ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ ഭാവി, ബാങ്കിങ് മേഖലയിലെ സ്വകാര്യവത്കരണം, പൊതുമുതല്‍ വിറ്റഴിക്കുമ്പോള്‍ സര്‍ക്കാര്‍ പുലര്‍ത്തേണ്ട സുതാര്യത തുടങ്ങിയ വിഷയങ്ങളെ വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടുവരികയാണ് ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരി വില്‍പ്പന. ബാങ്കിന്റെ 60.72 ശതമാനം ഓഹരികള്‍ കനേഡിയന്‍ സാമ്പത്തിക സ്ഥാപനമായ ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിന് വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമാണ് വിവാദത്തിലായിരിക്കുന്നത്.

ഏകദേശം 52,878 കോടി രൂപയുടെ ഇടപാടിന് ഒക്ടോബര്‍ 14ന് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് അംഗീകാരം നല്‍കിയത് എന്നാല്‍ ബാങ്കിന്റെ സാമ്പത്തിക മൂല്യനിര്‍ണയത്തിലും ലേല നടപടികളിലും സര്‍ക്കാര്‍ സ്വീകരിച്ച രീതിയെക്കുറിച്ച് ചോദ്യങ്ങളുയരുകയാണ്. ആദ്യം നിശ്ചയിച്ചിരുന്ന റിസര്‍വ് വിലയില്‍നിന്ന് വ്യത്യസ്തമായ മൂല്യനിര്‍ണയ രീതിയിലേക്ക് സര്‍ക്കാര്‍ മാറിയതും, ഫെയര്‍ഫാക്സിന്റെ പുതുക്കിയ ബിഡ് (നല്‍കാമെന്ന് വാഗ്ദാനം ചെയ്ത തുക) തുറന്നശേഷമാണോ പുതിയ മൂല്യനിര്‍ണയം നടത്തിയതെന്നതുമാണ് പ്രധാനമായും ചര്‍ച്ചയാകുന്നത്.

അതേസമയം, ലാഭത്തിലേക്ക് തിരിച്ചെത്തിയ ഒരു ബാങ്കിനെ സ്വകാര്യ കമ്പനിക്ക് കൈമാറേണ്ടതുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ പൊതുപണം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ തുടര്‍ന്നുള്ള നേട്ടങ്ങള്‍ ആര്‍ക്കാണ് ലഭിക്കേണ്ടത് എന്നതും ചര്‍ച്ചയുടെ ഭാഗമാണ്.

എന്താണ് ഐ.ഡി.ബി.ഐ ബാങ്ക് വില്‍പ്പന ഇടപാട്?

ഇടപാടിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള 30.48 ശതമാനം ഓഹരികളും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍.ഐ.സി) 30.24 ശതമാനം ഓഹരികളുമാണ് വില്‍ക്കുന്നത്. ആകെ 60.72 ശതമാനം ഓഹരികള്‍. ഇതിലൂടെ ബാങ്കിന്റെ നിയന്ത്രണവും മാനേജ്മെന്റ് അധികാരവും പുതിയ സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറും.

കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വാട്സയുടെ നേതൃത്വത്തിലുള്ള ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിന്റെ ഉപകമ്പനിയായ 10955230 Canada Inc. ആണ് ഇടപാടില്‍ ഓഹരികള്‍ വാങ്ങാന്‍ അംഗീകാരം ലഭിച്ച സ്ഥാപനം. 52,878.08 കോടി രൂപയാണ് ഓഹരി വില്‍പ്പനയുടെ ആകെ തുക.

വില്‍പ്പനയ്ക്ക് ശേഷം കേന്ദ്രസര്‍ക്കാരിന് ബാങ്കില്‍ 15 ശതമാനവും എല്‍.ഐ.സിക്ക് 19 ശതമാനവും ഓഹരികള്‍ അവശേഷിക്കും. അതായത്, ഇരുവര്‍ക്കും കൂടി 34 ശതമാനം ഓഹരി തുടര്‍ന്നും ഉണ്ടാകുമെങ്കിലും ബാങ്കിന്റെ നിയന്ത്രണം അവരുടെ കൈകളിലായിരിക്കില്ല. ഇരുവരും ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് നോമിനികളെ പിന്‍വലിച്ച് സാധാരണ ഓഹരിയുടമകളായി മാറുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഈ ഇടപാട് പൂര്‍ണമായും ഓഹരികള്‍ വിറ്റഴിക്കല്‍ മാത്രമല്ല. ബാങ്കിന്റെ ഭൂരിപക്ഷ ഓഹരിയും മാനേജ്മെന്റ് നിയന്ത്രണവും ഒരൊറ്റ സ്വകാര്യ സ്ഥാപനത്തിന് കൈമാറുന്ന സ്ട്രാറ്റജിക് ഡിസിന്‍വെസ്റ്റ്മെന്റ് (Strategic Disinvestment) ആണ്. അതുകൊണ്ടുതന്നെ സാധാരണ ഓഹരി വില്‍പ്പനയെക്കാള്‍ വലിയ പ്രത്യാഘാതങ്ങള്‍ ഈ തീരുമാനത്തിനുണ്ടാകും.

