2020ൽ പുറത്തിറങ്ങിയ ഫാന്റസി കോമഡി ചിത്രം ‘മൂക്കുത്തി അമ്മൻ’ പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാരയാണ് അമ്മൻ ദേവിയുടെ വേഷത്തിലെത്തിയത്. ഒരു ആൾദൈവത്തിന്റെ തട്ടിപ്പുകൾ പുറത്തുകൊണ്ടുവരാൻ വാർത്താ അവതാരകനും ദേവിയും ഒന്നിക്കുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തിയേറ്റർ റിലീസ് ഒഴിവാക്കി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിനെത്തുകയാണ്. നയൻതാര വീണ്ടും മൂക്കുത്തി അമ്മനായി എത്തുന്ന ‘മൂക്കുത്തി അമ്മൻ 2’ നവംബർ ആറിനാണ് റിലീസായി എത്തുന്നത്.

ചിത്രത്തിൽ നയൻ‌താര, റെജീന, ഉർവശി, യോഗി ബാബു, സ്നേഹ, തുടർത്തിയ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നടി ഉർവശിയെ കുറിച്ച് ഖുശ്‌ബു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഉർവശി. Photo. Screen Grab/ Youtube

സിനിമയിൽ വർഷങ്ങളായി അഭിനയിക്കുന്നുണ്ടെങ്കിലും ഒരേ ഫ്രെയിമിൽ ഉർവശിക്കൊപ്പം അഭിനയിക്കുമ്പോൾ തനിക്ക് പേടി തോന്നാറുണ്ടെന്ന് പറയുകയാണ് നടി ഖുശ്‌ബു. ഉർവശിയുടെ അഭിനയമികവിനെക്കുറിച്ചും ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും ഖുശ്‌ബു സംസാരിച്ചു. മൂക്കുത്തി അമ്മൻ 2 സിനിമയുടെ പ്രീ റിലീസ് പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഒരുപാട് കാലമായി സിനിമയിൽ അഭിനയിക്കുന്നു. അഭിനയിക്കുമ്പോൾ ആര് മുന്നിൽ വന്നു നിന്നാലും ഞാൻ പേടിക്കാറില്ല. പക്ഷേ, ഒരേ സ്റ്റേജും ഫ്രെയിമും പങ്കിടുമ്പോൾ ഞാൻ പേടിച്ചിട്ടുണ്ടെങ്കിൽ അത് ഉർവശിയുടെ മുന്നിൽ മാത്രമാണ്,’ ഖുശ്‌ബു പറഞ്ഞു.

ഒരേ ഫ്രെയിമിൽ ഉർവശിക്കൊപ്പം അഭിനയിക്കുമ്പോൾ മറ്റ് അഭിനേതാക്കളുടെ പ്രകടനം എങ്ങനെയാകുമെന്ന് തമാശരൂപേണ പറഞ്ഞുകൊണ്ടാണ് ഖുശ്‌ബു ഉർവശിയുടെ അഭിനയമികവിനെക്കുറിച്ച് സംസാരിച്ചത്.

‘ചിലർ അഭിനയിക്കുമ്പോൾ നമ്മൾ ഒരേ ഫ്രെയിമിലാണെങ്കിൽ നമ്മളെ കടിച്ചുതിന്ന് തുപ്പിക്കളയും. എന്നാൽ ഉർവശി അങ്ങനെയല്ല. നമ്മളെ കണ്ടപാടെ വിഴുങ്ങിയിട്ട് പോകും. പിന്നെ നമ്മൾ എവിടെയാണെന്ന് തിരയേണ്ടിവരും. ഈ സിനിമയിൽ നമ്മളും കൂടെ അഭിനയിച്ചിട്ടുണ്ടല്ലോ, നമ്മൾ എവിടെയെന്ന് നോക്കേണ്ടിവരും. അഭിനയിക്കാൻ ഉർവശി കൂടെ ഉണ്ടെങ്കിൽ അവരുടെ പ്രെസെൻസ് മാത്രമേ സ്‌ക്രീനിൽ നമുക്ക് കാണാൻ സാധിക്കുകയൊള്ളു; ഖുശ്‌ബു പറഞ്ഞു.

ഒരു ഫ്രെയിമിൽ ഉർവശിയുണ്ടെങ്കിൽ പ്രേക്ഷകരുടെ മുഴുവൻ ശ്രദ്ധയും അവരിലേക്ക് പോകുമെന്നും ഖുശ്‌ബു കൂട്ടിച്ചേർത്തു. ‘അങ്ങനെയുള്ള അത്ഭുതമായി അഭിനയിക്കുന്ന നടിയാണ് അവർ. ഷീ ഈസ് എ ഫന്റാസ്റ്റിക് ആക്ടർ,’ ഖുശ്‌ബു പറഞ്ഞു.

അഭിനയത്തിലെ മികവിനൊപ്പം ഉർവശിയുമായുള്ള വർഷങ്ങൾ നീണ്ട സൗഹൃദത്തെക്കുറിച്ചും ഖുശ്‌ബു സംസാരിച്ചു.

‘അവൾ എന്നെ കുബു സ്വാമി എന്ന് വിളിക്കും. ഞാൻ അവളെ പൊടി എന്നാണ് വിളിക്കുക. അതാണ് അവളുടെ ചെല്ലപ്പേര്. അത്രയും വർഷമായിട്ടുള്ള സൗഹൃദമാണ് ഞങ്ങളുടേത്. പൊടി അന്ന് എങ്ങനെയായിരുന്നോ ഇപ്പോഴും അങ്ങനെത്തന്നെയാണ്. ഒരു മാറ്റവുമില്ല,’ ഖുശ്‌ബു പറഞ്ഞു.

സിനിമയിലും രാഷ്ട്രീയത്തിലുമുൾപ്പെടെ ചുറ്റുമുള്ള വിഷയങ്ങളെക്കുറിചെല്ലാം ഉർവശിക്ക് നല്ല ധാരണയുണ്ടെന്നും ലോകത്തിന്റെ തന്നെ എൻസൈക്ലോപീഡിയയാണ് അവരെന്നും ഖുശ്‌ബു പറഞ്ഞു.

മൂക്കുത്തി അമ്മൻ 2.Photo. IMDb

‘കമൽ സാർ അവരെ എൻസൈക്ലോപീഡിയ ഓഫ് സിനിമ എന്നാണ് വിളിക്കുന്നത്. എന്നാൽ ലോകത്തിന്റെ തന്നെ എൻസൈക്ലോപീഡിയ എന്ന് പറയുകയാണെങ്കിൽ അത് ഉർവശിയാണ്. കാരണം സിനിമ ആയാലും പൊളിറ്റിക്സ് ആയാലും അഭിനയം ആയാലും അങ്ങനെ എല്ലാത്തിനെ കുറിച്ചും അവൾക്ക് നല്ല ധാരണയുണ്ട്,’ ഖുശ്‌ബു പറഞ്ഞു.

Content Highlight: Actress Khushbu says that even though she has been acting in films for years, she still feels a sense of fear when sharing the same frame with Urvashi