തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരും മുഖ്യമന്ത്രി വി.ഡി. സതീശനും കേരളത്തിലെ സമുദ്രമേഖല സ്വകാര്യവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ സംസ്ഥാന മന്ത്രിയും സി.പി.ഐ.എം എം.എല്‍.എയുമായ കെ.എന്‍. ബാലഗോപാല്‍.
കേരള നിയമസഭ പാസാക്കിയ മാരിടൈം ഭേദഗതി ബില്ലില്‍ ഗുരുതരമായ വ്യവസ്ഥകളുണ്ടെന്നും ഇത് തീരദേശവാസികളെയും മത്സ്യത്തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
‘തുറമുഖ മേഖലയും തീരപ്രദേശങ്ങളും മാരിടൈം ബോര്‍ഡിന് ഏറ്റെടുക്കാനും വിവിധ പദ്ധതികള്‍ക്കും വ്യവസായങ്ങള്‍ക്കും ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഭവന നിര്‍മാണ പദ്ധതികള്‍ എന്നിവയ്ക്കുമായി കൈമാറാനും കഴിയുന്ന വ്യവസ്ഥകള്‍ ബില്ലിലുണ്ട്. താത്പര്യമുള്ള ചില ഗ്രൂപ്പുകള്‍ക്ക് ഈ പ്രദേശങ്ങള്‍ ഏറ്റെടുക്കാനും അവസരമൊരുങ്ങും.
കടല്ത്തീരങ്ങളുമായും തുറമുഖങ്ങളുമായും മറ്റ് ജലാശയങ്ങളുമായും ഏറെ ബന്ധമുള്ള സംസ്ഥാനമാണ് കേരളം. അതിനാല്‍, മതിയായ നടപടിക്രമങ്ങളില്ലാതെ സ്വകാര്യ മേഖലയ്ക്ക് ഈ പ്രദേശങ്ങളുടെ അവകാശങ്ങള്‍ കൈമാറാന്‍ സര്‍ക്കാരിന് അധികാരം നല്‍കുമെന്നതാണ് ഞങ്ങളുടെ ആശങ്ക.
തീരദേശങ്ങളില്‍നിന്ന് ലഭിക്കുന്ന അപൂര്‍വ ധാതുക്കളുടെ നിയന്ത്രണവും ഈ നിയമത്തിന്റെ പരിധിയിലാകും. മത്സ്യത്തൊഴിലാളി സമൂഹത്തെയും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെയും ഇത് സാരമായി ബാധിക്കും. ഈ ആശങ്കകളാണ് നിയമസഭാ നടപടികള്‍ ബഹിഷ്കരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്,’ ബാലഗോപാല്‍ പറഞ്ഞു.
അതേസമയം കേരളം മാരിടൈം ബോര്‍ഡ് ഭേദഗതി ബില്‍ നിയമസഭയില്‍ പാസാക്കിയതിന് പിന്നാലെ ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷം സഭവിട്ടിറങ്ങി പോയി.
എന്നാല്‍ തീരദേശ വികസനത്തിന് കോര്‍പ്പറേറ്റ് നിക്ഷേപം അനിവാര്യമാണെന്നാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് നല്കിയ മറുപടി.
’18 തുറമുഖവും വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ പറ്റില്ല. അതിനാല്‍ അവിടെ കോര്‍പ്പറേറ്റ് വരും. നിക്ഷേപങ്ങള്‍ കിട്ടിയാല്‍ മാത്രമേ വികസനങ്ങള്‍ നടത്താന്‍ പറ്റൂ,’ പ്രതിപക്ഷത്തിന് മുഖ്യമന്ത്രി മറുപടി നല്കി.
ബില്ല് പാസാക്കിയതില്‍ വലിയ രീതിയിലുള്ള എതിര്‍പ്പാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയം ഉയര്‍ത്തിയത്. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തെ ആട്ടിമറിക്കുന്നതാണ് മാരിടൈം ബോര്‍ഡ് ബില്ല് എന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ചൂണ്ടിക്കാട്ടി.
222 മത്സ്യബന്ധനഗ്രാമത്തിലെ 10ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികളെ അരക്ഷിതാവസ്ഥയിലാക്കുന്നതാണ് ബില്ല്. തീരദേശവാസികളായ ജനത കാത്തുസൂക്ഷിച്ച മണ്ണും കടലും നേരിട്ട് തകര്‍ക്കുന്ന ബില്ലാണ് ഇത്. മറ്റു വകുപ്പുകളുടെ ഭൂമി പിടിച്ചെടുത്താണ് ലാന്‍ഡ് ബാങ്ക് രൂപീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പരമ്പരാഗത തൊഴിലാളികള്‍ക്ക് കടലിലേക്കുള്ള സ്വാഭാവിക പ്രവേശനം എന്നന്നേക്കുമായി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും. കടലിനെ മാത്രം ആശ്രയിക്കുന്ന രണ്ടു ലക്ഷത്തിലധികം കുടുംബങ്ങളെ ഇത് ഗുരുതരമായി ബാധിക്കുമെന്നും അവരെ ആട്ടിപ്പായിച്ച് തൊഴില്രഹിതരാക്കുന്നതാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Serious provisions in the Maritime Bill; K.N. Balagopal lashes out at V.D. Satheesan
