മലയാളികൾക്ക് ഒരു പിടി നല്ല സിനിമകൾ നൽകിയിട്ടുള്ള മികച്ച സംവിധായകരിലൊരാളാണ് കമൽ. 1986ൽ മോഹൻലാലിനെയും ഉർവശിയെയും പ്രധാന കഥാപാത്രങ്ങളിലായി അവതരിപ്പിച്ചു കൊണ്ടുള്ള മിഴിനീർ പൂവുകൾ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് കമൽ സവിധാന രംഗത്തേയ്ക്കെത്തുന്നത്.

ഇതിനോടകം തന്നെ 48 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. സെല്ലുലോയ്ഡ് എന്ന സിനിമക്ക് നാഷണൽ അവാർഡും കരസ്ഥമാക്കിയിരുന്നു. 1992ൽ ഉള്ളടക്കം എന്ന സിനിമക്ക് മികച്ച സംവിധായകനുള്ള കേരളസംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.

നിറം, കമൽ, അജിത്, ശാലിനി. Photo. Facebook.com. Screen Grab/Youtube

അനിയത്തിപ്രാവ്’ വൻ വിജയമായതോടെ മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായി മാറിയവരാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. ഇരുവരും ഒന്നിച്ചെത്തിയ ‘നിറം’ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ചിത്രമാണ്.

പ്രണയവും സൗഹൃദവും പറഞ്ഞു കൊണ്ട് 1999-ൽ കമൽ സംവിധാനം ചെയ്ത ചിത്രമാണിത്. സിനിമയുടെ ചിത്രീകരണകാലത്തെ അനുഭവങ്ങളും ചിത്രത്തിലെ സൗഹൃദത്തിന്റെ പ്രത്യേകതകളും പങ്കുവെക്കുകയാണ് സംവിധായകൻ കമൽ. വനിതക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കമലിന്റെ പ്രതികരണം.

‘നക്ഷത്രത്താരാട്ട്’, ‘പ്രേംപൂജാരി’ എന്നീ സിനിമകൾക്ക് ശേഷമാണ് കുഞ്ചാക്കോ ബോബനെയും ശാലിനിയെയും വെച്ച് ‘നിറം’ ആലോചിച്ചതെന്ന് കമൽ പറയുന്നു. ശാലിനിയുമായി ഫോണിൽ സംസാരിച്ചപ്പോഴാണ് ചിത്രത്തിലെ സോന എന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. ‘കൈക്കുടന്ന നിലാവി’ലെ വേണിയെപ്പോലെയല്ല, മോഡേൺ കോസ്റ്റ്യൂമിൽ പറന്നുനടക്കുന്ന കഥാപാത്രമാണ് സോനയെന്ന് അറിഞ്ഞതോടെയാണ് ശാലിനി ആവേശത്തിലായത് കമൽ പറഞ്ഞു.

‘ഒട്ടും ടെൻഷനില്ലാതെ ആസ്വദിച്ച് പൂർത്തിയാക്കിയ സിനിമയായിരുന്നു ‘നിറം’. ലൊക്കേഷൻ തന്നെ ഒരു ക്യാംപസ് മൂഡിലായിരുന്നു. എല്ലാവരും ജോളിയായിരുന്നു,’ കമൽ പറഞ്ഞു.

ചിത്രത്തിൽ അന്ന് മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത ചില പ്രയോഗങ്ങളും രംഗങ്ങളുമുണ്ടായിരുന്നുവെന്നും കമൽ പറയുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു കുഞ്ചാക്കോ ബോബന്റെയും ശാലിനിയുടെയും കഥാപാത്രങ്ങൾ പരസ്പരം ‘എടാ’ എന്ന് വിളിക്കുന്നത്. പ്രത്യേകിച്ച് ഒരു ആൺകുട്ടി പെൺകുട്ടിയെ ‘എടാ’ എന്ന് വിളിക്കുന്ന രീതി അക്കാലത്ത് പ്രേക്ഷകർക്ക് പുതിയ അനുഭവമായിരുന്നുവെന്നും കമൽ പറഞ്ഞു.

‘ഒന്നു പാളിപ്പോയാൽ കുഴപ്പത്തിലാകുന്ന ചില സീനുകൾ ‘നിറ’ത്തിലുണ്ടായിരുന്നു. ‘എടാ’ വിളി അതിലൊന്നായിരുന്നു. ആൺകുട്ടിയും പെൺകുട്ടിയും പരസ്പരം ‘എടാ’ എന്നു വിളിക്കുന്നത് അന്ന് പരിചയമില്ലാത്ത സംഗതിയായിരുന്നു. പ്രത്യേകിച്ച് ആൺകുട്ടി പെൺകുട്ടിയെ ‘എടാ’ എന്നു വിളിക്കുന്നത്,’ കമൽ പറഞ്ഞു.

നിറം, Photo. Screen Grab/Youtube

ഇന്ന് സൗഹൃദങ്ങൾക്കിടയിൽ സാധാരണമായി ഉപയോഗിക്കുന്ന ‘ബെസ്റ്റി’ എന്ന ആശയം മലയാളികൾക്ക് പരിചിതമാക്കുന്നതിൽ ‘നിറം’ വലിയ പങ്കുവഹിച്ചുവെന്നും കമൽ പറഞ്ഞു. ചിത്രത്തിലെ സൗഹൃദത്തെ പ്രേക്ഷകർക്ക് മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ സിനിമയുടെ ആസ്വാദനത്തെ തന്നെ ബാധിക്കുമായിരുന്നുവെന്നും കമൽ വ്യക്തമാക്കി.

‘ബെസ്റ്റി എന്ന് ഇന്ന് വിളിക്കുന്ന കോൺസെപ്റ്റ് അന്ന് മലയാളിക്ക് പരിചയപ്പെടുത്തിയത് ‘നിറ’മാണ്,’ കമൽ പറഞ്ഞു.

Content Highlight: Director Kamal shares his experiences from the filming of the movie ‘Niram’, as well as the unique nature of the friendships formed during the production