രഞ്ജി ട്രോഫിയിൽ ജമ്മു കാശ്മീരിനെതിരെ തകർപ്പൻ ട്രിപ്പിൾ സെഞ്ച്വറി സ്വന്തമാക്കി ബറോഡ താരം പ്രിയാൻഷു മൊലിയ. വഡോദരയിൽ നടക്കുന്ന മത്സരത്തിൽ 492 പന്തുകളിൽ നിന്നും പുറത്താവാതെ 321 റൺസ് നേടിയാണ് താരം കരുത്തുകാട്ടിയത്. 36 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ബറോഡക്ക് വേണ്ടി 300 റൺസ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് മോലിയ.

1946-47 സീസണിൽ രഞ്ജി ട്രോഫി ഫൈനലിൽ ഹോൾകാറിനെതിരെ ഗുൽ മുഹമ്മദ് ആയിരുന്നു ഇതിന് മുമ്പ് ട്രിപ്പിൾ സെഞ്ച്വറി നേടി തിളങ്ങിയിരുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഴാമത്തെ ഇന്ത്യൻ താരം കൂടിയാണ് മോലിയ. 21 വയസും 132 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം.

ഇതിന് മുമ്പ് തന്നെ വലിയ സ്കോറുകൾ നേടി ക്രിക്കറ്റ് സർക്കിളുകളിൽ മുഴങ്ങിക്കേട്ട പേരുകളിലൊന്നാണ് മോലിയ. 13 വയസ്സുള്ളപ്പോൾ വഡോദരിയിൽ നടന്ന അണ്ടർ 14 ടൂർണമെന്റിൽ 319 പന്തിൽ നിന്നും 556 റൺസ് നേടി താരം വാർത്തകളിൽ ശ്രദ്ധ നേടിയിരുന്നു. അന്ന് 98 ഫോറുകളും ഒരു സിക്സും അടക്കമായിരുന്നു മോലിയ അടിച്ചുകൂട്ടിയത്.

2022ലായിരുന്നു മോലിയ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒഡീഷയ്ക്കെതിരെയുള്ള മത്സരത്തിൽ 118 റൺസും ഹരിയാനക്കെതിരെയുള്ള പോരാട്ടത്തിൽ പുറത്താവാതെ 144 റൺസും നേടി താരം വരവറിയിച്ചു.

2024ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കായി താരം 2025 26 വിജയ് ഹസാരെ ട്രോഫിയിൽ ജമ്മു കാശ്മീരിനെതിരെയും ചണ്ഡീനെതിരെയും തുടർച്ചയായ സെഞ്ച്വറികൾ നേടി തിളങ്ങിയിരുന്നു. ഈ സീസണിൽ ബീഹാറിനെതിരെ മത്സരത്തിൽ 132 റൺസ് നേടിയും താരം തിളങ്ങിയിരുന്നു.

അതേസമയം മത്സരത്തിൽ മോലിയയുടെ ട്രിപ്പിൾ സെഞ്ച്വറി കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ബറോഡ 616 റൺസാണ് സ്വന്തമാക്കിയത്. മോലിയക്കൊപ്പം മഹേഷ് പിത്തിയ 102 റൺസും റാഷിക്ക് സലാം 47 റൺസും ദീപക് ഹൂഡ 45 റൺസും സ്വന്തമാക്കി ടീമിന് മികച്ച ടോട്ടൽ സമ്മാനിച്ചു.

ജമ്മു കാശ്മീർ ബൗളിങ്ങിൽ ഷാഹിൽ ലോത്ര നാല് വിക്കറ്റുകളും വൻഷാജ് ശർമ, ഉമർ നസീർ മിർ എന്നിവർ രണ്ട് വീതം വിക്കറ്റുകളും രോഹിത് ശർമ, സുനിൽ കുമാർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഒന്നാം ഇന്നിങ്സിൽ ജമ്മു കാശ്മീർ 303 റൺസിനാണ് പുറത്തായത്. ജമ്മുവിന് വേണ്ടി ഖമ്രാൻ ഇഖ്ബാൽ 121 റൺസും ഉമ്മർ നസീർ 101 റൺസും സ്വന്തമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു.

ബൗളിങ്ങിൽ ബറോഡ ക്യാപ്റ്റൻ അതിത്ത് ഷെത്ത് നാല് വിക്കറ്റുകളും ഭാർഗവ് ബട്ട് മൂന്ന് വിക്കറ്റും സ്വന്തമാക്കി മികച്ച പ്രകടനം നടത്തി. മഹേഷ് രണ്ട് വിക്കറ്റ് നേടിയപ്പോൾ രാജ്‌ ലിമ്പാനി ഒരു വിക്കറ്റും വീഴ്ത്തി.

 

Content Highlight: Priyanshu Moliya  scored a historical triple century in Ranji Trophy for Baroda