പ്രതിസന്ധിയിലായ ബാങ്കിനെ തിരിച്ചുകൊണ്ടുവന്നത് പൊതുപണം

ഐ.ഡി.ബി.ഐ ബാങ്കിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി മനസിലാക്കണമെങ്കില്‍ അതിന്റെ പ്രതിസന്ധിക്കാലത്തേക്ക് പോകണം.

1964ല്‍ വ്യവസായ വികസനത്തിനുള്ള ധനകാര്യ സ്ഥാപനമായാണ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (IDBI) രൂപീകരിക്കപ്പെട്ടത്. പിന്നീട് ബാങ്കിങ് രംഗത്തേക്ക് കടന്ന സ്ഥാപനം 2000കളുടെ തുടക്കത്തില്‍ ബാങ്കിങ് കമ്പനിയായി മാറി. വന്‍കിട വായ്പകളിലെ തിരിച്ചടവ് മുടങ്ങുകയും കിട്ടാക്കടം വര്‍ധിക്കുകയും ചെയ്തതോടെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമായി.

2017 മേയ് അഞ്ചിന് റിസര്‍വ് ബാങ്ക് ഐ.ഡി.ബി.ഐയെ പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ (PCA) ചട്ടക്കൂടിന് കീഴിലാക്കി. ഉയര്‍ന്ന കിട്ടാക്കടവും തുടര്‍ച്ചയായ നഷ്ടവും കാരണം ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബാങ്കിന്റെ മൊത്തം കിട്ടാക്കടം (Gross NPA) ഒരു ഘട്ടത്തില്‍ വായ്പകളുടെ 30 ശതമാനത്തോളമെത്തി.

ഈ സാഹചര്യത്തിലാണ് ബാങ്കിനെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ എല്‍.ഐ.സി ഇടപെട്ടത്. 2019 ജനുവരിയില്‍ 21,624 കോടി രൂപ നിക്ഷേപിച്ച് എല്‍.ഐ.സി ബാങ്കിന്റെ 51 ശതമാനം ഓഹരി സ്വന്തമാക്കി. ഇതോടെ ബാങ്കിന്റെ നിയന്ത്രണം എല്‍.ഐ.സിയിലേക്ക് മാറി. കേന്ദ്രസര്‍ക്കാരും എല്‍.ഐ.സിയും ചേര്‍ന്ന് വലിയ തോതിലുള്ള മൂലധന പിന്തുണ നല്‍കിയതോടെ ബാങ്കിന്റെ സാമ്പത്തിക നില മെച്ചപ്പെടാന്‍ തുടങ്ങി.

2021 മാര്‍ച്ച് പത്തിന് റിസര്‍വ് ബാങ്ക് ഐ.ഡി.ബി.ഐയുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്ന പി.സി.എ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കിട്ടാക്കടം കുറയുകയും ലാഭം വര്‍ധിക്കുകയും ചെയ്തു. ഈ തിരിച്ചുവരവിന്റെ വലുപ്പം വ്യക്തമാക്കുന്നതാണ് ബാങ്കിന്റെ ഏറ്റവും പുതിയ സാമ്പത്തിക കണക്കുകള്‍.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഐ.ഡി.ബി.ഐ ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം 9,513 കോടി രൂപയാണ്. തൊട്ടുമുന്‍പത്തെ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7,515 കോടി രൂപയായിരുന്നു. 27 ശതമാനത്തിന്റെ വളര്‍ച്ച. 2026 സെപ്റ്റംബര്‍ അവസാനത്തെ കണക്കനുസരിച്ച് ബാങ്കിന്റെ നിക്ഷേപം 3.56 ലക്ഷം കോടി രൂപയും വായ്പകള്‍ 2.72 ലക്ഷം കോടി രൂപയുമാണ്. മൊത്തം കിട്ടാക്കടം 2.12 ശതമാനമായി കുറഞ്ഞു.

അതായത്, ഒരുകാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ബാങ്ക് ഇപ്പോള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികള്‍ സ്വകാര്യ വിദേശ കമ്പനിക്ക് കൈമാറാനുള്ള തീരുമാനമുണ്ടാകുന്നത്.

