തന്റെ രണ്ട് സിനിമകളിലൂടെ മലയാളികള്‍ക്കിടയില്‍ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ലുക്മാന്‍ അവറാന്‍, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു.
2022ല്‍ പുറത്തിറങ്ങിയ തരുണിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു സൗദി വെള്ളക്ക. ഓപ്പറേഷന്‍ ജാവയില്‍ നിന്ന് വ്യത്യസ്തമായ സിനിമയായിരുന്നു ഇത്. വലിയ നിരൂപക പ്രശംസകളും അവാര്‍ഡുകളും നേടാന്‍ സൗദി വെള്ളക്കക്ക് സാധിച്ചിരുന്നു.

തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്കക്ക് ശേഷം വരുന്ന സിനിമക്കുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ പ്രേമികള്‍. അപ്പോഴാണ് മലയാളികളുടെ സ്വന്തം മോഹൻലാലിനെ നായകനാക്കിയുള്ള തന്റെ അടുത്ത ചിത്രത്തെ കുറിച്ച് തരുൺ പുറത്തുവിട്ടത്.
മോഹൻലാലിന്റെ 360ാം ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. പുതിയൊരു സംവിധായകനൊപ്പം മോഹൻലാൽ സിനിമ അനൗൺസ് ചെയ്ത സന്തോഷത്തിലാണ് ലാൽ ആരാധകർ.

ചിത്രത്തിലെ മറ്റുതാരങ്ങളുടെ വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ചിത്രത്തിൽ നായികയായി ശോഭന വരുന്നുവെന്ന പുതിയ വാർത്തയാണ് പുറത്തുവരുന്നത്. ശോഭന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവിട്ടത്.
