ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സി.ഇ.സി) ഗ്യാനേഷ് കുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവരുടെ നിയമനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയില്‍ ഹരജി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് ഈ സ്ഥാനങ്ങളിലെത്തിലെത്താനുള്ള പ്രവൃത്തി പരിചയമുണ്ടോ എന്ന് സെലക്ഷന് കമ്മിറ്റി പരിശോധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ തെളിയിക്കുന്നതായി ഹരജിക്കാരനായ സുരി പയാല പറയുന്നതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുരി പയാല റിട്ട് ഹരജി സമര്‍പിച്ചത്. തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ ഇവര്‍ക്ക് പരിചയമുണ്ടോ എന്നോ, ഇവര്‍ക്ക് ആവശ്യമായ സത്യസന്ധതയുണ്ടോ എന്നോ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനുള്ള സെലക്ഷന് കമ്മിറ്റി പരിശോധിച്ചിട്ടില്ലെന്ന് ഹരജിക്കാരന് വാദിക്കുന്നതായും ലൈവ് ലോ റിപ്പോര്‍ട്ടില്‍ പറയുന്നു.
2024 മാര്‍ച്ചിലും 2025 ഫെബ്രുവരിയിലും നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനങ്ങളെയാണ് ഹര്ജിക്കാരന് ചോദ്യം ചെയ്തിരിക്കുന്നത്. കമ്മീഷണര്‍ സ്ഥാനത്തേക്കുള്ളവരുടെ സത്യസന്ധതയോ തെരഞ്ഞെടുപ്പ് നടത്തിപ്പിലുള്ള അവരുടെ പരിചയമോ കൃത്യമായി വിലയിരുത്തുന്ന രേഖകള്‍ സെര്‍ച്ച് കമ്മിറ്റിയും സെലക്ഷന് കമ്മിറ്റിയും പരിഗണിച്ചിട്ടില്ലെന്ന് ഹരജിയില്‍ പറയുന്നു.
നിയമനിര്‍മാണ വകുപ്പില്‍ നിന്ന് ലഭിച്ച രേഖകള്‍ ഇക്കാര്യം വ്യക്തമാക്കുന്നതായും ഹരജിക്കാരന് പറയുന്നു. സെര്‍ച്ച് കമ്മിറ്റിയുടെയും സെലക്ഷന് കമ്മിറ്റിയുടെയും മുന്നില്‍ വെച്ച രേഖകളില്‍ പ്രധാനമായും ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക, സേവന വിവരങ്ങള്‍, തീയതികള്‍ തുടങ്ങിയവ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഹരജിയില്‍ പറയുന്നു.
ചീഫ് ഇലക്ഷന് കമ്മീഷണര്‍ ആന്‍ഡ് അദര്‍ ഇലക്ഷന് കമ്മീഷണേഴ്സ് (അപ്പോയിന്റ്മെന്റ്, കണ്ടീഷന്‍സ് ഓഫ് സര്‍വീസ് ആന്‍ഡ് ടേം ഓഫ് ഓഫീസ്) ആക്ട്, 2023ലെ വകുപ്പുകള്‍ ഉന്നയിച്ചാണ് നിയമനത്തെ സുരി പയാല ചോദ്യം ചെയ്യുന്നത്. ഈ നിയമത്തിലെ വകുപ്പ് അഞ്ച് പ്രകാരം, ഇലക്ഷന് കമ്മീഷണര്‍മാരായി നിയമിക്കാന്‍ യോഗ്യരായ അഞ്ച് പേരുടെ ഒരു പാനല്‍ സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കേണ്ടതുണ്ട്. വകുപ്പ് ആറില്‍ സെലക്ഷന് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നതിനെക്കുറിച്ചുള്ള വ്യവസ്ഥകളാണുള്ളത്. എന്നാല്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷണര്മാരാവാനുള്ള തരത്തിലുള്ള പ്രവൃത്തി പരിചയമുണ്ടോ എന്നോ, അവര്‍ക്ക് ആവശ്യമായ സത്യസന്ധതയുണ്ടോ എന്നോ പരിശോധിച്ചതായി രേഖകളില്‍ കാണുന്നില്ലെന്ന് ഹര്ജിക്കാരന് വാദിക്കുന്നു.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ മിനിറ്റ്സില്‍, ഉദ്യോഗാര്‍ത്ഥികളെ അവരുടെ യോഗ്യതയുടെയും പരിചയസമ്പത്തിന്റെയും അടിസ്ഥാനത്തില്‍ പരിഗണിച്ചതായി പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, ഇവരുടെ തെരഞ്ഞെടുപ്പ് സംബന്ധമായ പരിചയസമ്പത്തോ സത്യസന്ധതയോ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക പരിശോധനയൊന്നും നടന്നതായി രേഖകളില്‍ നിന്ന് വ്യക്തമാകുന്നില്ലെന്നും ഹര്ജിക്കാരന് പറയുന്നു.
2024 മാര്‍ച്ച് 14ന് ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരെ ഇലക്ഷന് കമ്മീഷണര്‍മാരായി നിയമിച്ചിരുന്നു. ഇവര്‍ക്കായുള്ള ഒഴിവുകളിലേക്ക് പത്ത് പേരടങ്ങുന്ന ഒരു പാനല്‍ പരിഗണിക്കാനാണ് അജണ്ടയില്‍ ഉണ്ടായിരുന്നതെന്നത്. എന്നാല്‍ ഒടുവില്‍ ആറ് പേരെയാണ് സമിതി ശുപാര്‍ശ ചെയ്തതെന്നും ഹരജിയില്‍ പറയുന്നു. കമ്മീഷണര്‍ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നവരുടെ എണ്ണം എന്ത് മാനദണ്ഡം പ്രകാരമാണ് കുറച്ചതെന്നതില് രേഖകളില്‍ വ്യക്തതയില്ലെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു.
2025 ഫെബ്രുവരി 17നാണ് ജ്ഞാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായും വിവേക് ജോഷിയെ തെരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചത്. ഈ നിയമനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളെയും ഹരജിയില്‍ ചോദ്യം ചെയ്യുന്നതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Selection Panel Didn’t Consider If CEC Or ECs Had Election Experience: Petitioner Produces RTI Records Before Supreme Court