എന്തുകൊണ്ട് വില്‍ക്കുന്നു? സര്‍ക്കാരിന്റെ വിശദീകരണം എന്താണ്?

ഐ.ഡി.ബി.ഐ ബാങ്കിന്റെ സ്വകാര്യവത്കരണത്തിന് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പ്രധാന വാദം ബാങ്കിന്റെ ഭാവി വളര്‍ച്ചയാണ്.

കഴിഞ്ഞ കാലങ്ങളില്‍ ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിനും എല്‍.ഐ.സിക്കും വലിയ തോതില്‍ പണം ചെലവഴിക്കേണ്ടിവന്നു. ഭാവിയില്‍ ഇത്തരം മൂലധന സഹായങ്ങള്‍ക്കായി സര്‍ക്കാരിനെ ആശ്രയിക്കേണ്ടിവരാത്തവിധം ബാങ്കിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

സ്വകാര്യ നിക്ഷേപകരുടെ മൂലധനവും പുതിയ സാങ്കേതികവിദ്യയും മെച്ചപ്പെട്ട മാനേജ്മെന്റ് രീതികളും ബാങ്കിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വാദം. ബാങ്കിന്റെ വായ്പാ-നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നും കേന്ദ്രം പറയുന്നു.

ഇടപാടിനെക്കുറിച്ച് ഒക്ടോബര്‍ 14ന് പുറത്തിറക്കിയ വിശദീകരണത്തില്‍, ഐ.ഡി.ബി.ഐ ബാങ്കിന്റെ സ്വകാര്യവത്കരണം ബാങ്കിങ്-ധനകാര്യ മേഖലയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നും രാജ്യത്തെ ധനകാര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ നേരിട്ടുള്ള നിക്ഷേപങ്ങളില്‍ ഒന്നായിരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ ബാങ്കിനെ രക്ഷിക്കാന്‍ പൊതുപണം ചെലവഴിച്ചശേഷം അത് ലാഭത്തിലായപ്പോള്‍ സ്വകാര്യ കമ്പനിക്ക് കൈമാറേണ്ടതുണ്ടോ എന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്.

വിവാദത്തിന്റെ കേന്ദ്രം: 94.42 രൂപയില്‍നിന്ന് 75.99 രൂപയിലേക്ക്

ഐ.ഡി.ബി.ഐ ബാങ്ക് ഓഹരി വില്‍പ്പനയിലെ ഏറ്റവും പ്രധാനപ്പെട്ട വിവാദം ഇടപാടിനായി നിശ്ചയിച്ച വിലയെക്കുറിച്ചാണ്.

ബാങ്കിന്റെ ഓഹരി വില്‍പ്പനയ്ക്കായി ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച റിസര്‍വ് വില ഒരു ഓഹരിക്ക് 94.42 രൂപയായിരുന്നു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നല്‍കേണ്ട ഏറ്റവും കുറഞ്ഞ വിലയെന്ന നിലയിലാണ് റിസര്‍വ് വില നിശ്ചയിക്കുന്നത്.

എന്നാല്‍ ആദ്യഘട്ടത്തില്‍ ലഭിച്ച രണ്ട് ബിഡുകളും ഈ വിലയേക്കാള്‍ താഴെയായിരുന്നു. 2026 മാര്‍ച്ച് 12ന് തുറന്ന ആദ്യഘട്ട ബിഡുകള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല.

തുടര്‍ന്ന് രണ്ടാമത്തെ ഘട്ടത്തില്‍ യോഗ്യത നേടിയ കമ്പനികളോട് മികച്ച ഓഫറുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഫെയര്‍ഫാക്സ് ജൂണ്‍ ഒന്നിന് പുതുക്കിയ ഓഫര്‍ സമര്‍പ്പിച്ചു. ജൂലൈ 13ന് ഈ ബിഡ് തുറന്നപ്പോള്‍ ഒരു ഓഹരിക്ക് 81 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്തത്.
ഇവിടെയാണ് വിവാദം ആരംഭിക്കുന്നത്.

ബിസിനസ് വേള്‍ഡ് ഒക്ടോബര്‍ 29ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, ഫെയര്‍ഫാക്‌സിന്റെ ബിഡ് ലഭിച്ചശേഷമാണ് സര്‍ക്കാര്‍ ബാങ്കിന്റെ മൂല്യം വീണ്ടും കണക്കാക്കിയത്. നേരത്തെ ഒരു ഓഹരിക്ക് കുറഞ്ഞത് 94.42 രൂപയായിരുന്നു വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ കണക്കുകൂട്ടലില്‍ ഇത് 75.99 രൂപയായി കുറഞ്ഞു. ഫെയര്‍ഫാക്‌സ് വാഗ്ദാനം ചെയ്ത 81 രൂപ ഈ പുതിയ വിലയേക്കാള്‍ കൂടുതലായിരുന്നു.

