മറ്റ് ഭാഷകളില്‍ ഏതെങ്കിലും സിനിമകള്‍ക്ക് മികച്ച അഭിപ്രായം ലഭിച്ചാല്‍ അത് തങ്ങള്‍ ആദ്യമേ ചെയ്തതാണെന്ന വാദമുയര്‍ത്തുന്ന ചില തമിഴ് പേജുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മലയാളം, തെലുങ്ക്, ഹിന്ദി ഇന്‍ഡസ്ട്രികള്‍ പലപ്പോഴും ഇത്തരം ‘ക്ലെയിമുകള്‍ക്ക്’ ഇരയാകാറുണ്ട്. ഇത്തരം വാദങ്ങളെ സീരിയസായി എടുക്കാതെ ചിരിച്ച് തള്ളുകയാണ് പലപ്പോഴും പതിവ്.

എന്നാല്‍ ഇത്തവണ പുതിയ ‘ക്ലെയിമുമായി വന്നിരിക്കുകയാണ് ചില തമിഴ് സിനിമാപ്രേമികള്‍. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ഹോളിവുഡ് ചിത്രം ക്ലേഫെയ്‌സാണ് പുതിയ ഇര. ഡി.സിയുടെ ഐക്കോണിക് കോമിക് കഥാപാത്രത്തെ ആസ്പദമാക്കിക്കൊണ്ടുള്ള ചിത്രം കഴിഞ്ഞയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്.

തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ഡി.സി സ്റ്റുഡിയോ പഴയ ട്രാക്കിലേക്കെത്തിയെന്നാണ് ക്ലേഫെയ്‌സിന് ശേഷം ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഗോഥം സിറ്റിയിലെ വില്ലന്മാരിലൊരാളുടെ ഒറിജിന്‍ കൃത്യമായി അടയാളപ്പെടുത്താന്‍ ചിത്രത്തിന് സാധിച്ചെന്ന് പലരും അഭിപ്രായം പങ്കുവെച്ചു. എന്നാല്‍ ക്ലേഫെയ്‌സിന്റെ കഥ വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴില്‍ സിനിമയാക്കിയെന്നാണ് പുതിയ അവകാശവാദം. തമിഴിലെ മുന്‍നിര റിവ്യൂവറായ ബ്ലൂ സട്ടൈ മാരന്റെ കമന്റ് ബോക്‌സിലാണ് ഇത്തരം ‘ക്ലെയിമുകള്‍’.

വിക്രമിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ഐയുടെ കഥ ഹോളിവുഡ് അടിച്ചുമാറ്റിയെന്നാണ് പലരുടെയും കമന്റ്. ക്ലേഫെയ്‌സിനെക്കാള്‍ മികച്ച സിനിമ ഐ ആണെന്നും കോളിവുഡിനെ കോപ്പിയടിച്ചാണ് പല ഇന്‍ഡസ്ട്രികളും നിലനില്‍ക്കുന്നതെന്നും കമന്റുകളുണ്ട്. ഇത്തരം ക്ലെയിമുകള്‍ക്ക് മറുപടിയുമായും ചിലര്‍ കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്.

1940ല്‍ ഡി.സി കോമിക്‌സ് കൊണ്ടുവന്ന കഥാപാത്രമാണ് ക്ലേഫെയ്‌സെന്നാണ് മറുപടികള്‍. വര്‍ഷങ്ങളായി കോമിക് രൂപത്തിലും അനിമേഷനിലുമെല്ലാം കാണിച്ച കഥാപാത്രത്തെ നായകനാക്കി ഇപ്പോഴാണ് സിനിമ ചെയ്യുന്നതെന്നും അതൊന്നും മനസിലാക്കാതെ ഇങ്ങനെ ‘ക്ലെയിം’ ചെയ്ത് സ്വയം നാണം കെടരുതെന്നും കമന്റുകളുണ്ട്.

ഓസ്‌കര്‍ അവാര്‍ഡ് നേടിയ പാരസൈറ്റിന് നേരെയും ഇത്തരം ‘ക്ലെയിം’ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിജയ് നായകനായ മിന്‍സാരക്കണ്ണായുടെ കഥയാണ് പാരസൈറ്റിന്റേതെന്ന് പറഞ്ഞ് നിര്‍മാതാവ് തന്നെ രംഗത്തെത്തിയത് വലിയ വാര്‍ത്തയായി. ഇപ്പോഴിതാ മറ്റൊരു ഇന്റര്‍നാഷണല്‍ സിനിമയെയും ‘ക്ലെയിം’ ചെയ്തത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി.

 

ഓസ്‌കര്‍ അവാര്‍ഡിന് നോമിനേഷന്‍ നേടിനില്‍ക്കുന്ന മാറ്റ് ഹേഗന്‍ എന്ന നടന് അപ്രതീക്ഷിതമായി ഒരു ആക്രമണം നേരിടേണ്ടി വരികയും അയാളുടെ മുഖത്ത് സാരമായി പരിക്കേല്‍ക്കുകയും ചെയ്യുന്നു. തന്റെ മുഖം പഴയപടിയാക്കാന്‍ മാറ്റ് നടത്തുന്ന ശ്രമം പിന്നീട് അയാള്‍ക്ക് തന്നെ വലിയ പ്രശ്‌നമായി മാറുന്നതാണ് ക്ലേഫെയ്‌സിന്റെ കഥ. ബോഡി ഹൊറര്‍ ഴോണറിലൊരുക്കിയ ചിത്രം മികച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്.

Content Highlight: Tamil cinema pages saying Clayface is copy of I Tamil movie