മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നാണ് ആശീര്‍വാദ് സിനിമാസ്. മോളിവുഡില്‍ നാഴികക്കല്ലായി മാറിയ പല സിനിമകളും നിര്‍മിച്ചത് ആശീര്‍വാദാണ്. മോഹന്‍ലാലിന്റെ മാനേജര്‍ ആന്റണി പെരുമ്പാവൂരാണ് ആശീര്‍വാദ് സിനിമാസിന്റെ അമരക്കാരന്‍. നിര്‍മിക്കുന്ന പല സിനിമകളിലും മുഖം കാണിക്കാനും ആന്റണി പെരുമ്പാവൂര്‍ മടി കാണിക്കാറില്ല.

ആശീര്‍വാദിന്റെ ഏറ്റവും പുതിയ ചിത്രമായ തുടക്കത്തിലും ആന്റണിയുടെ കാമിയോയുണ്ട്. ഒറ്റ സീനില്‍ മാത്രം വന്നുപോകുന്ന കഥാപാത്രമാണ് ആന്റണിയുടേത്. മോഹന്‍ലാലിന്റെ മാസ്റ്റര്‍ എന്ന കഥാപാത്രം വരുന്ന സീനില്‍ ഒരു ഫൈറ്റ് നടക്കുന്നുണ്ട്. ആ ഫൈറ്റ് നടക്കുന്ന റെസ്റ്റോറന്റിന്റെ മുതലാളിയായാണ് ആന്റണിയെ അവതരിപ്പിച്ചത്.

റെസ്റ്റോറന്റ് മുഴുവന്‍ തല്ലിപ്പൊളിച്ചിട്ടും അതെല്ലാം കണ്ടിട്ട് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആന്റണി പെരുമ്പാവൂരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. സ്വന്തം സ്ഥാപനം ഒരാള്‍ അടിച്ച് തകര്‍ക്കുമ്പോഴും ഇങ്ങനെ ചിരിച്ചുകൊണ്ട് നില്‍ക്കാന്‍ ആന്റണിയെപ്പോലൊരു മുതലാളിക്ക് മാത്രമേ സാധിക്കുള്ളൂ എന്നാണ് പലരുടെയും കമന്റ്.

ഇതാദ്യമായല്ല ആന്റണി ഇങ്ങനെ ചിരിക്കുന്നതെന്നും ചിലര്‍ ഓര്‍മപ്പെടുത്തി. മോഹന്‍ലാല്‍ നായകനായ അലിഭായ് എന്ന ചിത്രത്തിലും ഇതുപോലൊരു ഐക്കോണിക് ചിരിയുണ്ട്. നായകന്റെ ഇന്‍ട്രോ സീനില്‍ വില്ലനെ ബസില്‍ നിന്ന് ചവിട്ടി പുറത്തേക്കിടുമ്പോള്‍ മുന്‍വശത്തെ ചില്ല് തകരുന്നുണ്ട്. തകര്‍ന്ന ചില്ലിനിടയില്‍ കൂടെയുള്ള മോഹന്‍ലാലിന്റെ എന്‍ട്രിയും അത് കഴിഞ്ഞുള്ള ആന്റണി പെരുമ്പാവൂരിന്റെ തംസ് അപ്പും ഇന്നും ട്രോള്‍ മെറ്റീരിയലാണ്.

അലിഭായ് Photo: Screen grab/ Aashirvad Cinemas

വര്‍ഷങ്ങള്‍ക്കിപ്പുറം ആന്റണിയുടെ ചിരിയിലെ ഓജസ്സും തേജസ്സും എങ്ങും പോയിട്ടില്ലെന്നും ചിലര്‍ പരിഹസിക്കുന്നു. മുതലാളിമാരായാല്‍ ഇങ്ങനെ വേണമെന്നും ചിലര്‍ നിര്‍ദേശിക്കുന്നുണ്ട്. കടയ്ക്ക് ഇന്‍ഷുറന്‍സുള്ളതുകൊണ്ടാകാം ആന്റണി ഇങ്ങനെ ചിരിക്കുന്നതെന്നും മറ്റ് മുതലാളിമാരില്‍ നിന്ന് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്ന എലമെന്റ് ഇതാണെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നു.

നിര്‍മിക്കുന്ന സിനിമകളിലെല്ലാം ഒരു സീനിലെങ്കിലും മുഖം കാണിക്കുന്ന, ‘മോളിവുഡിന്റെ സ്റ്റാന്‍ ലീ’യാണ് ആന്റണി പെരുമ്പാവൂരെന്നും കമന്റുകളുണ്ട്. കാശ് എത്ര ചെലവായാലും മോഹന്‍ലാല്‍ കൊടുക്കുമെന്ന വിചാരമായിരിക്കും ആന്റണിക്കെന്നും ചിലര്‍ പരിഹസിക്കുന്നു. വരുംദിവസങ്ങളില്‍ ഈ മുതലാളിയും തുടക്കത്തിലെ ബാക്കിയുള്ള ക്രിഞ്ച് സീനുകളും കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Content Highlight: Antony Perumbavoor’s cameo in Thudakkam movie getting trolls