ടെല്‍അവീവ്: ഇസ്രഈലിനെതിരെ കടുത്ത ആരോപണവുമായി യു.എന്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്. വെസ്റ്റ്ബാങ്കില്‍ ഫലസ്തീന് കുട്ടികള്‍ക്കെതിരെ ഇസ്രഈല്‍ ഭരണകൂടവും സൈന്യവും പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആസൂത്രിത പീഡനങ്ങള്‍ നടത്തിയതായി യു.എന്‍ റിപ്പോര്‍ട്ട് പറയുന്നു.
ഇത് മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഫലസ്തീന് കുട്ടികളാണെന്ന ഒറ്റക്കാരണത്താല്‍ അവരെ മനപൂര്‍വ്വം വധിക്കുകയും കടുത്ത ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് യാദൃശ്ചികമായോ യുദ്ധത്തിനിടയിലെ മറ്റ് സംഭവങ്ങളായോ കണക്കാക്കാനാവില്ലെന്നും മറിച്ച് കുട്ടികള്‍ക്കെതിരായ ആസൂത്രിതമായ അക്രമങ്ങളുടെ ഭാഗമാണിതെന്നും കമ്മീഷന് വ്യക്തമാക്കുന്നു.
കണക്കുകള്‍ പ്രകാരം 2023 ഒക്ടോബര്‍ ഏഴ് മുതല്‍ 2026 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ കിഴക്കേ ജെറുസലേം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് 1,080 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ഇതില്‍ 237 ആണ്‍കുട്ടികളും ഏഴ് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കൂടാതെ 10,940 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹെബ്രോണിലും ടമ്മുനിലുമടക്കം സാധാരണക്കാരായ കുടുംബങ്ങളും പിഞ്ചുകുഞ്ഞുങ്ങളും സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.
എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ ഫലപ്രദമായ അന്വേഷണമോ ശിക്ഷാനടപടികളോ ഉണ്ടാകുന്നില്ലെന്നും, ഇത് കുറ്റവാളികള്‍ക്ക് ശിക്ഷാഭയമില്ലായ്മ നല്കുന്ന സമ്പ്രദായത്തെയാണ് ശക്തിപ്പെടുത്തുന്നതെന്നും കമ്മീഷന് കുറ്റപ്പെടുത്തി.
ഫലസ്തീന് കുട്ടികളെ ആക്രമക്കുന്നതിനായി മാത്രം 2023 ഒക്ടോബറിന് ശേഷം വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം കൂടുതല്‍ അയവുള്ളതും അപകടകരവുമായ വെടിവെപ്പ് ചട്ടങ്ങള്നടപ്പാക്കിയതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ആയുധമില്ലാത്തവരും യാതൊരു ഭീഷണിയും ഉയര്ത്താത്തവരുമായ സാധാരണക്കാരെയും കുട്ടികളെയും മുന്നറിയിപ്പില്ലാതെ തലയ്ക്കോ ശരീരത്തിന്റെ മേല്‍ഭാഗത്തോ ലക്ഷ്യമിട്ട് വെടിവെക്കുന്നതാണ് ഈ നയത്തിന്റെ ഭാഗം.
സെറ്റിലര്മാരുടെ അക്രമങ്ങളെ ഫലസ്തീന് ജനതയ്ക്കെതിരായ ഭരണകൂട ആക്രമണങ്ങളുടെ ഭാഗമായി ഇസ്രഈല്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വെസ്റ്റ് ബാങ്കിലെ ഈ സംഭവവികാസങ്ങള്‍ക്ക് പുറമെ, വെടിനിര്‍ത്തല്‍ കരാറുകള്‍ നിലനില്‍ക്കെ ഗസയില്‍ ഇസ്രഈല്‍ തുടരുന്ന സൈനിക നടപടികള്‍ വംശഹത്യയുടെ പരിധിയില്‍ വരുന്നതാണെന്നും കമ്മീഷന് ആവര്‍ത്തിച്ചു.
ഫലസ്തീന് പ്രദേശങ്ങളിലെ നിയമലംഘനങ്ങളിലും കുറ്റകൃത്യങ്ങളിലും ഉത്തരവാദികളായവര്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
Content Highlight: Israel’s systematic abuse of Palestinian children: Special rules for opening fire; UN report terms it a crime against humanity.
