ഭോപ്പാല്‍: മുസ്ലിം കന്നുകാലി വ്യാപാരികള്‍ക്ക നേരെ ബജ്റംഗ്ദള്‍ ആക്രമണം. മധ്യപ്രദേശിലെ രണ്ട് മുസ്ലിം യുവാക്കള്‍ക്കാണ് ഹിന്ദുത്വ മര്‍ദനമേറ്റത്. ആബിദ് ഖുറേഷി, ഹസന് ഖുറേഷി, ഡ്രൈവര്‍ ഹുസൈന് ഖാന് എന്നിവരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തുകയും ഗോവധം ആരോപിച്ച് മര്‍ദിക്കുകയുമായിരുന്നു.
പിന്നാലെ വസ്ത്രങ്ങള്‍ അഴിപ്പിച്ച് കെട്ടിയിട്ട് ബാറ്റുകളും വടികളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. അക്രമികള്‍ മഴു ഉപയോഗിച്ച് തലയ്ക്ക് അടിച്ചതായും, നിര്‍ബന്ധിച്ച് ‘ജയ് ഗോമാതാ’ മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ചതായും ഇരകള്‍ പറയുന്നു.
ബജ്റംഗ് ദള്‍ പ്രവര്‍ത്തകരായ ദീപക് നേമ, ഛുട്ക, ലക്കി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ക്രൂരമായ ആക്രമണത്തിന് പിന്നിലെന്ന് യുവാക്കള്‍ പറഞ്ഞു. എന്നാല്‍ മര്‍ദനമേറ്റ ഇവരെ ദാമോ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ യുവാക്കളെ വാര്‍ഡിലെ വെറും നിലത്ത് കിടത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. പരിക്ക് അതീവ ഗുരുതരമായതിനാല്‍ ആബിദിനെയും ഹസനെയും പിന്നീട് ജബല്‍പൂരിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സംഭവത്തില്‍ ആരും ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും എരുമകളെ വാങ്ങിയതും കൊണ്ടുപോയതുമായി ബന്ധപ്പെട്ട് രേഖകള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
Content Highlight: Bajrang Dal attacks Muslim youths in Madhya Pradesh over allegations of cow smuggling; forces them to chant ‘Jai Gomaata’ slogans.