ആദ്യം നിശ്ചയിച്ച വിലയേക്കാള്‍ 19.5 ശതമാനം കുറവാണ് പുതിയ വില. ഫെയര്‍ഫാക്‌സിന്റെ വിലവാഗ്ദാനം അംഗീകരിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരമൊരു മാറ്റം വരുത്തിയതെന്നാണ് വിമര്‍ശനം.

എന്നാല്‍ സര്‍ക്കാര്‍ ഈ ആരോപണം തള്ളുകയാണ്. ആദ്യഘട്ടത്തിലെ ബിഡുകള്‍ അംഗീകരിക്കപ്പെടാതെ അവസാനിച്ചതോടെ ആ നടപടിക്രമം പൂര്‍ത്തിയായെന്നും രണ്ടാമത്തെ ഘട്ടം പുതിയ നടപടിക്രമത്തിന് കീഴിലാണ് നടന്നതെന്നുമാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം. അതിനാല്‍ പഴയ റിസര്‍വ് വില കുറച്ചിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.

രണ്ടാംഘട്ട ബിഡുകള്‍ ക്ഷണിക്കുന്നതിന് മുമ്പുതന്നെ ഏപ്രിലില്‍ മൂല്യനിര്‍ണയ രീതി പുനഃപരിശോധിച്ചിരുന്നുവെന്നും മേയ് മാസത്തില്‍ സ്വതന്ത്ര മൂല്യനിര്‍ണയ ഏജന്‍സികള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെന്നും സര്‍ക്കാര്‍ പറയുന്നു. ബിഡ് സമര്‍പ്പിച്ച കമ്പനിക്ക് മൂല്യനിര്‍ണയത്തെക്കുറിച്ചോ മൂല്യനിര്‍ണയ ഏജന്‍സികള്‍ക്ക് ബിഡ് തുകയെക്കുറിച്ചോ അറിവുണ്ടായിരുന്നില്ല. നടപടിക്രമം രഹസ്യസ്വഭാവമുള്ളതായിരുന്നുവെന്നും കേന്ദ്രം അവകാശപ്പെടുന്നു.

വിവാദത്തിന് മറ്റൊരു കാരണവും ഓഹരിയുടെ വിപണിവിലയാണ്.

2026 ഒക്ടോബര്‍ 14ന് ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരി വിപണിയില്‍ 93.60 രൂപ വരെ എത്തിയിരുന്നു. അന്നത്തെ ക്ലോസിങ് വില 90.32 രൂപയായിരുന്നു. എന്നാല്‍ അതേ ദിവസമാണ് 81 രൂപ നിരക്കില്‍ ഓഹരി വില്‍ക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.

അതായത്, അന്നത്തെ ക്ലോസിങ് വിലയേക്കാള്‍ ഏകദേശം 10 ശതമാനം താഴെയാണ് ഇടപാടിലെ ഓഹരിവില.

എന്നാല്‍ വിപണിയിലെ ഒരു ഓഹരിയുടെ വിലയും ബാങ്കിന്റെ ഭൂരിപക്ഷ ഓഹരിയും മാനേജ്മെന്റ് നിയന്ത്രണവും ഉള്‍പ്പെടുന്ന വലിയ ഇടപാടിന്റെ വിലയും എല്ലായ്‌പ്പോഴും നേരിട്ട് താരതമ്യം ചെയ്യാനാകില്ല. വിപണിയിലെ ഓഹരികളുടെ വ്യാപാര അളവ്, നിയന്ത്രണാവകാശം, ബാങ്കിന്റെ ആസ്തികള്‍, ഭാവിയിലെ വരുമാനസാധ്യത തുടങ്ങിയ ഘടകങ്ങള്‍ മൂല്യനിര്‍ണയത്തെ സ്വാധീനിക്കും.

