ബാലതാരമായ് വെള്ളിത്തിരയിലേക്കെത്തിയ നടിയാണ് കീർത്തി സുരേഷ്. നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി കഥ പറഞ്ഞ തെലുങ്ക് ചിത്രം മഹാനടിയിലൂടെ ദേശീയ പുരസ്കാരവും നടി സ്വന്തമാക്കിയിരുന്നു. നടിയുടേതായി അവസാനം പുറത്തിറങ്ങിയ ഡൊറോത്തി എന്ന ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ മഹാനടിക്ക് മുമ്പ് ഒരു ഘട്ടത്തിൽ താൻ ഒരുപാട് ട്രോളുകൾ നേരിട്ടിട്ടുണ്ടെന്നാണ് കീർത്തി സുരേഷ് പറയുന്നത്. താരത്തിന്റെ ‘അക്ക’ എന്ന പുതിയ വെബ് സീരീസുമായ് ബന്ധപ്പെട്ട് ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
‘എന്നെ ട്രോളുന്നവരോട് ഞാൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. എൻ്റെ സിനിമകൾ എനിക്ക് വേണ്ടി സംസാരിക്കട്ടെ എന്നാണ് ഞാൻ എപ്പോഴും പറയാറുള്ളത്. കാരണം സോഷ്യൽ മീഡിയയിൽ വന്നിരുന്ന് എന്നെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് തിരുത്താൻ ശ്രമിക്കുന്ന തരത്തിലുള്ള ഒരാളല്ല ഞാൻ. ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. ചിലർക്ക് എന്നെ ഇഷ്ടപ്പെടാം, ചിലർക്ക് എന്നെ ഇഷ്ടപ്പെടാതിരിക്കാം.
എനിക്കതിൽ ഒരു കുഴപ്പവുമില്ല. അത് ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. എനിക്ക് ചെയ്യാൻ കഴിയുന്നത് എന്നിൽത്തന്നെ വിശ്വസിക്കുകയും എൻ്റെ ജോലി വളരെ മികച്ച രീതിയിൽ നിർവഹിക്കുകയുമാണ്. ഇതാണ് ഞാൻ എപ്പോഴും വിശ്വസിച്ചുപോന്ന കാര്യം,’ കീർത്തി പറഞ്ഞു.

മഹാനടി.Photo.Screen Grab/Facebook.com
തനിക്ക് വിമാനയാത്ര ചെയ്യുമ്പോൾ പുതിയ ആളുകളെ പരിചയപ്പെടാൻ ഇഷ്ടമാണെന്നും ജോലിസ്ഥലത്തുള്ളവരെയല്ലാതെ, മറ്റെവിടെയാണ് പുതിയ ആളുകളെ കണ്ടുമുട്ടാൻ ഇത്രയും നല്ല അവസരം ലഭിക്കുക എന്നുമാണ് താരം ചോദിക്കുന്നത്. അത്തരത്തിൽ ഒപ്പം യാത്ര ചെയ്ത ചിലരെ തനിക്ക് ഇപ്പോഴും ഓർമ്മയുണ്ടെന്നും നടി പറഞ്ഞു.
‘സാധാരണക്കാരായ ആളുകളുമായി സംസാരിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. ചിലർ വളരെ നല്ല പെരുമാറ്റമുള്ളവരായിരിക്കും. വിമാനയാത്രയിലുടനീളം ഒന്നോ ഒന്നരയോ മണിക്കൂറോളം നമ്മൾ എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കും. യാത്രയുടെ അവസാനം അവർ ഒരു ഫോട്ടോ എടുക്കാൻ പോലും ആവശ്യപ്പെടില്ല. ചിലപ്പോൾ ഞാനായിരിക്കും ചോദിക്കുക, ‘ഒരു ഫോട്ടോ എടുക്കണോ’ എന്ന്. അത്തരത്തിൽ വളരെ നല്ല സ്വഭാവമുള്ള ആളുകളെ എനിക്ക് വലിയ ഇഷ്ടമാണ്’, കീർത്തി പറഞ്ഞു.
ആരാധകരുടെ സ്നേഹത്തെ താൻ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യുമ്പോഴും അതേസമയം ചില മോശം അനുഭവങ്ങളും തനിക്കുണ്ടായിട്ടുണ്ടെന്നും താരം പറയുന്നുണ്ട്. മിലനിൽ നിന്നും നാട്ടിലേക്ക് തന്റെ പങ്കാളിയോടൊപ്പം യാത്ര ചെയ്യുമ്പോഴുണ്ടായ ഒരു അനുഭവവും താരം പങ്ക് വെക്കുന്നുണ്ട്.
‘ഞാൻ ഇരിക്കുന്നതിന്റെ മറ്റൊരു സൈഡിലായിരുന്നു എന്റെ പങ്കാളി ഇരുന്നത്. അപ്പോൾ മദ്യപിച്ചിട്ട് ഒരു ക്രീപ്പി ഗയ് വരുകയും സെൽഫി എടുക്കണമെന്ന് പറയുകയും ചെയ്തു. ഞാൻ ഇപ്പോൾ പറ്റില്ലെന്നും പിന്നീടാവാമെന്നും പറഞ്ഞു. പക്ഷേ അയാൾ പറ്റില്ലെന്നും ഇപ്പോൾ എടുക്കണമെന്നും പറഞ്ഞു.

മഹാനടി.Photo.Screen Grab/Facebook.com
അന്നാണ് ഞാൻ ആദ്യമായ് എന്റെ പങ്കാളി ശബ്ദമുയർത്തി സംസാരിക്കുന്നത് കേൾക്കുന്നത്. എന്റെ ആരാധകരോട് അദ്ദേഹം വളരെ നല്ല സ്നേഹത്തോടെ പെരുമാറുന്ന ഒരാളാണ്. പിന്നീട് ഫ്ലൈറ്റിലെ ക്രൂവിന്റെ സഹായത്തോടെയാണ് പ്രശ്നം പരിഹരിച്ചത്. അപ്പോൾ അത്തരം ഒബ്സെസീസവായിട്ടുള്ള ആളുകളുമുണ്ട്,’ താരം പറഞ്ഞു.
കീർത്തിയുടെതായ് ഇനി പുറത്തിറങ്ങാനുള്ളത് ക്രൈം ത്രില്ലർ വെബ് സീരീസായ അക്കയാണ്, നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ 30നാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. വൈ.ആർ.എഫ് എന്റർടൈൻമെന്റിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിക്കുന്ന സീരീസിൽ രാധിക ആപ്തെയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശക്തരായ രണ്ട് സ്ത്രീകളുടെ ഏറ്റുമുട്ടലിന്റെ കഥയാണ് അക്കയിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ ധർമ്മരാജ് ഷെട്ടി പറയുന്നത്.
Content Highlight: I had faced a lot of trolls before that film; for the first time ever, he got angry while on a flight said Keerthy Suresh.
