ന്യൂദല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ഹൈദരാബാദില്‍ ജനാധിപത്യ സംരക്ഷണ റാലി സംഘടിപ്പിക്കുന്ന തിരക്കിലായിരിക്കുമ്പോള്‍ അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുകയാണെന്ന് സി.ജെ.പി നേതാവ് അശുതോഷ് റങ്ക. ആന്ധ്രയിലെ തെരഞ്ഞെടുപ്പ് നടക്കുന്ന ബൂത്തുകള്‍ പിടിച്ചെടുക്കുന്നതിന്റെയും കൃത്രിമത്വം കാണിക്കുന്നതിന്റെയും വീഡിയോയും അശുതോഷ് റങ്ക എക്‌സിലൂടെ പങ്കുവെച്ചു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബുനായിഡുവും സംഘവും തെരഞ്ഞെടുപ്പ് ഏകാധിപത്യത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിക്കുകയാണെന്നും റങ്ക കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പലയിടങ്ങളിലും ബൂത്തുകള്‍ പിടിച്ചെടുക്കുന്നതിന്റെയും ആക്രമണങ്ങളുടെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

പുലിവെന്ദുലയില്‍ മുനിസിപ്പല്‍ തെരഞ്ഞടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വാര്‍ത്താസംഘത്തിന് നേരെ അജ്ഞാതരായ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കള്ളവോട്ട് ശ്രമങ്ങളും ആക്രമണങ്ങളും ചിത്രീകരിച്ചതിനെത്തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്. കയ്യേറ്റം ചെയ്യുകയും ക്യാമറയുള്‍പ്പെടയുള്ള ഉപകരണങ്ങള്‍ നശിപ്പിക്കുകയും മെമ്മറി കാര്‍ഡ് പിടിച്ചെടുക്കുകയും ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥര്‍ എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ ആക്രമികളെ തടയാന്‍ സാധിച്ചില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

കൃത്രിമം നടന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അഞ്ച് ജില്ലകളിലായി 13 പോളിങ് ബൂത്തുകളില്‍ റീപോളിങ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

സമാധാനപരവും സ്വതന്ത്രവും നീതിയുക്തവുമായ പോളിംഗ് ഉറപ്പാക്കുന്നതിന് ഈ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് നടക്കുന്ന പല സ്ഥലങ്ങളിലും വലിയ രീതിയിലുള്ള ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് പുലിവെന്ദുലയില്‍, തിങ്കളാഴ്ച നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഭവങ്ങള്‍ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്ക് കമ്മീഷന്‍ വഴിയൊരുക്കുന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു.

‘സംസ്ഥാനത്തുടനീളം ഇന്നലെ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനിടെ, പുലിവെന്ദുല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഉണ്ടായ ഞെട്ടിക്കുന്ന സംഭവങ്ങള്‍ തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടുനില്‍ക്കുന്നതാണ് വ്യക്തമാക്കുന്നത്. പുലിവെന്ദുലയില്‍ 80 പോളിങ് ബൂത്തുകളില്‍ 70 എണ്ണത്തിലും വൈ.എസ്.ആര്‍.സി.പി ഏജന്റുമാരെ പ്രവേശിപ്പിച്ചില്ല,’ ജഗന്‍ മോഹന്‍ പറഞ്ഞു.

മറ്റ് പ്രദേശങ്ങളില്‍നിന്ന് കൊണ്ടുവന്ന ടി.ഡി.പി ഗുണ്ടകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും പിന്തുണയോടെ അഴിഞ്ഞാടിയെന്നും പോളിങ് ബൂത്തുകളില്‍ പ്രവേശിക്കുന്നത് തടയാന്‍ അവര്‍ തങ്ങളുടെ പാര്‍ട്ടി ഏജന്റുമാരെ ആക്രമിച്ചെന്നും ജഗന്‍മോഹന്‍ പറഞ്ഞു.

‘ചിലയിടങ്ങളില്‍ പോളിങ് സ്‌റ്റേഷനുകളില്‍നിന്ന് ഞങ്ങളുടെ ഏജന്റുമാരെ ബലമായി പുറത്തേക്ക് വലിച്ചിഴച്ചു. പൊലീസിന്റെ പിന്തുണയോടെയാണ് ഈ സംഭവങ്ങളെല്ലാം നടന്നത്,’ ജഗന്‍ തിങ്കളാഴ്ച എക്‌സില്‍ കുറിച്ചു.

ആന്ധ്രാപ്രദേശിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യമന്ത്രിയുടെ താത്പര്യങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ തുടക്കം മുതല്‍ തന്നെ ആരോപിക്കുന്നുണ്ടായിരുന്നു.

ടി.ഡി.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ നാമനിര്‍ദേശപത്രിക പോലും നല്‍കാന്‍ സമ്മതിക്കാതെ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞിരുന്നു. നാമനിര്‍ദേശപത്രികകള്‍ തട്ടിയെടുക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും പൊലീസും അധികൃതരും നടപടി എടുക്കുന്നില്ലെന്നും ജഗന്‍മോഹന്‍ പലതവണ ആരോപിച്ചിരുന്നു.

Content  Highlight: While Amit Shah holds a rally in Hyderabad to protect democracy, the election in Andhra is being subverted, says CJP leader Ashutosh Ranka.