ടെല്‍ അവീവ്: ഇസ്രഈല്‍ പാര്‍ലമെന്റിലേക്കുള്ള (നെസെറ്റ്) തെരഞ്ഞെടുപ്പില്‍ അറബ് വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള പാര്‍ട്ടികള്‍ മുന്നേറ്റമുണ്ടാക്കിയെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക ശക്തിയാവാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. അറബ് പാര്‍ട്ടികള്‍ക്കെതിരെ ഇസ്രഈലി പാര്‍ട്ടികളുടെ രാഷ്ട്രീയപരമായ വിലക്കുള്ളതിനാലാണ് ഇതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈല്‍ തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍ റെക്കോഡ് എണ്ണം സീറ്റുകള്‍ നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിനാല്‍ തന്നെ പ്രധാന രാഷ്ട്രീയ മുന്നണികള്‍ക്ക് ഇവരെ അവഗണിക്കുന്നത് കൂടുതല്‍ പ്രയാസകരമാക്കും. എന്നാല്‍ അറബ് പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന തെരഞ്ഞെടുപ്പ് നേട്ടങ്ങളെ രാഷ്ട്രീയ സ്വാധീനമാക്കി മാറ്റുന്നതിനെ തടയുന്ന ഒരുതരം രാഷ്ട്രീയ വിലക്ക് നിലനില്‍ക്കുന്നുവെന്ന് അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഈ അകല്‍ച്ച, അറബ് പൗരന്മാരെ നിയമവിരുദ്ധരായും അനാവശ്യ പങ്കാളികളായും കാണുന്ന വംശീയമായ ഒരു ഘടനയില്‍ വേരൂന്നിയതാണ്,’ എനന്ന് വെസ്റ്റ് ബാങ്കിലെ റാമല്ലയിലുള്ള ‘ഫലസ്തീനിയന്‍ ഫോറം ഫോര്‍ ഇസ്രഈലി സ്റ്റഡീസി’ന്റെ ഡയറക്ടര്‍ ജനറല്‍ ഹൊനൈദ ഘാനത്തെ അധികരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അറബ് പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ ഭൂരിഭാഗം ഇസ്രഈല്‍ പാര്‍ട്ടികളും എതിര്‍ക്കുന്നതിനെയാണ് അവര്‍ ഇങ്ങനെ വിശേഷിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

‘ജോയിന്റ് ലിസ്റ്റ്’, ‘റാം’ എന്നീ അറബ് പാര്‍ട്ടികള്‍ക്ക് 120 അംഗ നെസെറ്റില്‍ ആകെ 17 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നാണ് ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. അറബ് പാര്‍ട്ടികള്‍ക്ക് മൊത്തത്തില്‍ 18 മുതല്‍ 19 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു. നാല് വര്‍ഷം മുമ്പുള്ള അവരുടെ പ്രകടനത്തേക്കാള്‍ മികച്ച നേട്ടമാണിത്.

ഇസ്രഈല്‍ തെരഞ്ഞെടുപ്പില്‍ അന്തിമ ഫലം പുറത്തുവന്നിട്ടില്ല. നെതന്യാഹുവിന്റെ മുന്നണിക്ക് 54 സീറ്റുകളും, ഗാഡി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 49 സീറ്റുകളും ലഭിച്ചതായി ഭാഗിക ഫലങ്ങള്‍ വ്യക്തമാക്കുന്നു.

പ്രധാന മുന്നണികള്‍ക്കൊന്നും നെസെറ്റില്‍ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍, അറബ് പാര്‍ട്ടികള്‍ക്ക് സ്വാധീനം ചെലുത്താന്‍ അവസരമുണ്ടായേക്കാം. എന്നാല്‍, ഇവരെ യഥാര്‍ത്ഥ നിര്‍ണായക ശക്തി എന്ന് വിളിക്കാനാവില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയതായി അല്‍ ജസീറ റിപ്പോര്‍ച്ച് ചെയ്തു.

