ന്യൂദല്‍ഹി: ദാമ്പത്യ ബന്ധത്തിലെ തര്‍ക്കങ്ങള്‍ ഗര്‍ഭച്ഛിദ്രത്തിന് മതിയായ കാരണമല്ലെന്ന് സുപ്രീം കോടതി. 25 ആഴ്ചയായ ഗര്‍ഭിണി ഗര്‍ഭച്ഛിദ്രം നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിക്കെതിരെ പങ്കാളി നല്‍കിയ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്

ഭര്‍ത്താവുമായും ഭര്‍തൃവീട്ടുകാരുമായുള്ള കടുത്ത കലഹങ്ങള്‍ കാരണം ഗര്‍ഭവുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍, ലൈംഗിക അതിക്രമങ്ങള്‍, ബലാത്സംഗം, അല്ലെങ്കില്‍ ഭ്രൂണത്തിന്റെ ഗുരുതരമായ വൈകല്യങ്ങള്‍ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി നിയമപ്രകാരം വൈകിയുള്ള ഗര്‍ഭച്ഛിദ്രത്തിന് അനുമതിയുള്ളതെന്നും ഈ കേസില്‍ അവയൊന്നും ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം പങ്കാളിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പിന്‍വലിച്ച് സത്യവങ്മൂലം നല്‍കാന്‍ ഭര്‍ത്താവിനോട് കോടതി നിര്‍ദേശിച്ചു. കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടെ ഭാര്യയുടെ സ്വഭാവത്തെകുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ മൂലം ഗര്‍ഭം അലസിപ്പിക്കേണ്ടി വരുന്നത് ആശങ്കാ ജനകമാണെന്ന് ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ആര്‍. മഹാദേവന്‍, എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കുടുംബ വാട്‌സആപ് ഗ്രൂപ്പില്‍ ഭാര്യക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണവും ഇയാള്‍ ഉന്നയിച്ചതായി യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന ആരോപണം ഭര്‍ത്താവിന്റെ അഭിഭാഷകന്‍ നിഷേധിച്ചിട്ടുണ്ട്. ഭാര്യക്കെതിരെ തെളിവുകളുണ്ടെന്നും എന്നാല്‍ ബന്ധം നിലനിര്‍ത്താനാണ് അവ പുറത്തുവിടാതിരുന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

നിലവില്‍ സ്വന്തം വീട്ടില്‍ കഴിയുന്ന യുവതി, താന്‍ കടുത്ത മാനസിക വിഷമത്തിലാണെന്നും ഈ കുഞ്ഞിന് ജന്മം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്നും കോടതിയെ അറിയിച്ചു.

ഗര്‍ഭച്ഛിദ്രത്തെ ഭര്‍ത്താവ് ശക്തമായി എതിര്‍ത്തു. കുട്ടി ജനിച്ചുകഴിഞ്ഞാല്‍ അതിന്റെ പൂര്‍ണമായ സംരക്ഷണച്ചുമതല ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. മെഡിക്കല്‍ പരിശോധനകളില്‍ ഭ്രൂണം പൂര്‍ണ ആരോഗ്യത്തോടെയാണെന്നും യാതൊരുവിധ വൈകല്യങ്ങളും ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

സാധാരണ കുടുംബവഴക്കുകള്‍ ആരോഗ്യകരമായ ഒരു ഗര്‍ഭം ഇല്ലാതാക്കാനുള്ള കാരണമായി കാണാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കുടുംബ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ഭാര്യയുടെ സ്വഭാവത്തെ അധിക്ഷേപിച്ചതിന് ഭര്‍ത്താവിനെ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

Content Highlight: Marital disputes are not a sufficient ground for abortion: Supreme Court