സര്‍ക്കാരിന്റെ വിശദീകരണം അനുസരിച്ച്, ഐ.ഡി.ബി.ഐ ഓഹരികളുടെ വിപണിവിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടായിരുന്നു. മൂല്യനിര്‍ണയ കാലയളവില്‍ ഓഹരിയുടെ വില 61.01 രൂപയ്ക്കും 118.38 രൂപയ്ക്കുമിടയില്‍ മാറി. അതിനാല്‍ വിപണിവിലയെ മാത്രം അടിസ്ഥാനമാക്കി ബാങ്കിന്റെ യഥാര്‍ഥ മൂല്യം നിശ്ചയിക്കുന്നത് ശരിയല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

പകരം, 2026 മാര്‍ച്ച് 31ലെ കണക്കുകള്‍ അടിസ്ഥാനമാക്കി പൊതുമേഖലാ ബാങ്കുകളുമായി താരതമ്യം ചെയ്യുന്ന മാര്‍ക്കറ്റ് മള്‍ട്ടിപ്പിള്‍ രീതി ഉള്‍പ്പെടെ രണ്ട് സ്വതന്ത്ര മൂല്യനിര്‍ണയ രീതികളാണ് ഉപയോഗിച്ചതെന്നും അവയുടെ ശരാശരിയായ 75.99 രൂപയാണ് മാനദണ്ഡമാക്കിയതെന്നുമാണ് സര്‍ക്കാരിന്റെ വാദം.

എന്നാല്‍ ഇവിടെ മറ്റൊരു ചോദ്യം ഉയരുന്നു. റിസര്‍വ് ബാങ്ക് 2019 മുതല്‍ സ്വകാര്യ ബാങ്കായി കണക്കാക്കുന്ന ഐ.ഡി.ബി.ഐയെ മൂല്യനിര്‍ണയത്തിനായി മറ്റ് പൊതുമേഖലാ ബാങ്കുകളുമായി മാത്രം താരതമ്യം ചെയ്തത് എന്തുകൊണ്ടാണ്? സ്വകാര്യ ബാങ്കുകളെയും താരതമ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ മൂല്യനിര്‍ണയത്തില്‍ മാറ്റമുണ്ടാകുമായിരുന്നില്ലേ?

സ്വകാര്യ ബാങ്കുകളെ താരതമ്യത്തില്‍നിന്ന് ഒഴിവാക്കിയത് ബാങ്കിന്റെ മൂല്യം കുറച്ചുകാണിക്കാന്‍ ഇടയാക്കിയോയെന്ന ചോദ്യവും വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ട്.

എന്നാല്‍ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരി അപ്പോഴും കേന്ദ്രസര്‍ക്കാരിന്റെയും എല്‍.ഐ.സിയുടെയും കൈവശമായിരുന്നതിനാലാണ് പൊതുമേഖലാ ബാങ്കുകളെ് താരതമ്യത്തിനായി ഉപയോഗിച്ചതെന്നാണ് സര്‍ക്കാരിന്റെ വാദം.

റെയില്‍വേയുടെ ആക്രിവില്‍പ്പനയ്ക്ക് ഉപയോഗിക്കുന്ന ചട്ടം ബാങ്കിന്റെ വില്‍പ്പനയ്ക്കും?

വില്‍പ്പന നടപടികളില്‍ ഉയര്‍ന്ന മറ്റൊരു വിവാദം റെയില്‍വേ സ്റ്റോഴ്സ് കോഡിന്റെ (Railway Stores Code) പരാമര്‍ശമാണ്.

ബിസിനസ് വേള്‍ഡിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, സര്‍ക്കാര്‍ രേഖകളില്‍ ബാങ്കിന്റെ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വിശദീകരിക്കുമ്പോള്‍ റെയില്‍വേ സ്റ്റോഴ്സ് കോഡിലെ വ്യവസ്ഥയും പരാമര്‍ശിച്ചിരുന്നു.

റിസര്‍വ് വിലയേക്കാള്‍ കുറഞ്ഞ തുകയ്ക്കുള്ള ബിഡുകള്‍ സ്വീകരിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള കാരണം രേഖപ്പെടുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അത്തരം ബിഡുകള്‍ അംഗീകരിക്കാമെന്നതാണ് ഈ വ്യവസ്ഥയുടെ ഉള്ളടക്കം. സാധാരണയായി റെയില്‍വേയുടെ പഴയ സാധനങ്ങളും ആക്രിവസ്തുക്കളും ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടമാണിത്.

ഇവിടെ ഉയരുന്ന ചോദ്യം, തന്ത്രപ്രധാനമായ ഒരു പൊതുമേഖലാ ബാങ്കിന്റെ ഓഹരി വില്‍പ്പനയ്ക്ക് റെയില്‍വേയുടെ ആക്രിവില്‍പ്പനയുമായി ബന്ധപ്പെട്ട വ്യവസ്ഥയെ എങ്ങനെ നടപടിക്രമപരമായ മാതൃകയായി ഉപയോഗിക്കാനാകും എന്നതാണ്.

