ഫ്രാൻസ് ഫുട്ബോൾ മാഗസിൻ അവതരിപ്പിച്ച പ്രഥമ ബോട്ട് (Ballon d’or of All Time) പുരസ്കാരം സ്വന്തമാക്കി പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. കുറഞ്ഞത് രണ്ട് തവണയെങ്കിലും ബാലൺ ഡി നേടിയ താരങ്ങളിൽ ഏറ്റവും മികച്ച ഒരു വ്യക്തിഗത സീസൺ ആരുടേതാണെന്ന് കണ്ടെത്തുന്നതിന് വേണ്ടി ആരാധകർക്കിടയിൽ വോട്ടെടുപ്പ് സംഘടിപ്പിച്ചാണ് റൊണാൾഡോയെ വിജയിയായി പ്രഖ്യാപിച്ചത്.
2008 സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഐതിഹാസികമായ പോരാട്ടങ്ങളാണ് റൊണാൾഡോയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. റൊണാൾഡോ ആദ്യമായി ബാലൺ ഡി ഓർ നേടിയ വർഷമായിരുന്നു ഇത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 31 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്.
ആ സീസണിൽ റെഡ് ഡെവിൾസിനെ ലീഗ് കിരീടത്തിലേക്ക് നയിക്കാനും റൊണാൾഡോക്ക് സാധിച്ചു. ആ സീസണിലെ തന്നെ യുവേഫ ചാമ്പ്യൻസ് ലീഗ് നേടിയതും മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു. ചാമ്പ്യൻസ് ലീഗിന്റെ കലാശ പോരാട്ടത്തിൽ ചെൽസിക്കെതിരെ ഫൈനലിൽ ഗോൾ നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്കും റൊണാൾഡോ വഹിച്ചിരുന്നു.

2012ൽ ബാഴ്സലോണക്കൊപ്പം അർജന്റൈൻ ഇതിഹാസം ലയണൽ മെസി നടത്തിയ പ്രകടനങ്ങലാണ് രണ്ടാം സ്ഥാനത്തെത്തിയത്. പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലും റൊണാൾഡോയുടെ സർവ്വാധിപത്യമാണ്. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിനൊപ്പമുള്ള 2017, 2016 സീസണിലെ റൊണാൾഡോ മൂന്നും അഞ്ചും സ്ഥാനങ്ങൾ സ്വന്തമാക്കി. നാലാം സ്ഥാനത്തുള്ളത് 2023ലെ മെസിയുടെ സീസൺ ആണ്.

റാങ്കിങ്ങിൽ ആദ്യ 10 സ്ഥാനങ്ങളിലും ഉള്ളത് റൊണാൾഡോയും മെസിയും തന്നെയാണ്. 2008, 2017, 2016, 2014, 2013 എന്നീ വർഷങ്ങളിലേ റൊണാൾഡോയുടെ പ്രകടനങ്ങൾ ആദ്യ 10 സ്ഥാനങ്ങളിൽ ഉൾപ്പെട്ടപ്പോൾ 2012, 2023, 2015, 2011, 2009 എന്നീ സീസണിലെ മെസിയുടെ പ്രകടനങ്ങളാണ് ആദ്യ പത്തിൽ ഇടം പിടിച്ചത്.
മെസിക്കും റൊണാൾഡോക്കും പുറമേ ജൊഹാൻ ക്രൈഫ്, മൈക്കൽ പ്ലാറ്റിനി, മാർക്കോ വാൻ ബാസ്റ്റർ, ഫ്രാൻസ് ബെക്കൻബോവർ, കെവിൻ കീഗൻ, കാൾ ഹെയിൻസ് റുമെനിഗെ, റൊണാൾഡോ നസാരിയോ തുടങ്ങിയ ഇതിഹാസങ്ങളും ഈ അവാർഡ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു.
അതേസമയം 2026ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ അവാർഡ് സ്വന്തമാക്കിയത് ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ. കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനും ഇംഗ്ലണ്ടിനും വേണ്ടി നടത്തിയ മിന്നും പ്രകടനമാണ് കെയ്നിനെ ഈ സുവർണ നേട്ടത്തിന് അർഹനാക്കിയത്.
2001ന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലണ്ട് താരം ബാലൺ ഡി ഓർ വിജയിക്കുന്നത്. മൈക്കൽ ഓവൻ ആയിരുന്നു ഇതിനുമുമ്പ് അവസാനമായി ബാലൺ ഡി ഓർ വിജയിച്ച ഇംഗ്ലണ്ട് താരം.
HARRY KANE IS THE NEW BALLON D’OR! #ballondor https://t.co/jEn8E1bLEF
— Ballon d’Or (@ballondor) October 26, 2026
ഇത്തവണ ബാലൺ ഡി ഓർ ചടങ്ങ് ലണ്ടനിൽ വെച്ചാണ് നടന്നത്. ചരിത്രത്തിൽ ആദ്യമായാണ് ബാലൺ ഡി ഓർ ചടങ്ങ് പാരീസിന് പുറത്ത് വെച്ച് നടക്കുന്നത്. 1956ലെ ബാലൺ ഡി ഓർ ജേതാവായ സർ സ്റ്റാൻലി മാത്യുസിനോടുള്ള ആദരസൂചകമായാണ് ഇത്തവണത്തെ ബാലൺ ഡി ഓർ ചടങ്ങ് അരങ്ങേറിയത്.
Content Highlight: Cristiano Ronaldo won Ballon d’or of all time award
