ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റയെ തകര്‍ക്കുന്നുവെന്ന തന്റെ വാദത്തെ എതിര്‍ത്ത കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി. ടാറ്റയെ കുറ്റകരമായ രീതിയില്‍ തകര്‍ക്കുകയാണെന്നും എന്നാല്‍ ഒരു വ്യവസായ പ്രമുഖനും ഇതിനെതിരെ ഒരക്ഷരം മിണ്ടാന്‍ ധൈര്യപ്പെടുന്നില്ലെന്നും രാഹുല്‍ ഗാന്ധി ഇന്ന് (ഒക്ടോബര്‍ 29, ബുധന്‍) എക്‌സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഈ പോസ്റ്റിനെയാണ് നിര്‍മല സീതാരാമന്‍ എതിര്‍ത്തത്.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍, എല്ലാ വിഷയങ്ങളെയും രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ താങ്കളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് രാഹുലിന്റെ എക്‌സ് പോസ്റ്റിനോട് നിര്‍മല സീതാരാമന്‍ പ്രതികരിച്ചത്. വാണിജ്യപരവും നിയമപരവുമായ വിഷയങ്ങളെ നിസ്സാരമായി ‘ക്രിമിനല്‍’ എന്ന് മുദ്രകുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ വ്യവസായങ്ങളുടെയും സംരംഭകരുടെയും വിജയങ്ങളെ താങ്കള്‍ ആവര്‍ത്തിച്ച് വിമര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍, അവിശ്വാസവും വിഷലിപ്തമായ അന്തരീക്ഷവും സൃഷ്ടിക്കാന്‍ വ്യവസായ പ്രമുഖരെയും കൂടെക്കൂട്ടാനാണോ താങ്കള്‍ ശ്രമിക്കുന്നതെന്നും നിര്‍മല സീതാരാമന്‍ രാഹുലിനോട് ചോദിച്ചിരുന്നു.

ടാറ്റ ട്രസ്റ്റ്‌സിനെയും ടാറ്റ സണ്‍സിനെയും അമിത് ഷായുടെ വസതിയില്‍ എത്തിക്കേണ്ടി വന്ന ആ ‘നിയമപരവും വാണിജ്യപരവുമായ വിഷയം’ എന്താണെന്ന് ചോദിച്ച് ധനമന്ത്രിയുടെ പോസ്റ്റിന് രാഹുല്‍ മറുപടി നല്‍കി. നിങ്ങളുടെ ഒന്നാം നമ്പര്‍ ചങ്ങാതി (ക്രോണി) എപ്പോഴാണ് ഈ കളിയിലേക്ക് കടന്നുവരുന്നത്? ടാറ്റയുടെ ഏതെല്ലാം ഭാഗങ്ങളാണ് അയാള്‍ക്ക് ലഭിക്കാന്‍ പോകുന്നതെന്നും രാഹുല്‍ ഇന്ന് വൈകിട്ട് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ധനമന്ത്രിയോട് ചോദിച്ചു.

നിങ്ങളുടെ മൂന്നോ നാലോ ‘ചങ്ങാതികള്‍’ ഒഴികെ, ഇന്ത്യയിലെ മറ്റെല്ലാ ബിസിനസ്സുകാര്‍ക്കും നിങ്ങളോടെല്ലാം ഇതിനകം തന്നെ വെറുപ്പാണ്. അവരെ പ്രകോപിപ്പിക്കാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും രാഹുല്‍ എക്‌സ്‌പോസ്റ്റില്‍ കുറിച്ചു.

ഇന്ന് രാവിലെയായിരുന്നു ടാറ്റാ സണ്‍സിനെക്കുറിച്ചുള്ള രാഹുലിന്റെ ആദ്യത്തെ കുറിപ്പ് എക്‌സില്‍ പങ്കുവെച്ചത്. ‘നിങ്ങള്‍ എത്രകാലം മൗനം പാലിക്കും? അവര്‍ നിങ്ങളെ പൂര്‍ണ്ണമായും വരുതിയിലാക്കുന്നത് വരെയാണോ?,’ എന്ന് രാജ്യത്തെ വ്യവസായികളോട് ആ പോസ്റ്റില്‍ രാഹുല്‍ ചോദിച്ചിരുന്നു.

ഇന്ത്യന്‍ വ്യവസായ മേഖല മോദിയുടെയും ഷായുടെയും കളിപ്പാട്ടമല്ല. നിങ്ങള്‍ക്ക് ധൈര്യമില്ലായിരിക്കാം, പക്ഷേ ഞങ്ങള്‍ക്കുണ്ട്. ഈ കുറ്റകൃത്യങ്ങള്‍ക്ക് ഞങ്ങള്‍ നീതി ഉറപ്പാക്കുമെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് രാഹുലിന്റെ കുറിപ്പില്‍ നിര്‍മല സീതാരാമന്‍ എക്‌സ് പോസ്റ്റില്‍ പ്രതികരണം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള തങ്ങളുടെ സര്‍ക്കാര്‍, ഇന്ത്യന്‍ വ്യവസായങ്ങളെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവരും സാമ്പത്തിക വളര്‍ച്ചയുടെ ചാലകശക്തികളുമായി കാണുന്നുവെന്നതടക്കമുള്ള അവകാശ വാദങ്ങള്‍ നിര്‍മല സീതാരാമന്റെ എക്‌സ് പോസ്റ്റിലുണ്ട്.

‘സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും വ്യവസായങ്ങള്‍ക്ക് പിന്തുണ നല്‍കാനും നിക്ഷേപങ്ങളെ ആകര്‍ഷിക്കാനും ഉതകുന്ന രീതിയിലാണ് ഞങ്ങളുടെ നയങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

നമ്മുടെ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിലും, കര്‍ഷകരെ ശാക്തീകരിക്കുന്നതിലും, യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും സര്‍ക്കാരുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ട്.

അതുകൊണ്ട്, സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം, ക്രിയാത്മകമായി ഇടപെടുകയാണ് വേണ്ടത്,’ എന്നും നിര്‍മല സീതാരാമന്‍ രാഹുലിനോട് പറഞ്ഞിരുന്നു.

Content Highlight: Which “legal and commercial matter” required Tata Trusts and Tata Sons to be hosted at Amit Shah’s residence?- Rahul to Nirmala Sitaraman