സി.പി.ഐ.എം രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസും ഈ വിഷയത്തില്‍ വിമര്‍ശനമുയര്‍ത്തി. ഒരു പൊതുമേഖലാ ബാങ്കിനെ റെയില്‍വേയുടെ ആക്രിവസ്തുക്കളെപ്പോലെ കാണുന്നതെന്തിനാണെന്നും ആരുടെ താത്പര്യപ്രകാരമാണ് ഇത്തരം ചട്ടങ്ങള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഒക്ടോബര്‍ 29ന് പുറത്തിറക്കിയ വിശദീകരണത്തില്‍ ധനമന്ത്രാലയം റെയില്‍വേ സ്റ്റോഴ്സ് കോഡിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വ്യക്തമായ മറുപടി നല്‍കിയിട്ടുമില്ല. പകരം, 2017ലെ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനപ്രകാരം സ്ട്രാറ്റജിക് ഡിസിന്‍വെസ്റ്റ്മെന്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കോര്‍ ഗ്രൂപ്പ് ഓഫ് സെക്രട്ടറീസിന് അധികാരമുണ്ടെന്ന് വിശദീകരിക്കുകയായിരുന്നു.

രണ്ടാമത്തെ ബിഡ്ഡറെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാത്തതെന്തിന്?

വില്‍പ്പന നടപടികളില്‍ അഞ്ച് കമ്പനികളാണ് തുടക്കത്തില്‍ താത്പര്യപത്രം സമര്‍പ്പിച്ചത്. ഇതില്‍ നാല് കമ്പനികള്‍ യോഗ്യത നേടി. എന്നാല്‍ അന്തിമ സാമ്പത്തിക ബിഡ് സമര്‍പ്പിച്ചത് രണ്ട് കമ്പനികള്‍ മാത്രമാണ്.

രണ്ടാമത്തെ ബിഡ്ഡറെ ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവാക്കിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ആ കമ്പനിയുടെ പേരും അത് സുരക്ഷാ ഭീഷണിയാകാനുള്ള കാരണങ്ങളും പുറത്തുവിടാത്തതെന്താണെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.

എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങളില്‍ രണ്ട് കമ്പനികളാണ് അന്തിമഘട്ടത്തിലെത്തിയതെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും രണ്ടാമത്തെ ബിഡ്ഡറെ സംബന്ധിച്ച ആരോപണത്തിന് ആവശ്യമായ വിശദാംശങ്ങള്‍ ലഭ്യമല്ല. സുരക്ഷാ പരിശോധനയും യോഗ്യതാ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമാണ് കമ്പനികളെ ലേലത്തിലേക്ക് പ്രവേശിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

മോദിയെ പുകഴ്ത്തുന്ന പ്രേം വാട്‌സയും ഫെയര്‍ഫാക്സും

ഐ.ഡി.ബി.ഐ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സും അതിന്റെ സ്ഥാപകന്‍ പ്രേം വാട്‌സയും രാഷ്ട്രീയ ചര്‍ച്ചകളിലും ഇടംപിടിച്ചിട്ടുണ്ട്.

കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെയര്‍ഫാക്സ് 1985ല്‍ പ്രേം വാട്‌സ സ്ഥാപിച്ച സാമ്പത്തിക സേവന സ്ഥാപനമാണ്. ഇന്‍ഷുറന്‍സ്, നിക്ഷേപം, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്.

ഇന്ത്യയിലും ഫെയര്‍ഫാക്സിന് വിവിധ കമ്പനികളില്‍ നിക്ഷേപങ്ങളുണ്ട്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം, സി.എസ്.ബി ബാങ്ക്, ഗോ ഡിജിറ്റ്, തോമസ് കുക്ക് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുമായി കമ്പനിക്ക് ബന്ധമുണ്ട്. ഐ.ഡി.ബി.ഐ ഇടപാടോടെ ഇന്ത്യന്‍ ബാങ്കിങ് മേഖലയിലെ സാന്നിധ്യം കൂടുതല്‍ വിപുലമാക്കുകയാണ് ഫെയര്‍ഫാക്സ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങളെയും ഭരണത്തെയും പ്രേം വാട്‌സ പരസ്യമായി പുകഴ്ത്തിയിട്ടുള്ളതാണ് ഇപ്പോഴത്തെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഈ ബന്ധം ഉയരാന്‍ കാരണം.

