മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ പ്രണയചിത്രങ്ങളിലൊന്നാണ് കമല്‍ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ ‘നിറം’. കുഞ്ചാക്കോ ബോബനും ശാലിനിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിലെ പാട്ടുകളും സൗഹൃദവും പ്രണയവുമെല്ലാം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.
എന്നാല്‍, സിനിമയിലെ ചില രംഗങ്ങള്‍ ഇന്ന് കാണുമ്പോള്‍ തനിക്ക് തന്നെ ക്രിഞ്ച് തോന്നാറുണ്ടെന്ന് പറയുകയാണ് സംവിധായകന് കമല്‍. ചിത്രത്തിന്റെ ക്ലൈമാക്സ് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ചിത്രീകരിച്ചതിന്റെ പിന്നിലെ കഥകളും അദ്ദേഹം പങ്കുവെച്ചു.
‘ക്രിഞ്ചാണെന്ന് തോന്നുന്ന കുറേ സീനുകള്‍ എന്റെ സിനിമകളിലുണ്ട്. ഇപ്പോള്‍ കാണുമ്പോഴാണ് അത് മനസിലാകുന്നത്. ‘നിറ’ത്തിലൊക്കെ അതുണ്ട്. എല്ലാ സിനിമകളിലും ക്രിഞ്ച് ഉണ്ടാകും. ഇപ്പോള്‍ നമ്മള് കണ്ട് കൈയടിക്കുന്ന സീനുകള്‍ ഒരു പത്ത് വര്‍ഷം കഴിഞ്ഞാല്‍ കുട്ടികള്‍ ക്രിഞ്ചാണെന്ന് പറയും. അതൊക്കെ ഓരോ കാലഘട്ടത്തിന്റെയും പ്രത്യേകതയാണ്,’ കമല്‍ പറഞ്ഞു.
സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കാന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ചിത്രീകരണത്തിന് അനുമതി ലഭിക്കുക എന്നതുതന്നെ വലിയ കടമ്പയായിരുന്നു. രാത്രി അവസാന ട്രെയിന്‍ പോയതിനുശേഷം ചിത്രീകരണം ആരംഭിക്കാമെന്നും പുലര്‍ച്ചെ അഞ്ചുമണിയോടെ ഷൂട്ടിങ് അവസാനിപ്പിക്കണമെന്നുമായിരുന്നു അധികൃതരുടെ നിര്‍ദേശം. നിരവധി ഷോട്ടുകളും പാട്ടും ഉള്‍പ്പെട്ട ക്ലൈമാക്സ് ഈ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമായിരുന്നു. അതിനായി കൃത്യമായ ആസൂത്രണമാണ് നടത്തിയതെന്നും കമല്‍ പറയുന്നു.

‘രാത്രി എട്ടുമണിയോടെ യൂണിറ്റ് വന്ന് ലൈറ്റുകള്‍ വെച്ചോട്ടെയെന്ന് ചോദിച്ചെങ്കിലും സ്റ്റേഷന് മാസ്റ്റര്‍ സമ്മതിച്ചില്ല. പത്തുമണിക്ക് വന്നോളൂ എന്നായിരുന്നു പറഞ്ഞത്. ഞങ്ങള്‍ എട്ടുമണിക്ക് തന്നെ പുറത്തെത്തി. ഒമ്പതുമണിയോടെ ഓരോ ലൈറ്റുകളായി പല സ്ഥലങ്ങളിലായി കൊണ്ടുവെച്ചു. അന്നത്തെ കാലത്ത് ഇന്നത്തേതുപോലെ ലൈറ്റും വെളിച്ചവുമൊന്നും ഉണ്ടായിരുന്നില്ല. ട്രാക്കിന്റെ അപ്പുറത്തൊക്കെ ലൈറ്റുകള്‍ കൊണ്ടുവെച്ചു. പക്ഷേ, കണക്ഷനൊന്നും കൊടുത്തിരുന്നില്ല,’ കമല്‍ പറഞ്ഞു.
