ഒരുകാലത്ത് സൂപ്പര്‍സ്റ്റാറായി തിളങ്ങിയ നടന്മാര്‍ പിന്നീട് മറ്റ് ഭാഷകളില്‍ വില്ലന്മാരാകുന്നത് സ്ഥിരം കാഴ്ചയാണ്. കെ.ജി.എഫില്‍ സഞ്ജയ് ദത്തും കൂലിയില്‍ നാഗാര്‍ജുനയുമെല്ലാം ഇത്തരത്തില്‍ വില്ലന്‍ റോള്‍ ചെയ്ത് ഞെട്ടിച്ചവരാണ്. സ്വന്തം സ്റ്റാര്‍ഡത്തിന്റെ ഭാരം അഴിച്ചുവെച്ച് ഇത്തരം റോളുകള്‍ ചെയ്യുന്ന താരങ്ങള്‍ സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയാകാറുണ്ട്.

ഈ ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രികളാണ് ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തിയും തെലുങ്കിലെ പഴയകാല സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ബാബുവും. തമിഴിലെ സര്‍വ്വകാല വിജയമായ ജയിലര്‍ 2ലെ വില്ലനായി മിഥുന്‍ ചക്രവര്‍ത്തി വേഷമിട്ടപ്പോള്‍ നാനിയുടെ പാരഡൈസിലാണ് മോഹന്‍ ബാബു വില്ലന്‍ വേഷത്തിലെത്തിയത്.

എന്നാല്‍ സിനിമക്ക് ഓക്കെ പറയുന്നതിന് ഇവര്‍ രണ്ടുപേരും മുന്നോട്ട് വെച്ച നിബന്ധനകളാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. ഒരുകാലത്തെ സൂപ്പര്‍താരങ്ങളായി നിന്ന ഇരുവരും തല്ലുകൊള്ളി വില്ലനാകാന്‍ താത്പര്യമില്ലെന്നായിരുന്നു സംവിധായകരോട് ആദ്യമേ അറിയിച്ചത്. നായകന്‍ തങ്ങളെ തല്ലുന്ന ഒരു സീന്‍ പോലും ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു പ്രധാന നിബന്ധന.

രണ്ട് ദേശീയ അവാര്‍ഡും ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡുമടക്കം നേടിയ മിഥുന്‍ ചക്രവര്‍ത്തി ആദ്യമായാണ് രജിനിയുടെ വില്ലനായി വേഷമിടുന്നത്. രജിനിക്കൊപ്പം ഒന്നിലേറെ കോമ്പിനേഷന്‍ സീനുകളുള്ള മിഥുന്‍ ചക്രവര്‍ത്തിക്ക് രജിനിയുടെ കഥാപാത്രം തന്നെ തല്ലാന്‍ പാടില്ലെന്നും നായകന്റെ കൈകൊണ്ട് മരിക്കാന്‍ പാടില്ലെന്നുമുള്ള കണ്ടീഷനുകള്‍ മുന്നോട്ടുവെച്ചിരുന്നു. സംവിധായകന്‍ നെല്‍സണ്‍ ഇത് സമ്മതിക്കുകയും ചെയ്തു. സ്വയം ബോംബ് പൊട്ടിയാണ് മിഥുന്‍ ചക്രവര്‍ത്തിയുടെ ചക്രി കല്‍പക് ജയിലര്‍ 2ല്‍ മരിക്കുന്നത്.

തെലുങ്ക് ഇന്‍ഡസ്ട്രിയിലെ പഴയകാല സിംഹമായ മോഹന്‍ ബാബു ആദ്യമായാണ് വില്ലന്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്. തന്നെക്കാള്‍ ഒരുപാട് ജൂനിയറായ നാനിയുടെ വില്ലനായി മോഹന്‍ ബാബു വേഷമിടുന്നത് തെലുങ്ക് സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയായിരുന്നു. മിഥുന്‍ ചക്രവര്‍ത്തിയെപ്പോലെ മോഹന്‍ബാബുവും സംവിധായകന്റെ മുന്നില്‍ അതേ നിബന്ധനകള്‍ വെച്ചിരുന്നു.

സീനിയോരിറ്റിയോടുള്ള ബഹുമാനം കൊണ്ട് നായകന്റെ ടൈറ്റില്‍ കാര്‍ഡിന് മുമ്പ് മോഹന്‍ ബാബുവിന്റെ ടൈറ്റില്‍ കാര്‍ഡാണ് സിനിമയില്‍ കാണിച്ചത്. ഇന്റര്‍വല്ലിന് ശേഷം നായകനെ അടിച്ച് സൈഡാക്കുന്നതടക്കം ചില മാസ് സീനുകള്‍ മോഹന്‍ ബാബു അവതരിപ്പിച്ച ഷികാഞ്ച മാലിക്കിനുണ്ട്. ക്ലൈമാക്‌സില്‍ നായകന്‍ വിജയിച്ചെന്നറിയുന്ന വില്ലന്‍ സ്വയം വെടിവെച്ചാണ് മരിക്കുന്നത്.

ജയിലര്‍ 2ല്‍ ഒരുപാട് താരങ്ങളുള്ളതിനിടയില്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ കഥാപാത്രം വലിയ ചര്‍ച്ചയായില്ല. എന്നാല്‍ തിയേറ്ററില്‍ പരാജയമാവുകയും ഒ.ടി.ടി റിലീസില്‍ ട്രോള്‍ മെറ്റീരിയലായി മാറുകയും ചെയ്ത പാരഡൈസിലെ വില്ലന്‍ എയറിലാണ്. ഭാവിയില്‍ മറ്റേതെങ്കിലും സൂപ്പര്‍സ്റ്റാര്‍ വില്ലന്‍ വേഷം ചെയ്യുമ്പോള്‍ ഇത്തരം കണ്ടീഷനുകള്‍ മുന്നോട്ടുവെക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Midhun Chakravarthy in Jailer 2 and Mohan Babu in Paradise viral in social media