മുംബൈ: വിമാന ടിക്കറ്റ് നിരക്കില്‍ 700 ശതമാനത്തോളം വര്‍ധനവുണ്ടായെന്നും ഇതില്‍ ഇടപെടല്‍ വേണമെന്നും പറഞ്ഞുള്ള ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ‘വിമാനത്തില്‍ യാത്ര ചെയ്യേണ്ട,’ എന്ന് ഹര്‍ജിക്കാരനോട് പറഞ്ഞാണ് കോടതി ഈ ഹരജി തള്ളിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, അപരേഷ് കുമാര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിനോട് ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ഹരജിക്കാരന്റെ അഭിഭാഷകന് ആവശ്യപ്പെടുകയായിരുന്നു. വിമാന യാത്ര ഒരു അവശ്യ സേവനമാണെന്ന് വാദിച്ച അഭിഭാഷകന്, ടിക്കറ്റ് നിരക്കില്‍ 700 ശതമാനം വര്‍ധനയുണ്ടായതായി ചൂണ്ടിക്കാട്ടുകയും ചെയ്തു.
നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് ഉറപ്പുനല്‍കുന്ന ഭരണഘടനാ വ്യവസ്ഥയായ ആര്‍ട്ടിക്കിള്‍ 14-ന്റെ ലംഘനമാണിതെന്ന് അഭിഭാഷകന് വാദിച്ചു. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി, ‘വിമാനത്തില്‍ യാത്ര ചെയ്യേണ്ട’ എന്ന് കോടതി പ്രതികരിച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കാനുള്ള ആവശ്യം കോടതി നിരസിക്കുകയും ചെയ്യുകയായിരുന്നു.
ഉത്സവ സീസണ് മുന്നില്‍ക്കണ്ട്, ആഭ്യന്തര വിമാന സര്‍വീസുകളിലെ ‘അമിതമായ’ നിരക്കുകള്‍ നിയന്ത്രിക്കാന്‍ ഇടപെടല്‍ വേണമെന്ന് സാമൂഹിക പ്രവര്‍ത്തകനായ എസ്. ലക്ഷ്മിനാരായണന് സമര്‍പിച്ച പൊതുതാല്‍പ്പര്യ ഹരജിയില്‍ ആവശ്യപ്പെടുന്നു. നവംബര്‍ 16-നാണ് ഈ ഹര്‍ജി അടുത്തതായി പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ദീപാവലി, ഭായ് ദൂജ്, ഛഠ് പൂജ തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട യാത്രാത്തിരക്ക് അപ്പോഴേക്കും അവസാനിച്ചിട്ടുണ്ടാകുമെന്നും അതിനാല്‍, എത്രയും വേഗം വാദം കേള്‍ക്കണമെന്ന് ഹരജദിക്കാര് കോടതിയില്‍ അഭ്യര്‍ത്ഥിച്ചു.
എന്നാല്‍, മൂന്നംഗ ബെഞ്ചിന് നേതൃത്വം നല്കിയ ജസ്റ്റിസ് വിക്രം നാഥ് ഇതിനോട് യോജിച്ചില്ല. ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് ‘വിമാനത്തില്‍ യാത്ര ചെയ്യേണ്ട’ എന്ന് പറഞ്ഞ അദ്ദേഹം, തുടര്‍ന്ന് അടുത്ത വിഷയത്തിലേക്ക് കടക്കുകയായിരുന്നു.
വിമാന നിരക്കുകളിലുണ്ടാകുന്ന അപ്രതീക്ഷിതമായ ഏറ്റക്കുറച്ചിലുകളും സ്വകാര്യ വിമാനക്കമ്പനികള്‍ ഈടാക്കുന്ന അധിക നിരക്കുകളും നിയന്ത്രിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ഉത്സവ സീസണുകളിലും, അടിയന്തര സാഹചര്യങ്ങളിലും, തുടര്‍ച്ചയായ അവധി ദിവസങ്ങളിലും യാത്രയ്ക്ക് തൊട്ടുമുമ്പായി വിമാന നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നത് സാധാരണക്കാര്‍ക്ക് വിമാനയാത്ര അപ്രാപ്യമാക്കുന്നു. ഇത് അവരുടെ തുല്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നുവെന്നും ഹരജിക്കാരന് വാദിച്ചു.
സുതാര്യമായ നിരക്ക് നിര്‍ണ്ണയ സംവിധാനം കൊണ്ടുവരുന്നതിനും, ഏകപക്ഷീയമായ അധിക നിരക്കുകള്‍ നിയന്ത്രിക്കുന്നതിനും കേന്ദ്ര സര്‍ക്കാരിനും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും നിര്‍ദ്ദേശം നല്‍കണമെന്നും സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സ്വകാര്യ വിമാനക്കമ്പനികള്‍ ഏര്‍പ്പെടുത്തുന്ന 700 ശതമാനം വരെയുള്ള വന്‍ നിരക്ക് വര്‍ദ്ധനവില്‍ നിന്നും അധിക നിരക്കുകളില്‍ നിന്നും യാത്രക്കാരെ സംരക്ഷിക്കുന്നതിനായി, വിമാന നിരക്കുകള്‍ക്ക് പരിധി നിശ്ചയിക്കാനും ഹരജിയില്‍ ആവശ്യപ്പെടുന്നു. ‘ഡൈനാമിക് പ്രൈസിംഗ്’ നിയന്ത്രിക്കുക, സ്വതന്ത്രമായ ഒരു നിയന്ത്രണ അതോറിറ്റി രൂപീകരിക്കുക, കൂടുതല്‍ സുതാര്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഹരജിയിലുണ്ട്.
Content Highlight: ‘Another major scam by Modi govt’: Congress demands halt to IDBI sale process, seeks JPC probe
