ന്യൂദല്‍ഹി: നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായത് വിദേശ സഹായത്തോടെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദേശ സഹായമുള്ളതിനാലാണ് മോദി ഇപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്നതെന്നും രാഹുല്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു. ഈ വിഷയത്തില്‍ മോദിയെ തുറന്ന സംവാദത്തിന് ക്ഷണിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
‘മോദിജീ, ഈ രാജ്യത്തോട് നുണ പറയുന്നത് നിര്‍ത്തൂ. വിദേശ ശക്തികളുടെ സഹായത്തോടെയാണ് നിങ്ങള്‍ പ്രധാനമന്ത്രിയായത്. ആ വിദേശ പിന്തുണ ഉള്ളതുകൊണ്ട് തന്നെയാണ് നിങ്ങള്‍ ഇപ്പോഴും പ്രധാനമന്ത്രിയായി തുടരുന്നതും,’ രാഹുല്‍ കുറിച്ചു.
മോദിയുടെ സാമ്പത്തിക വ്യവസ്ഥ വിദേശ താത്പര്യങ്ങളാലാണ് നിയന്ത്രിക്കപ്പെടുന്നത്. വിദേശ ഉടമസ്ഥതയിലവുള്ള സമൂഹ മാധ്യമങ്ങള്‍ മോദിക്ക് ശക്തമായ പിന്തുണ നല്‍കുകയാണെന്നും രാഹുല്‍ പറഞ്ഞു.
‘നിങ്ങളുടെ സാമ്പത്തിക വ്യവസ്ഥ പൂര്‍ണ്ണമായും നിയന്ത്രിക്കപ്പെടുന്നതും നിലനിര്‍ത്തപ്പെടുന്നതും വിദേശ താല്‍പ്പര്യങ്ങളാല്‍ ആണ്. വിദേശ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് നിങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്കുന്നു,’ രാഹുല്‍ കുറിച്ചു.
ഈ വിഷയത്തില്‍ ഒരു തുറന്ന സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്നും അത് ഏത് വേദിയിലും, എപ്പോള്‍ വേണമെങ്കിലും നടത്താമെന്നും രാഹുല്‍ വ്യക്തമാക്കി. ധൈര്യമുണ്ടെങ്കില്‍ ആ സംവാദത്തിന് വരാനും മോദിയെ രാഹുല്‍ ക്ഷണിച്ചു. എന്നാല്‍ സംവാദത്തിന് മോദി വരില്ലെന്നും രാഹുല്‍ പറഞ്ഞു. തനിക്ക് മോദിയെക്കുറിച്ച് അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് മോദിക്ക് ഭയമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
‘ ഈ വിഷയത്തില്‍ ഒരു തുറന്ന സംവാദത്തിന് ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നുഏത് വേദിയിലും, എപ്പോള്‍ വേണമെങ്കിലും ആകാം. ധൈര്യമുണ്ടെങ്കില്‍ വരിക.
എന്നാല്‍ നിങ്ങള്‍ അതിന് മുതിരില്ല. കാരണം, നിങ്ങളെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങളെ ഓര്‍ത്ത് നിങ്ങള്‍ക്ക് വലിയ ഭയമാണ്,’ രാഹുല്‍ കുറിച്ചു.
രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിദേശ സഹായം തേടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയായാണ് രാഹുലിന്റെ പ്രതികരണം. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ തടസ്സപ്പെടുത്തുന്നുവെന്നും ചില ശക്തികള്‍ നുണകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും മോദി ആരോപിച്ചിരുന്നു.
Content Highlight: ‘You became PM because of foreign help’: Rahul Gandhi challenges Modi to open debate