മോദിയെ ഇന്ത്യയുടെ വളര്‍ച്ചയുടെ നിര്‍ണായക ഘടകമായി വിശേഷിപ്പിച്ച വാട്‌സ, ഇന്ത്യയ്ക്ക് അദ്ദേഹത്തെപ്പോലൊരു പ്രധാനമന്ത്രിയെ ലഭിച്ചത് ഭാഗ്യമാണെന്നും മുമ്പ് പറഞ്ഞിട്ടുണ്ട്. മോദിയുമായി പലതവണ നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യാറുള്ളതെന്നും അദ്ദേഹം അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും മോദി സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിട്ടുള്ള വ്യക്തിയുമായ അമിതാഭ് കാന്ത് ഫെയര്‍ഫാക്സിന്റെ സീനിയര്‍ അഡൈ്വസറായി എത്തിയതും ചര്‍ച്ചയായിട്ടുണ്ട്. ജി20 ഷെര്‍പ്പയായി പ്രവര്‍ത്തിച്ചിരുന്ന കാന്തിന്റെ ഈ പുതിയ ചുമതലയും വില്‍പ്പനയില്‍ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നോ എന്ന സംശയവും വിമര്‍ശകര്‍ ഉന്നയിക്കുന്നു.

പ്രതിപക്ഷത്തിന്റെ വിമര്‍ശനം: ലാഭത്തിലായ ബാങ്ക് എന്തിന് വില്‍ക്കണം?

ഐ.ഡി.ബി.ഐ ബാങ്ക് വില്‍പ്പനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്.

ബാങ്ക് ജീവനക്കാര്‍ക്ക് അയച്ച തുറന്ന കത്തില്‍, തങ്ങളുടെ അധ്വാനത്തിലൂടെ ലാഭകരമാക്കിയ സ്ഥാപനത്തെ സര്‍ക്കാര്‍ എന്തിനാണ് വില്‍ക്കുന്നതെന്ന് ജീവനക്കാര്‍ ചോദിക്കുന്നതായി രാഹുല്‍ ചൂണ്ടിക്കാട്ടി. പൊതുപണം ഉപയോഗിച്ച് കെട്ടിപ്പടുത്ത സ്ഥാപനങ്ങള്‍ പൊതുജനങ്ങളുടേതാണെന്നും അവയെ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം വിശദീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2003ല്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഐ.ഡി.ബി.ഐ ബാങ്കിലെ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍ താഴെയാകില്ലെന്നായിരുന്നു അന്നത്തെ ഉറപ്പ്.

സ്വകാര്യവത്കരണത്തോടെ പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണ ആനുകൂല്യങ്ങള്‍ എന്താകുമെന്നതും ജീവനക്കാരുടെ തൊഴില്‍ സുരക്ഷ, പെന്‍ഷന്‍, മറ്റ് സേവന ആനുകൂല്യങ്ങള്‍ എന്നിവയുടെ ഭാവി എന്താണെന്നും രാഹുല്‍ ചോദിച്ചു.

ബാങ്ക് ജീവനക്കാരുടെ സംഘടനകളും വില്‍പ്പനയ്‌ക്കെതിരെ രംഗത്തുണ്ട്. ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍ക്കും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കും സംരക്ഷണം ഉറപ്പാക്കണമെന്നും സംവരണ നയങ്ങളില്‍ മാറ്റമുണ്ടാകരുതെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന് പുറമെ യുണൈറ്റഡ് ഫോറം ഓഫ് ഐ.ഡി.ബി.ഐ ഓഫീസേഴ്സ് ആന്‍ഡ് എംപ്ലോയീസ് നവംബര്‍ 2, 3 തീയതികളില്‍ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ക്കും ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം വീണ്ടും 51 ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യമാണ് ജീവനക്കാര്‍ മുന്നോട്ടുവെക്കുന്നത്.

പവന്‍ ഖേരയുടെ ആറ് ചോദ്യങ്ങള്‍

കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും വില്‍പ്പന നടപടികളെ ചോദ്യം ചെയ്തിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മുന്നില്‍ ആറ് പ്രധാന ചോദ്യങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയത്.

