2002-ൽ പ്രണയമണിത്തൂവലെന്ന ചിത്രത്തിനു പിന്നണി പാടികൊണ്ട് മലയാള സിനിമാലോകത്തെത്തിയ ഗായികയാണ് ജ്യോത്സ്ന.നമ്മൾ എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന ഗാനത്തിലൂടെയാണ് ജ്യോത്സ്ന പ്രശസ്തയായത്.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റി മുപ്പതിലേറെ സിനിമകൾക്കു ഇതിനകം പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്ന ഇരുന്നൂറിലധികം ആൽബങ്ങളിലും പാടിയിട്ടുണ്ട്.
സ്വപ്നക്കൂട് എന്ന ചിത്രത്തിലെ കറുപ്പിനഴക്, മനസിനക്കരെ എന്നചിത്രത്തിലെ മെല്ലെയൊന്നു പാടൂ, പെരുമഴക്കാലം എന്ന ചിത്രത്തിലെ മെഹറുബാ എന്നിവ ജ്യോത്സ്നയുടെ ശ്രദ്ധേയമായ ഗാനങ്ങളാണ്. ക്ലാസ്മേറ്റ്സ്, നോട്ട്ബുക്ക്, പോത്തൻ വാവ, ഡോൺ, ജന്മം എന്നീ ചിത്രങ്ങളിലും ജ്യോത്സ്ന ശ്രദ്ധേയമായ ഗാനങ്ങൾ പാടിയിട്ടുണ്ട്.

ജ്യോത്സ്ന രാധാകൃഷ്ണൻ. Photo. Facebook.com
ഇപ്പോഴിതാ സംഗീതജീവിതത്തിൽ മുന്നോട്ടുപോകുമ്പോൾ താൻ ചെയ്യുന്ന കാര്യങ്ങൾ ശരിയാണോ, ഒരിടത്ത് കുടുങ്ങിപ്പോയോ എന്നൊക്കെയുള്ള സംശയങ്ങൾ തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് ഗായിക ജ്യോത്സ്ന രാധാകൃഷ്ണൻ. ഇന്നത്തെ കലാകാരന്മാർ നേരിടുന്ന സമ്മർദം മുൻകാലങ്ങളെക്കാൾ കൂടുതലാണെന്നും സോഷ്യൽ മീഡിയയുടെ വരവോടെ താരതമ്യങ്ങളും വിമർശനങ്ങളും വർധിച്ചെന്നും ജ്യോത്സ്ന വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഒരു ഫോൺ കൈവശമുണ്ടെങ്കിൽ ആർക്കും ആരെക്കുറിച്ചും അഭിപ്രായം പറയാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നാൽ അത്തരം അഭിപ്രായങ്ങളെല്ലാം ക്രിയാത്മകമായ വിമർശനങ്ങളായിരിക്കണമെന്നില്ല. ഈ സാഹചര്യത്തിൽ, ‘ഞാൻ മതിയായ രീതിയിൽ ചെയ്യുന്നുണ്ടോ?’ എന്ന സംശയം തോന്നുന്നത് സ്വാഭാവികമാണ്,’ ജ്യോത്സ്ന പറഞ്ഞു.
ഇത്തരം സന്ദർഭങ്ങളിൽ ആദ്യം സ്വന്തം വികാരങ്ങളെ അംഗീകരിക്കുകയാണ് ചെയ്യാറുള്ളതെന്നും താരം വ്യക്തമാക്കി.
‘ഇപ്പോൾ സംശയമോ വിഷമമോ തോന്നുന്നുണ്ടെങ്കിൽ അത് സമ്മതിക്കണം. എന്നാൽ ഈ അവസ്ഥ എന്നും തുടരുമെന്ന് കരുതേണ്ടതില്ല. ‘ഇതും കടന്നുപോകും’ എന്ന ബോധ്യമാണ് പ്രധാനം,’ ജ്യോത്സ്ന പറഞ്ഞു.
അതേസമയം, സംഗീതജീവിതത്തിനിടയിൽ ലൈഫ് കോച്ചിങ്ങിലേക്ക് എത്തിയതിനെക്കുറിച്ചും ജ്യോത്സ്ന സംസാരിച്ചു. ‘സൂപ്പർ ഫോർ’ പരിപാടിക്കുശേഷമാണ് ഭർത്താവ് ശ്രീകാന്തിന് യു.കെ.യിൽ ജോലി ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. കുറച്ചുകാലം ഒരു ഇടവേള വേണമെന്ന് തനിക്കും തോന്നിയിരുന്നുവെന്നും തുടർന്ന് ഏകദേശം രണ്ടുവർഷം യു.കെ.യിൽ താമസിച്ചെന്നും ജ്യോത്സ്ന പറഞ്ഞു.
‘ആ സമയത്ത് പുതിയതായി എന്തെങ്കിലും പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അത് സംഗീതവുമായി ബന്ധപ്പെട്ട ഒന്നാകരുതെന്നും തന്നെത്തന്നെ കൂടുതൽ മനസിലാക്കാൻ സഹായിക്കുന്നതായിരിക്കണമെന്നും കരുതി. അങ്ങനെയാണ് ലൈഫ് കോച്ചിങ് സർട്ടിഫിക്കേഷൻ കോഴ്സിൽ ചേർന്നത്.

ജ്യോത്സ്ന രാധാകൃഷ്ണൻ. Photo. Screen Grab/ Youtube
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകളെ പരിചയപ്പെടാനും അവരുടെ വ്യത്യസ്ത അനുഭവങ്ങൾ മനസിലാക്കാനും കോഴ്സിലൂടെ കഴിഞ്ഞു. വ്യക്തിപരമായ വളർച്ചയ്ക്ക് സഹായിച്ച അനുഭവമായിരുന്നു അതെല്ലാം,’ ജ്യോത്സ്ന കൂട്ടിച്ചേർത്തു.
Content Highlight: Singer Jyotsna Radhakrishnan shares that, as she progressed in her musical career, she occasionally wondered whether she was on the right path or if she had become stuck in one place.
