ന്യൂദല്‍ഹി: യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ 2018ലെ ഒരു മാനനഷ്ടക്കേസില്‍ ദല്‍ഹി സാകേത് കോടതി വാറന്റ് പുറപ്പെടുവിച്ചു. ജാമ്യം ലഭിക്കുന്ന തരത്തിലുള്ള വാറന്റാണ് പുറപ്പെടുവിച്ചതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ധ്രുവ് റാഠിയുടെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് വികാസ് സംസ്‌കൃത്യായന്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി. 2018-ലാണ് പാണ്ഡെ ധ്രുവ് റാഠിക്കെതിരെ മാന നഷ്ടക്കേസ് നല്‍കിയത്.
കോടതിയില്‍ നിന്നുള്ള നോട്ടീസ് കൈമാറാന്‍ ഉദ്യോഗസ്ഥന്‍ എത്തിയപ്പോള്‍ റാഠിയുടെ വീട് പൂട്ടിയിട്ടിരുന്നതായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന്, ഒക്ടോബര്‍ 17-നും കോടതി അദ്ദേഹത്തിനെതിരെ വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. ധ്രുവ് റാഠി നിലവില്‍ ഇന്ത്യയിലുണ്ടെന്ന വിവരം ഉയര്‍ന്നതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ സമര്‍പ്പിച്ച അടിയന്തര ഹരജി പരിഗണിച്ചായിരുന്നു കോടതി അന്ന് സമന്‍സ് അയച്ചത്.
ഈ കേസ് നവംബര്‍ 20നായിരുന്നു കോടതി പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ധ്രുവ് റാഠി സി.ജെ.പി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിലവില്‍ ഇന്ത്യയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ കോടതിയില്‍ അടിയന്തര അപേക്ഷ നല്‍കുകയായിരുന്നു.
റാഠി സാധാരണയായി ഓസ്ട്രിയയിലാണ് താമസിക്കുന്നതെന്നും, ഡല്‍ഹിയില്‍ നടന്ന ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയതെന്നും പാണ്ഡെയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സമക്ഷ് ശര്‍മ വാദിച്ചു. 2019 ജൂലൈയിലാണ് റാഠിക്ക് ആദ്യമായി സമന്‍സ് അയച്ചിരുന്നതെന്ന് കോടതി നിരീക്ഷിച്ചെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
‘ബി.ജെ.പി ഐ.ടി സെല്‍ – പാര്‍ട്ട് II’ എന്ന പേരില്‍ ധ്രുവ് റാഠി യൂട്യൂബില്‍ പ്രസിദ്ധീകരിച്ച വിഡിയോയില്‍ തനിക്കെതിരെ അപകീര്‍ത്തികരവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് പരാതിക്കാരനായ വികാസ് സംസ്‌കൃത്യായന്‍ ആരോപിക്കുന്നത്. ജര്‍മ്മനിയില്‍ സ്ഥിരതാമസമാക്കിയ ധ്രുവ് റാഠി തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചു എന്നാണ് ഹരജിയില്‍ പറയുന്നത്.
2018 മെയ് മാസത്തിലാണ് ധ്രുവ് റാഠി തന്റെ യൂട്യൂബ് ചാനലില്‍ ‘ബി.ജെ.പി ഐ.ടി സെല്‍ – പാര്‍ട്ട് II’ എന്ന വിഡിയോ അപ്ലോഡ് ചെയ്യുന്നത്. ഈ വിഡിയോ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാള്‍ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ റീ-ട്വീറ്റ് ചെയ്തിരുന്നു. അരവിന്ദ് കെജ്രിവാളിനെതിരെയും മുന്‍പ് ഇതേ വിഷയത്തില്‍ കേസ് നിലവിലുണ്ടായിരുന്നു.
Content Highlight: Delhi court issues fresh bailable warrants against Dhruv Rathee in defamation case
