടത്തെ കപ്പല്‍ഗതാഗതം തടസ്സപ്പെടുന്നത് എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വിതരണത്തെ ബാധിക്കുകയും ഊര്‍ജവില വര്‍ധിപ്പിക്കുകയും ചെയ്യും.

ഇതിന്റെ ആഘാതം ഇന്ധനവിലയില്‍ മാത്രം ഒതുങ്ങുന്നില്ല. ഗതാഗതച്ചെലവ് ഉയരുമ്പോള്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും വിലയും വര്‍ധിക്കാം. വളം ഉള്‍പ്പെടെയുള്ള പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വിതരണത്തെ ബാധിക്കുന്നത് കൃഷിച്ചെലവിലും പിന്നീട് ഭക്ഷ്യവിലയിലും പ്രതിഫലിക്കാം. കപ്പല്‍ഗതാഗതത്തിനുള്ള ഇന്‍ഷുറന്‍സ് ചെലവും വ്യാപാരത്തിലെ അനിശ്ചിതത്വവും കൂടുമ്പോള്‍ ആഗോള വിതരണശൃംഖലകളിലും സമ്മര്‍ദമുണ്ടാകും.

അമേരിക്കയില്‍ ഈ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് നേരിട്ടുള്ള രാഷ്ട്രീയ അര്‍ഥമുണ്ട്. പെട്രോള്‍, ഡീസല്‍, ഭക്ഷണം, വീട്, ആരോഗ്യപരിരക്ഷ തുടങ്ങിയ ചെലവുകളെക്കുറിച്ചുള്ള ആശങ്കകള്‍ വോട്ടര്‍മാരുടെ തീരുമാനത്തെ സ്വാധീനിക്കുന്നു. അതിനാല്‍, ഇറാനുമായുള്ള സംഘര്‍ഷം നീളുന്നത് ട്രംപിന്റെ ആഭ്യന്തര രാഷ്ട്രീയത്തെയും ആഗോള വിപണികളെയും ഒരുപോലെ ബാധിക്കും.

ഇന്ത്യയെപ്പോലുള്ള ഊര്‍ജ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്കും പശ്ചിമേഷ്യയിലെ ദീര്‍ഘകാല അസ്ഥിരത വെല്ലുവിളിയാണ്‌. എണ്ണവിലയിലെ വര്‍ധന ഇറക്കുമതി ചെലവ് ഉയര്‍ത്തുകയും ഗതാഗതം, ഉല്‍പ്പാദനം, കുടുംബങ്ങളുടെ ദൈനംദിന ചെലവുകള്‍ എന്നിവയെ ബാധിക്കുകയും ചെയ്യും.

അതുകൊണ്ടുതന്നെ ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം ഈ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലുള്ള ഒരു വിദേശകാര്യ വിഷയം മാത്രമല്ല. സാധാരണ ജനങ്ങളുടെ ജീവിതച്ചെലവിനെയും രാജ്യങ്ങളുടെ സാമ്പത്തിക തീരുമാനങ്ങളെയും സ്വാധീനിക്കാവുന്ന ഘടകമാണ്.

ജനാധിപത്യത്തിന്റെ ഭാവിയും അധികാരത്തിന്റെ കേന്ദ്രീകരണവും

ഈ തെരഞ്ഞെടുപ്പുകളെ വിലയിരുത്തുമ്പോള്‍ വിദേശനയത്തിനപ്പുറം ജനാധിപത്യ സ്ഥാപനങ്ങളുടെ നിലയും പ്രധാനമാണ്. അമേരിക്കയില്‍ ട്രംപിന്റെ അധികാരപ്രയോഗം, നീതിന്യായ വകുപ്പിന്റെയും ഫെഡറല്‍ അന്വേഷണ ഏജന്‍സികളുടെയും സ്വാതന്ത്ര്യം, രാഷ്ട്രീയ എതിരാളികളോടുള്ള ഭരണകൂടത്തിന്റെ സമീപനം എന്നിവയെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ചാല്‍ ഈ വിഷയങ്ങളില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കും സാധ്യതയുണ്ട്.

