മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ ഐ.പി.എല്‍ 2027 സീസണിന് മുന്നോടിയായി ടീം വിടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, അദ്ദേഹത്തിനായി രംഗത്തുള്ള ടീമുകളെയും സാധ്യമായ ട്രേഡ് പാക്കേജുകളെയും കുറിച്ച് ഇന്ത്യന്‍ ഇതിഹാസം ആര്‍. അശ്വിന്‍.

നിലവില്‍ മുംബൈ ഇന്ത്യന്‍സ് വിടാന്‍ താത്പര്യപ്പെടുന്ന ഹര്‍ദിക്കിന് പുതിയ ടീമില്‍ ക്യാപ്റ്റന്‍സി വേണമെന്ന് നിര്‍ബന്ധമില്ലെന്നും, തനിക്ക് അനുയോജ്യമായ ഫ്രാഞ്ചൈസിയിലേക്ക് മാറാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും അശ്വിന്‍ പറഞ്ഞു.

ആർ. അശ്വിൻ..Photo: Hello Cricket/x.com

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്യാപ്റ്റനാകാന്‍ കഴിയുമെന്നതിനാല്‍ ഹര്‍ദിക്കിനെ സംബന്ധിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ മികച്ച സാധ്യതകളുണ്ട്. ഹര്‍ദിക്കിനായി അവര്‍ക്ക് വരുണ്‍ ചക്രവര്‍ത്തിയെ കൈമാറാന്‍ സാധിച്ചേക്കും. എന്നാല്‍ അഭിഷേക് നായര്‍ ടീമിലുള്ളിടത്തോളം വരുണ്‍ കെ.കെ.ആര്‍ വിടുമെന്ന് ഞാന്‍ കരുതുന്നില്ല. ഹര്‍ഷിത് റാണ, റിങ്കു സിങ് എന്നിവരും മറ്റ് ഓപ്ഷനുകളാകാം.

ഹര്‍ദിക് പാണ്ഡ്യ

രാജസ്ഥാന്‍ റോയല്‍സിന്റെ കാര്യമെടുത്താല്‍, യശസ്വി ജയ്സ്വാളിനെയും സാം കറനെയും ഉള്‍പ്പെടുത്തിയുള്ള കൈമാറ്റമാകാം. അല്ലെങ്കില്‍ ബ്രിജേഷ് ശര്‍മയെയോ തുഷാര്‍ ദേശ്പാണ്ഡെയെയോ പരിഗണിക്കാം. ജയ്സ്വാളിനൊപ്പം യാഷ് രാജ് പുഞ്ജയെയോ രവി ബിഷ്ണോയിയെയോ ഉള്‍പ്പെടുത്തിയുള്ള കൈമാറ്റത്തിനും സാധ്യതയുണ്ട്.’

മുംബൈ ഇന്ത്യന്‍സിന് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ അത്യാവശ്യമായി വേണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോശം പ്രകടനം നടത്തുന്ന ബൗളിങ് നിരയെ ശക്തിപ്പെടുത്താനും അവര്‍ ശ്രമിക്കും. അസ്മത്തുള്ള ഒമര്‍സായിയെ ഉള്‍പ്പെടുത്തി പഞ്ചാബ് കിങ്സ് നടത്തുന്ന നീക്കം മുംബൈയ്ക്ക് താത്പര്യമുണ്ടാക്കിയേക്കാം.

ഗുജറാത്ത് ടൈറ്റന്‍സിനെ കുറിച്ച് ആരും സംസാരിക്കുന്നില്ലെങ്കിലും, ഹര്‍ദിക്കിനായി റാഷിദ് ഖാനെ വിട്ടുനല്‍കി അവര്‍ക്കും കൈമാറ്റത്തില്‍ പങ്കാളികളാകാം,’ അശ്വിന്‍ പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യ. Photo: miipaltan/x.com

‘ഹര്‍ദിക് പാണ്ഡ്യയ്ക്കായി ആറ് ടീമുകള്‍ വരെ രംഗത്തുണ്ടെന്നാണ് ഞാന്‍ കേള്‍ക്കുന്നത്. എന്നാല്‍ അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നില്ല. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഈ പോരാട്ടത്തിലില്ല. പ്രധാനമായും ചെന്നൈ സൂപ്പര്‍ കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകളാണ് രംഗത്തുള്ളത്.

അടുത്ത ഫ്രാഞ്ചൈസിയില്‍ ഹര്‍ദിക്കിന് ക്യാപ്റ്റന്‍സി ലഭിക്കണമെന്നത് ഇനി നിര്‍ബന്ധമായ കാര്യമല്ലെന്നും ഞാന്‍ കരുതുന്നു. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്ന അദ്ദേഹം, തനിക്ക് ഏറ്റവും അനുയോജ്യമായ ഫ്രാഞ്ചൈസിയിലേക്ക് പോകാനായിരിക്കും താത്പര്യപ്പെടുക,’ ഇന്ത്യന്‍ ഇതിഹാസതാരം കൂട്ടിച്ചേര്‍ത്തു.

2024ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തത് മുതല്‍ ഹര്‍ദിക്കിന് കടുത്ത തിരിച്ചടികളാണ് നേരിടേണ്ടി വന്നത്.

ഐ.പി.എല്‍ 2026ല്‍ 14 മത്സരങ്ങളില്‍ നിന്ന് നാല് ജയം മാത്രം നേടി പത്ത് ടീമുകളുള്ള പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്. ഹര്‍ദിക്കിന്റെ നേതൃത്വത്തിലുള്ള മൂന്ന് സീസണുകളില്‍ രണ്ടാമത്തെ തവണയാണ് മുംബൈ പ്ലേഓഫ് കാണാതെ പുറത്താകുന്നത്.

2026 സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 206 റണ്‍സും 11.42 ഇക്കോണമി റേറ്റില്‍ 4 വിക്കറ്റുകളും മാത്രമാണ് ഹര്‍ദിക് നേടിയത്.

അതേസമയം, നവംബര്‍ 15നകം ഓരോ ടീമുകളും തങ്ങളുടെ റീറ്റെന്‍ഷന്‍ ലിസ്റ്റ് സമര്‍പ്പിക്കേണ്ടതുണ്ട്; ഡിസംബറില്‍ പുതിയ സീസണിന്റെ ലേലം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഹര്‍ദിക് പാണ്ഡ്യയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുംബൈ ഇന്ത്യന്‍സിന് വളരെ കുറഞ്ഞ സമയം മാത്രമാണുള്ളത്.

 

Content Highlight: Hardik likely to seek an exit from Mumbai; won’t insist on captaincy in a new team, says Ashwin while assessing the possibilities.