രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ സ്ത്രീകൾ ആദ്യം പ്രപ്പോസ് ചെയ്യുന്നതിനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി അവതാരക ധന്യ വർമ. പുരുഷനാണോ സ്ത്രീയാണോ ആദ്യം പ്രണയം തുറന്നുപറയുന്നത് എന്നതുകൊണ്ട് എന്ത് വ്യത്യാസമാണുള്ളതെന്നാണ് ധന്യ ചോദിക്കുന്നത്. ഒരാളെ ഇഷ്ടമാണെങ്കിൽ സ്ത്രീകൾ തന്നെ മുൻകൈയെടുത്ത് പ്രണയാഭ്യർഥന നടത്തണമെന്നും ധന്യ സോഷ്യൽ മീഡിയയിലൂടെ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു.
‘സ്ത്രീകൾ ആദ്യം പ്രപ്പോസ് ചെയ്യണോ? തീർച്ചയായും. ചുറ്റുമുള്ള വൈകാരികമായി പക്വതയില്ലാത്തവരും മറ്റുള്ളവരെ ഒഴിവാക്കുന്ന സ്വഭാവമുള്ളവരും നാർസിസിസ്റ്റുകളും മോശം ഉദ്ദേശ്യങ്ങളുള്ളവരുമായ പുരുഷന്മാരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, നല്ലൊരാളെ കണ്ടെത്തിയാൽ നിങ്ങൾ സ്ത്രീകൾ തന്നെ പ്രപ്പോസ് ചെയ്യുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ഇത്തരം ആളുകൾ വലിയ വൈകാരിക മുറിവുകൾ നിങ്ങൾക്ക് ഉണ്ടാക്കിയേക്കാം,’ ധന്യ കുറിച്ചു.

ധന്യ വർമ.Photo. Screen Grab/ Youtube
പ്രണയം തുറന്നുപറയാൻ സ്ത്രീകൾ മടിക്കേണ്ടതില്ലെന്നും അതിന്റെ പേരിൽ വലിയ നഷ്ടങ്ങളൊന്നും സംഭവിക്കില്ലെന്നും ധന്യ പറയുന്നു. ‘ഒരു റിസ്ക് എടുത്ത് പ്രപ്പോസ് ചെയ്യൂ. ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല. കൂടിവന്നാൽ ഒരു നോ എന്നല്ലേയുള്ളൂ,’ ധന്യ കുറിച്ചു.
രശ്മികയുടെ അഭിമുഖത്തിന് പിന്നാലെ സ്ത്രീകൾ ആദ്യം പ്രപ്പോസ് ചെയ്യണോ എന്നതിലേക്ക് ചർച്ചകൾ മാറിയതിനെക്കുറിച്ചും ധന്യ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നുണ്ട്. ‘കോഫി വിത്ത് കരൺ’ പരിപാടിക്ക് പിന്നാലെയുള്ള ചർച്ച ഇപ്പോൾ സ്ത്രീകൾ ആദ്യം പ്രപ്പോസ് ചെയ്യണമോ എന്നതിലേക്ക് മാറിയിരിക്കുകയാണ്. എന്നാൽ പുരുഷനാണോ സ്ത്രീയാണോ ആദ്യം പ്രണയം തുറന്നുപറയുന്നത് എന്നതുകൊണ്ട് എന്താണ് വ്യത്യാസമെന്നാണ് താൻ ചിന്തിക്കുന്നതെന്നും ധന്യ കുറിച്ചു.

ധന്യ വർമ.Photo. Screen Grab/ Youtube
അതേസമയം, പ്രണയാഭ്യർഥന നടത്തുന്നതിന് മുമ്പ് സ്വന്തം വികാരങ്ങളെക്കുറിച്ച് വ്യക്തതയുണ്ടാകണമെന്നും ധന്യ വ്യക്തമാക്കി. ഒരാളോട് തോന്നുന്നത് യഥാർഥ ഇഷ്ടമാണോ അതോ ആ വ്യക്തിയെക്കുറിച്ച് സ്വന്തം മനസിൽ സങ്കൽപ്പിച്ചുണ്ടാക്കിയ ധാരണയാണോ എന്ന് തിരിച്ചറിയാൻ സമയമെടുക്കണം. ഒരാളെ പ്രപ്പോസ് ചെയ്യുന്നതിന് മുമ്പ് അയാളെ ശരിക്കും ഇഷ്ടമാണെന്ന് ഉറപ്പുവരുത്തണമെന്നും ധന്യ കൂട്ടിച്ചേർത്തു.
പ്രണയാഭ്യർഥനയ്ക്ക് ലഭിക്കുന്ന മറുപടി അനുകൂലമായാലും പ്രതികൂലമായാലും അതിനെ എത്രത്തോളം പക്വതയോടെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനമെന്നും ധന്യ വ്യക്തമാക്കി.
Content Highlight: Amidst discussions regarding the romance between Rashmika Mandanna and Vijay Deverakonda, presenter Dhanya Varma clarified her stance on women making the first move in a proposal