ഇസ്രഈലിലും നെതന്യാഹുവിന്റെ ഭരണകാലത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, നിയമവ്യവസ്ഥയുമായുള്ള സംഘര്‍ഷം, മനുഷ്യാവകാശങ്ങള്‍, യുദ്ധകാലത്തെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് ചര്‍ച്ചകളുടെ ഭാഗമാണ്. എന്നാല്‍ ഈ രണ്ട് രാജ്യങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ ഒരുപോലെയല്ല. അമേരിക്കയില്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണമാണ് പ്രധാനമായും പരീക്ഷിക്കപ്പെടുന്നതെങ്കില്‍, ഇസ്രഈലില്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷവും സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയുമാണ് ഭരണത്തിന്റെ ഭാവി നിര്‍ണയിക്കുക.

തെരഞ്ഞെടുപ്പുകള്‍ക്കപ്പുറത്തേക്ക് നീളുന്ന പ്രത്യാഘാതങ്ങള്‍

ഇസ്രഈലിലെയും അമേരിക്കയിലെയും തെരഞ്ഞെടുപ്പുകള്‍ ഒരേ ദിവസമല്ല നടക്കുന്നത്. പക്ഷേ രണ്ടും തമ്മില്‍ വെറും ഒരാഴ്ചയുടെ വ്യത്യാസമേയുള്ളൂ. അതിനാല്‍ ഒരിടത്തെ ഫലം മറ്റിടത്തെ രാഷ്ട്രീയ കണക്കുകൂട്ടലുകളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്.

നെതന്യാഹുവിന് അധികാരം നിലനിര്‍ത്താനായാല്‍ ഇറാനെതിരായ കടുത്ത നിലപാട് തുടരുമോ എന്ന ചോദ്യം ഉയരും. അദ്ദേഹം അധികാരം നഷ്ടപ്പെടുത്തിയാല്‍ പുതിയ സര്‍ക്കാര്‍ യുദ്ധത്തെയും നയതന്ത്രത്തെയും എങ്ങനെ സമീപിക്കും എന്നതാകും പ്രധാന ചോദ്യമാകുക.

അതേസമയം, അമേരിക്കന്‍ കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍മാര്‍ നിയന്ത്രണം നിലനിര്‍ത്തിയാല്‍ ട്രംപിന് വിദേശനയത്തില്‍ കൂടുതല്‍ രാഷ്ട്രീയ പിന്തുണ ലഭിച്ചേക്കാം. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ യുദ്ധച്ചെലവുകളെയും സൈനിക നടപടികളെയും കുറിച്ച് കൂടുതല്‍ പരിശോധനകള്‍ നേരിടേണ്ടിവരാം.

ട്രംപും നെതന്യാഹുവും

ചുരുക്കത്തില്‍ ഈ തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യം ആരാണ് ജയിക്കുന്നത് എന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. യുദ്ധം തുടരണോ അവസാനിപ്പിക്കണോ, സൈനിക ശക്തിക്ക് പകരം നയതന്ത്രത്തിന് എത്ര സ്ഥാനം നല്‍കണം, സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ആരാണ് വഹിക്കേണ്ടത്, ജനാധിപത്യ സ്ഥാപനങ്ങള്‍ ഭരണാധികാരികളെ എങ്ങനെ നിയന്ത്രിക്കണം തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കൂടിയാവും തെരഞ്ഞെടുപ്പു ഫലം.

ഒരര്‍ഥത്തില്‍ ഇസ്രഈലിലെയും അമേരിക്കയിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളുടെ രാഷ്ട്രീയ ഭാവിയില്‍ മാത്രം ഒതുങ്ങുന്നതല്ല. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ഗതി, ആഗോള സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരത, അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ അധികാരസമവാക്യങ്ങള്‍ എന്നിവയെയും ഈ ഫലങ്ങള്‍ സ്വാധീനിച്ചേക്കാം. അതുകൊണ്ട് കൂടിയാണ് ഈ രണ്ട് തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ അതത് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കപ്പുറം ലോകത്തെ അവസാനത്തെ മനുഷ്യനെയും ബാധിക്കുന്നതാകുന്നത്.

Content Highlight:  Two Elections That Will Affect Every Last Person in the World