ചിത്രീകരണത്തിന് ലഭിച്ച സമയം പാഴാകാതിരിക്കാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരുമായി ചേര്‍ന്ന് ഷോട്ടുകള്‍ മുന്‍കൂട്ടി തീരുമാനിച്ചെന്നും ലൈറ്റിങ് ക്രമീകരണങ്ങളും അതിനനുസരിച്ചായിരുന്നെന്നും കമല്‍ പറയുന്നു. രാത്രി 11.30ഓടെ ശാലിനിയും ചാക്കോ ബോബനും എത്തിയതോടെ അവരെക്കൊണ്ട് നടത്തിച്ച് റിഹേഴ്സലും നടത്തി. രാത്രി 12.30ഓടെ ചിത്രീകരണം ആരംഭിച്ചു. പിന്നീട് സമയത്തോട് മത്സരിച്ചായിരുന്നു ഓരോ ഷോട്ടും പൂര്‍ത്തിയാക്കിയതെന്നും കമല്‍ ഓര്‍ക്കുന്നു.

‘പിന്നെ ഒരു ഓട്ടപ്പാച്ചിലായിരുന്നു. ഒരു ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞ് വെള്ളം കുടിക്കാന്‍ പോലും സമയമില്ലായിരുന്നു. പുലര്‍ച്ചെ 5.30 ആയപ്പോഴേക്കും എല്ലാ ഷോട്ടുകളും തീര്‍ത്തു. ഒരൊറ്റ നൈറ്റില്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഇന്നാണെങ്കില്‍ ഒരു അഞ്ചാറ് ദിവസം ഷൂട്ട് ചെയ്യേണ്ടിവരും,’ കമല്‍ പറഞ്ഞു.
അന്നത്തെ സിനിമാ ചിത്രീകരണത്തിലെ പരിമിതികളെക്കുറിച്ചും കമല്‍ വിശദീകരിച്ചു. പരിമിതമായ ദിവസങ്ങളും ബജറ്റും മാത്രമായിരുന്നു പ്രധാന വെല്ലുവിളികള്‍. റെയില്‍വേ സ്റ്റേഷനില്‍ അഞ്ചുദിവസം ചിത്രീകരണം നടത്തേണ്ടിവന്നാല്‍ ചെലവ് വലിയ തോതില്‍ വര്‍ധിക്കും. ഇന്‍ഷുറന്‍സ് പ്രീമിയവും ബോണ്ടും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളും ചെലവിന്റെ ഭാഗമായിരുന്നു. അന്ന് ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപയായിരുന്നു റെയില്‍വേ സ്റ്റേഷനിലെ ചിത്രീകരണത്തിനായി വാടക നല്‍കിയത്.
അതുപോലെ റെയില്‍വേ സ്റ്റേഷന് ഇന്‍ഷുര്‍ ചെയ്തിട്ട് പ്രീമിയം അടയ്ക്കണം. അത് ആറ് മാസമോ മറ്റോ കഴിഞ്ഞാല്‍ തിരിച്ചുകിട്ടും. പിന്നെ ബോണ്ടുണ്ട്. അഞ്ച് ലക്ഷമോ മറ്റ് അടച്ചിട്ടാണ് അത് ചെയ്തത്.
ചിത്രീകരണത്തിനായി പാസഞ്ചര്‍ ട്രെയിന്‍ 20 മിനിറ്റ് നിര്‍ത്തിയിടാമെന്ന് അധികൃതര്‍ സമ്മതിച്ചിരുന്നു. അങ്ങനെ മൂന്ന് ട്രെയിനുകളിലായിട്ടാണ് കുഞ്ചാക്കോ ബോബന് ട്രെയിനില്‍ കയറുന്ന ആ ഭാഗം ചിത്രീകരിച്ചത്,’ കമല്‍ പറയുന്നു.
Content Highlight: Some Scenes Feel Cringeworthy Today; The Climax Scene Was Shot Using Three Trains: Kamal
