ന്യൂയോര്‍ക്ക്: ഗസയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ പട്ടിണി ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്ന് യു.എന്‍ ലോക ഭക്ഷ്യ പദ്ധതിയുടെ പുതിയ മേധാവി ലൂക്ക് ലിന്‍ഡ്ബര്‍ഗ്. ഫണ്ടിങ്ങിലെ കുറവുകള്‍ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും ഗസയില്‍ അടിയന്തരമായി വലിയ തോതിലുള്ള സഹായങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഡബ്ല്യു.എഫ്.പി വാഹനവ്യൂഹങ്ങള്‍ക്ക് നേരെ ഇസ്രഈല്‍ സൈന്യം വെടിയുതിര്‍ക്കുന്ന സാഹചര്യം എങ്ങനെ നേരിടുമെന്ന ചോദ്യത്തിന്, ജീവനക്കാരുടെ സുരക്ഷയ്ക്കാണ് താന്‍ എപ്പോഴും പ്രഥമ പരിഗണന നല്‍കുന്നതെന്ന് അദ്ദേഹം മറുപടി നല്‍കി.

ലോകത്തിന്റെ ഏത് ഭാഗത്തായാലും ജീവനക്കാരുടെ സംരക്ഷണത്തിനായി താന്‍ ശക്തമായി നിലകൊള്ളുമെന്നും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കവെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ 700-ലധികം ജീവനക്കാരെയാണ് നഷ്ടപ്പെട്ടതെന്നും, മറ്റുള്ളവരെ രക്ഷിക്കാനിറങ്ങുന്ന ആരും ഇത്തരത്തില്‍ ജീവന്‍ വെടിയേണ്ടി വരരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ഈ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അമേരിക്കയാണ് ലോക ഭക്ഷ്യ പദ്ധതിക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കുന്ന രാജ്യങ്ങളിലൊന്ന്. താന്‍ ഈ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടപ്പോള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്നും ട്രംപ് ഭരണകൂടത്തിലെ പലരുമായും മികച്ച ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എങ്കിലും, ഒറ്റപ്പെട്ട ഒരു രാജ്യത്തിനോ സ്ഥാപനത്തിനോ മാത്രം ഈ പ്രതിസന്ധി ഒറ്റയ്ക്ക് പരിഹരിക്കാനാവില്ലെന്നും, അന്താരാഷ്ട്ര സമൂഹത്തിന്റെയും രാജ്യങ്ങളുടെയും കൂട്ടായ പിന്തുണയും വലിയ തോതിലുള്ള സഹായങ്ങളും ഇതിനായി ആവശ്യമാണെന്നും ലൂക്ക് ലിന്‍ഡ്ബര്‍ഗ് ഓര്‍മിപ്പിച്ചു.

 

Content Highlight: Starvation in Gaza is completely unacceptable: UN pledges to ensure safety of aid workers