ഇതിഹാസ താരം ലയണൽ മെസിയുടെ ഐക്കോണിക് പത്താം നമ്പർ ജേഴ്സിയുടെ പുതിയ അവകാശി ആരായിരിക്കണമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അർജന്റൈൻ നായകൻ ക്രിസ്റ്റ്യൻ റോമേറോ. സൂപ്പർതാരം ജൂലിയൻ അൽവാരസിന് പത്താം നമ്പർ നൽകണമെന്നാണ് റോമെറോ അഭിപ്രായപ്പെട്ടത്. ലോസ്ഡലിന് നൽകിയ അഭിമുഖത്തിലാണ് റോമേറോ ഇക്കാര്യം വ്യക്തമാക്കിയത്.
‘പത്താം നമ്പർ ജേഴ്സി ആരും ഉപയോഗിക്കാതെ വിരമിപ്പിക്കുകയും എ.എഫ്.എ ആസ്ഥാനത്ത് അതിന്റെ ഒരു ചുവർചിത്രം സ്ഥാപിക്കുകയും ചെയ്യണം. അങ്ങനെ ചെയ്താൽ ആർക്കും ആ ജേഴ്സി നൽകേണ്ടന്ന ഉത്തരവാദിത്തം വരില്ലല്ലോ. പക്ഷേ അത് നടക്കില്ല. അതുകൊണ്ട് എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല.
എന്റെ അഭിപ്രായത്തിൽ ആ ജേഴ്സി ജൂലിയന് നൽകും. ഓരോരുത്തർക്കും ഓരോ അഭിപ്രായമുണ്ടാകും. അവനിൽ എനിക്ക് ചില മികച്ച ഗുണങ്ങൾ കാണാം. അവൻ വിനയമുള്ളവനാണ് കുടുംബത്തിന് പ്രാധാന്യം നൽകുന്നവനും നല്ലൊരു മനുഷ്യനുമാണ്.
പത്താം നമ്പർ ജേഴ്സി അണിയാൻ വേണ്ട എല്ലാ ഗുണങ്ങളും അവനുണ്ട്. ആ ജേഴ്സി ലഭിച്ചാൽ അവന് സന്തോഷമാകുമെന്ന് ഞാൻ കരുതുന്നു. ഇക്കാര്യം ഞാൻ അവനോട് തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. പക്ഷേ അവന് ഇപ്പോഴുള്ള നമ്പർ തന്നെ തുടരാനാണ് ഇഷ്ടം,’ റൊമേറോ പറഞ്ഞു.

മെസിയുടെ വിരമിക്കലിന് പിന്നാലെ ഐതിഹാസിക ജേഴ്സി നമ്പറായ ’10’ പിൻവലിക്കാൻ തീരുമാനിച്ചെന്ന് എ.എഫ്.എ വ്യക്തമാക്കിയിരുന്നു. എന്നാൽ ഫിഫയുടെ നിയമങ്ങളാണ് അർജന്റീനയുടെ ഈ തീരുമാനത്തിന് വിലങ്ങുതടിയായത്.
ഫിഫയുടെ ടൂർണമെന്റ് നിയമങ്ങൾ പ്രകാരം ഒന്ന് മുതൽ 26 വരെയുള്ള നമ്പറുകൾ ടീമുകൾ നിർബന്ധമായും ഉപയോഗിക്കണം. ഇതിന് മുമ്പ് ഇതിഹാസ താരം ഡീഗോ മറഡോണയോടുള്ള ആദരസൂചകമായി ജേഴ്സി നമ്പർ പിൻവലിക്കാൻ അർജന്റീന ശ്രമിച്ചിരുന്നുവെങ്കിലും ഫിഫ അനുവാദം നൽകാതെ പോവുകയായിരുന്നു.
അതേസമയം യുവതാരം നിക്കോ പാസ് മെസിയുടെ പത്താം നമ്പർ അണിയുമെന്ന വാർത്തകളും സജീവമായി നിലനിൽക്കുന്നുണ്ട്. ഇറ്റാലിയൻ ക്ലബ്ബ് കോമോ എഫ്.സിക്ക് വേണ്ടി മികച്ച പ്രകടനങ്ങൾ നടത്തി തിളങ്ങി നിൽക്കുന്ന പാസ് തന്നെയാവും മെസിയുടെ ജേഴ്സിയുടെ അവകാശിയെന്ന് പല ഫുട്ബോൾ നിരീക്ഷകരും വിലയിരുത്തിക്കഴിഞ്ഞിട്ടുണ്ട്.

ദേശീയ ടീമിൽ അർജന്റീനക്ക് വേണ്ടിയും സ്പെയ്നിന് വേണ്ടിയും കളിക്കാൻ പാസിന് അനുമതി ലഭിച്ചിരുന്നു. താരം സ്പെയ്നിനെ മറികടന്ന് അർജന്റീനക്കായി ബൂട്ട് കെട്ടാൻ തീരുമാനിക്കുകയായിരുന്നു.
2026 ഫിഫ ലോകകപ്പിൽ പാസ് അർജന്റീനയുടെ നിരയിൽ ഉണ്ടായിരുന്നു. അർജന്റീനയിലെ ഒരു ക്ലബ്ബിന്റെയോ അക്കാദമിയുടെയോ ഭാഗമാവാതെ ആദ്യമായി അർജന്റീനക്ക് വേണ്ടി ലോകകപ്പ് കളിക്കുന്ന താരം കൂടിയായിരുന്നു പാസ്.
2016ൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ അക്കാദമയിലൂടെയാണ് പാസ് തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചത്. 2023 സീസണിലാണ് താരം റയൽ മാഡ്രിഡിന്റെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്. 2024ലാണ് റയൽ വിട്ട് താരം കോമോ എഫ്.സിയിലേക്ക് ചേക്കേറിയത്.
Content Highlight: Cristian Romero says Lionel Messi’s iconic number 10 jersey should be given to Julian Alvarez