നെതന്യാഹുവും ഐസന്‍കോട്ടും അറബ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഐസന്‍കോട്ടിന്റെ പ്രതിപക്ഷ സഖ്യവും അറബ് പാര്‍ട്ടികളും തമ്മില്‍ ഒരു സഖ്യമുണ്ടായാല്‍ അവര്‍ക്ക് ആകെ 66 സീറ്റുകള്‍ ലഭിക്കുമെന്ന് ദി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പ്രതിപക്ഷ സഖ്യം അറബ് പാര്‍ട്ടികളുമായി കൈകോര്‍ക്കാന്‍ വിസമ്മതിക്കുന്നെന്നും ഇതിന് കാരണം പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടാണെന്നും ഫലസ്തീനിയന്‍ രാഷ്ട്രീയ നിരീക്ഷകനായ അഹമ്മദ് നജ്ജാര്‍ പറയുന്നു.

‘അറബ് പാര്‍ട്ടികള്‍ക്ക് മേല്‍ ഐസന്‍കോട്ട് കൂറ് തെളിയിക്കാനുള്ള പരീക്ഷകള്‍ അടിച്ചേല്‍പ്പിക്കുകയും, തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ പ്രകാരം അവരുടെ പിന്തുണ അനിവാര്യമാണെന്നിരിക്കെത്തന്നെ അവരെ ആശ്രയിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു,’ എന്നും നജാറിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അറബ് വംശജരായ നിയമനിര്‍മ്മാതാക്കളെ നിയമാനുസൃത രാഷ്ട്രീയ പങ്കാളികളായി അംഗീകരിക്കാന്‍ ചിലര്‍ വിസമ്മതിക്കുന്നതുകൊണ്ട് പ്രതിപക്ഷ സഖ്യത്തിന് നെതന്യാഹുവിനെതിരെ മുന്നണി രൂപീകരിച്ച് ഭൂരിപക്ഷത്തിലെത്താന്‍ സാധിക്കില്ലെന്ന് ടൈംസ് ഓഫ് ഇസ്രഈലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തുടര്‍ച്ചയായ ഭരണത്തെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ക്കാണ് ഇസ്രഈല്‍ വോട്ടര്‍മാരില്‍ വ്യക്തമായ ഭൂരിപക്ഷമെന്ന് അന്തിമഘട്ടത്തോടടുത്ത തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാലും അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നേക്കാം.

അദ്ദേഹത്തെ പുറത്താക്കാന്‍ ആവശ്യമായ അംഗബലം പ്രതിപക്ഷത്തിനില്ലാത്തതുകൊണ്ടല്ല, മറിച്ച് അറബ് വംശജരായ നിയമനിര്‍മാതാക്കളെ നിയമാനുസൃത രാഷ്ട്രീയ പങ്കാളികളായി അംഗീകരിക്കാന്‍ ചിലര്‍ വിസമ്മതിക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്,’ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, തെരഞ്ഞെടുപ്പില്‍ സയണിസ്റ്റ് ജനവിഭാഗത്തിനിടയില്‍ വലതുപക്ഷ പാര്‍ട്ടികള്‍ക്ക് ‘നിര്‍ണ്ണായക ഭൂരിപക്ഷം’ ലഭിച്ചുവെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു. ഒരു ‘ദേശീയ വലതുപക്ഷ സര്‍ക്കാര്‍’ രൂപീകരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമായ വിജയിയെ ആരെയും കാണിക്കുന്നില്ല. നെതന്യാഹുവിന്റെ സഖ്യം പ്രധാന പ്രതിപക്ഷ സഖ്യത്തേക്കാള്‍ നേരിയ മുന്‍തൂക്കം മാത്രമാണ് പുലര്‍ത്തുന്നത്. ഇരുപക്ഷത്തിനും കേവല ഭൂരിപക്ഷം നേടാനായിട്ടില്ല.

സെന്‍ട്രല്‍ ഇലക്ഷന്‍സ് കമ്മിറ്റിയുടെ കണക്കനുസരിച്ച്, 77.7 ശതമാനം വോട്ടര്‍മാര്‍ ഇസ്രഈല്‍ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Content Highlight: Arab parties and Potential to be King Makers in Israel Knesset