*ബാങ്കിന്റെ ഓഹരി വിപണിയില്‍ ലഭിക്കുന്ന വിലയേക്കാള്‍ താഴെ എന്തിനാണ് വില്‍പ്പന നടത്തുന്നത്?
*കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആയിരക്കണക്കിന് കോടി രൂപ ലാഭമുണ്ടാക്കിയ ബാങ്കിന്റെ യഥാര്‍ഥ ആസ്തിമൂല്യം വില്‍പ്പനയില്‍ പരിഗണിച്ചിട്ടുണ്ടോ?
*ലേല നടപടികള്‍ക്കിടയില്‍ ചട്ടങ്ങളിലും മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആരുടെ നിര്‍ദേശപ്രകാരമാണ്?
* ജീവനക്കാരുടെ എതിര്‍പ്പും 2003ലെ പാര്‍ലമെന്ററി ഉറപ്പും നിലനില്‍ക്കെ എന്തിനാണ് 60.72 ശതമാനം ഓഹരികള്‍ വില്‍ക്കുന്നത്?
* ദേശീയ സുരക്ഷയുടെ പേരില്‍ ഒഴിവാക്കിയെന്ന് പറയുന്ന രണ്ടാമത്തെ ബിഡ്ഡറെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാത്തതെന്താണ്?
* അമിതാഭ് കാന്തിന്റെ ഐ.ഡി.ബി.ഐ വില്‍പ്പനയിലുള്ള പങ്ക് എന്താണ്?
*ബാങ്കിന്റെ ഭൂമിയും കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള ആസ്തികള്‍ക്കും വില്‍പ്പനയില്‍ കൃത്യമായ മൂല്യം കണക്കാക്കിയിട്ടുണ്ടോ ?

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം: ഐ.ഡി.ബി.ഐക്കപ്പുറമുള്ള രാഷ്ട്രീയം

ഐ.ഡി.ബി.ഐ ബാങ്ക് വില്‍പ്പനയെ കേവലം ഒരു ബാങ്കിന്റെ ഓഹരി കൈമാറ്റമായി കാണാനാകില്ല. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ ഭാവിയെക്കുറിച്ചുള്ള വലിയ ചര്‍ച്ചയുടെ ഭാഗമാണിത്.

1990കളിലെ സാമ്പത്തിക ഉദാരവത്കരണത്തിനുശേഷം ബാങ്കിങ് മേഖലയിലും സ്വകാര്യ പങ്കാളിത്തം വര്‍ധിച്ചു. പുതിയ സ്വകാര്യ ബാങ്കുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയും പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. എന്നാല്‍ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും ഗ്രാമീണ മേഖലകളിലേക്ക് ബാങ്കിങ് സേവനങ്ങള്‍ എത്തിക്കുന്നതിലും പൊതുമേഖലാ ബാങ്കുകള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ട്.

കര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍, സാധാരണ തൊഴിലാളികള്‍, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നതില്‍ പൊതുമേഖലാ ബാങ്കുകള്‍ വഹിക്കുന്ന പങ്ക് പ്രധാനമാണ്. സാമ്പത്തിക ലാഭം മാത്രമല്ല, സാമൂഹിക ഉത്തരവാദിത്തവും ബാങ്കിങ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നുണ്ട്.

ഇന്ത്യയിലെ ബാങ്ക് ദേശസാത്കരണത്തിന്റെ ചരിത്രവും ഈ പശ്ചാത്തലത്തില്‍ പ്രസക്തമാണ്. 1969ലും 1980ലും നടന്ന ബാങ്ക് ദേശസാത്കരണങ്ങള്‍ ബാങ്കിങ് സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും ഗ്രാമീണ മേഖലകളിലേക്ക് വായ്പാ സൗകര്യങ്ങള്‍ വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു.

സ്വകാര്യവത്കരണത്തെ അനുകൂലിക്കുന്നവര്‍ ബാങ്കുകളുടെ കാര്യക്ഷമത, മൂലധന സമാഹരണം, സാങ്കേതികവിദ്യ, മത്സരക്ഷമത എന്നിവ വര്‍ധിപ്പിക്കാന്‍ സ്വകാര്യ ഉടമസ്ഥത സഹായിക്കുമെന്ന് വാദിക്കുമെങ്കിലും സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറുമ്പോള്‍ ബാങ്കിന്റെ വായ്പാ മുന്‍ഗണനകള്‍, സാമൂഹിക ഉത്തരവാദിത്തം, സംവരണ നയങ്ങള്‍, ജീവനക്കാരുടെ തൊഴില്‍ സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ എന്ത് മാറ്റമുണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

ഐ.ഡി.ബി.ഐയുടെ കാര്യത്തില്‍ ഈ ആശങ്കകള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. കാരണം, ബാങ്കിനെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ പൊതുപണവും എല്‍.ഐ.സിയുടെ നിക്ഷേപവും ഉപയോഗിച്ചിട്ടുണ്ട്. ആ നിക്ഷേപത്തിന്റെ നേട്ടം ഭാവിയില്‍ ആര്‍ക്കാണ് ലഭിക്കേണ്ടത് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

Content Highlight: Why Is the Centre Selling Profitable IDBI Bank? Controversy Over Stake Sale to Canadian Company