തമിഴ് സിനിമയിലെ ഏറ്റവും മികച്ച താരകുടുംബമെന്ന് സംശയമില്ലാതെ വിശേഷിപ്പിക്കാവുന്നവരാണ് സൂര്യയുടെ കുടുംബം. പഴയകാല നടന്‍ ശിവകുമാറിന്റെ മക്കളായ സൂര്യയും കാര്‍ത്തിയും കോളിവുഡിലെ മികച്ച നടന്മാരാണ്. സൂര്യയുടെ പങ്കാളി ജ്യോതികയും ഇപ്പോള്‍ സിനിമാലോകത്ത് സജീവമാണ്. ഓഫ്‌സ്‌ക്രീനില്‍ ഇവരുടെ കെമിസ്ട്രി പലപ്പോഴും സിനിമാപേജുകളില്‍ ചര്‍ച്ചയാകാറുണ്ട്.
കഴിഞ്ഞദിവസം സീന്‍ സിനിമയുടെ ഓഡിയോ ലോഞ്ച് ശ്രദ്ധിക്കപ്പെട്ടത് സൂര്യക്കൊപ്പം കാര്‍ത്തി, ജ്യോതിക എന്നിവരുടെ സാന്നിധ്യം കൊണ്ടാണ്. സീനിന്റെ ഭാഗമല്ലെങ്കിലും കാര്‍ത്തി ചടങ്ങില്‍ വന്നതാണ് പലരിലും കൗതുകമുണര്‍ത്തിയത്. എത്ര ഉയരത്തിലെത്തിയാലും കുടുംബമാണ് ഏറ്റവും വലുതെന്ന് സൂര്യയും കാര്‍ത്തിയും ജ്യോതികയും തങ്ങളുടെ പ്രസംഗത്തിനിടെ എടുത്തുപറഞ്ഞതും കൈയടി നേടി.

ജ്യോതിക തനിക്ക് ചേച്ചി മാത്രമല്ലെന്നും കുടുംബത്തില്‍ ഏറ്റവും ശക്തമായ തീരുമാനങ്ങള്‍ എടുക്കുന്നയാളാണെന്നും കാര്‍ത്തി പറഞ്ഞു. സൂര്യയുടെ കരിയറില്‍ ജ്യോതിക ഉണ്ടാക്കിയ സ്വാധീനം ചെറുതല്ലെന്നും ഇരുവരുടെയും പ്രണയം തന്നെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. സ്‌കോട്ട്‌ലന്‍ഡില്‍ വിവാഹവാര്‍ഷികത്തിനായി പോയത് മറക്കാനാകാത്ത അനുഭവമാണെന്നും കാര്‍ത്തി പറയുന്നു.
‘ചേച്ചിയെക്കുറിച്ച് എന്ത് പറഞ്ഞാലും മതിയാകില്ല. അണ്ണനുമായുള്ള കെമിസ്ട്രി പറഞ്ഞറിയിക്കാനാകാത്തതാണ്. സിനിമയിലായാലും റിയല്‍ ലൈഫിലായാലും ഇരുവരും പ്രണയിക്കുന്നത് കാണുമ്പോള്‍ എല്ലാവര്‍ക്കും അസൂയ തോന്നും. ഏറ്റവുമൊടുവില്‍ സ്‌കോട്ട്‌ലന്‍ഡില്‍ ആനിവേഴ്‌സറി ആഘോഷിച്ചതെല്ലാം സര്‍പ്രൈസായിരുന്നു. എന്നെ വിളിച്ചപ്പോള്‍ ഇങ്ങനെ ഒന്നാകുമെന്ന് കരുതിയില്ല.

ആനിവേഴ്‌സറിയുടെ വീഡിയോ എല്ലാവരും കണ്ടുകാണും. അന്ന് അവിടെ വന്ന ബാക്കി കപ്പിള്‍സിന് ഇവരുടെ റൊമാന്‍സ് കാരണം കിട്ടിയ പണി വളരെ വലുതാണ്. എനിക്ക് കിട്ടിയ അടി പുറത്ത് പറയാന്‍ പറ്റില്ല. 20 വര്‍ഷമായിട്ടും ലവ്വിന്റെ അളവില്‍ ഒട്ടും കുറവില്ലാത്തത് കണ്ടിട്ട് നാട്ടിലെ ബാക്കി ഭര്‍ത്താക്കന്മാരും ഇപ്പോള്‍ പണി കിട്ടി ഇരിക്കുകയാണ്. എല്ലാവര്‍ക്കും അണ്ണനെപ്പോലെയും ചേച്ചിയെപ്പോലെയും ആകാന്‍ പറ്റുമോ എന്നറിയില്ല. പക്ഷേ, എന്നെ സംബന്ധിച്ച് അവരുടെ പരസ്പര ബഹുമാനം ഒരു അത്ഭുതമാണ്,’ കാര്‍ത്തി പറഞ്ഞു.
വിവാഹജീവിതത്തിലെ 20ാം വര്‍ഷത്തിലേക്ക് കടന്ന സൂര്യയും ജ്യോതികയും അവരുടെ വിവാഹവാര്‍ഷികം ആഘോഷിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌കോട്ട്‌ലന്‍ഡിലെ ബ്ലേഖുവാന്‍ കാസിലില്‍ വെച്ചായിരുന്നു ആഘോഷം നടന്നത്. ദി സീക്വല്‍ എന്നായിരുന്നു ഇരുവരും ആഘോഷത്തിന് നല്‍കിയ പേര്.
Content Highlight: Karthi about the chemistry and understanding between Suriya and Jyothika
