ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ പ്രൊജക്ടെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന ചിത്രമാണ് രാമായണ. 4000 കോടിയിലേറെ ഇന്‍വെസ്റ്റ് ചെയ്ത് രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം റിലീസിന് തയാറെടുക്കുകയാണ്. അനൗണ്‍സ്‌മെന്റ് സമയത്ത് ഹൈപ്പിന്റെ കൊടുമുടിയിലുണ്ടായിരുന്ന ചിത്രത്തിന് ഇപ്പോള്‍ വലിയ ഓളമൊന്നും സിനിമാപേജുകളിലില്ല.

ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുന്ന രാമായണയുടെ വേള്‍ഡ് പ്രീമിയര്‍ ഇന്ന് ലോസ് ഏഞ്ചലസിലെ അക്കാദമി മ്യൂസിയം പിക്ചര്‍ ഹാളില്‍ സംഘടിപ്പിച്ചു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും സിനിമാനിരൂപകരുമടക്കം നിറഞ്ഞ സദസിലാണ് രാമായണ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ വേള്‍ഡ് പ്രീമിയറിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ഇന്ത്യയിലെ എല്ലാവര്‍ക്കും അറിയാവുന്ന കഥയായ രാമായണത്തെ ഒരിക്കല്‍കൂടി ബിഗ് സ്‌ക്രീനിലെത്തിക്കുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ ഒരുപരിധി വരെ വിജയിച്ചെന്ന് പലരും അഭിപ്രായപ്പെടുന്നു. വി.എഫ്.എക്‌സ് അടക്കം ടെക്‌നിക്കല്‍ മേഖല മുന്നിട്ട് നില്‍ക്കുമ്പോള്‍ പലയിടത്തും ലാഗ് അനുഭവപ്പെടുന്നുണ്ടെന്നുമാണ് ആദ്യ പ്രതികരണങ്ങള്‍. രാവണനായുള്ള യഷിന്റെ പെര്‍ഫോമന്‍സിനെയും പലരും പുകഴ്ത്തുന്നുണ്ട്.

ഇതിന് പിന്നാലെ രാമായണയുടെ ബോക്‌സ് ഓഫീസ് റിസല്‍ട്ട് എന്താകുമെന്ന് സിനിമാപേജുകള്‍ കണക്കുകൂട്ടുകയാണ്. രണ്ട് ഭാഗങ്ങള്‍ക്കുമായി 4000 കോടി മുടക്കിയതിനാല്‍ ആദ്യഭാഗത്തിന് 2000 കോടി ചെലവായിട്ടുണ്ടാകുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയില്‍ ഇതുവരെ വന്നതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമാണിത്.

2000 കോടി മുടക്കിയ നിര്‍മാതാവിന് ചിത്രം ചെറുതായെങ്കിലും ലാഭമാകാന്‍ 2800 കോടി ആവശ്യമാണ്. ബ്രേക്ക് ഇവന്‍ ടാര്‍ഗറ്റ് തന്നെ 3000 കോടിക്കടുത്തായതിനാല്‍ സൂപ്പര്‍ഹിറ്റാകണമെങ്കില്‍ 3200 കോടിയാണ് വേണ്ടത്. ഐമാക്‌സ് ചാര്‍ജ്, ത്രീ.ഡി ചാര്‍ജ് എന്നിവയുള്ളതിനാല്‍ 1000 കോടി നേടുമെന്ന് ഉറപ്പാണെന്നും ബാക്കിയെല്ലാം പ്രേക്ഷകരുടെ പ്രതികരണത്തിനനുസരിച്ചാകുമെന്നും ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നു. റിലീസിന് രണ്ടാഴ്ച മുന്നേ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചെങ്കിലും ഇതുവരെ വെറും 20 കോടി മാത്രമേ രാമായണ നേടിയിട്ടുള്ളൂ.

പാന്‍ ഇന്ത്യന്‍ സിനിമകള്‍ പലതും 100 കോടി ഓപ്പണിങ്ങിടുന്നത് പോലെ രാമായണയും ആദ്യദിനം ട്രിപ്പിള്‍ ഡിജിറ്റ് തൊടുമോ എന്നതില്‍ സംശയമാണ്. 40 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിര്‍മാതാക്കള്‍ തന്നെ രൂപപ്പെടുത്തിയ ‘Brahma AI’ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് എല്ലാ ഭാഷയിലും ലിപ് സിങ്ക് കറക്ട് ചെയ്തതെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യന്‍ സിനിമയുടെ റേഞ്ച് രാമായണ മാറ്റിമറിക്കുമോ എന്ന് നവംബര്‍ അഞ്ചിന് കണ്ടറിയാം.

Content Highlight: Mixed response coming after the world premier of Ramayana movie