മഴവിൽ മനോരമ എന്ന ടെലിവിഷൻ ചാനലിലെ ‘നായികാ നായകൻ’, ഉടൻ പണം തുടങ്ങിയ പരിപാടികളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് മീനാക്ഷി രവീന്ദ്രൻ. ലാൽ ജോസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ തട്ടുംപുറത്ത് അച്ചുതൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മീനാക്ഷി, മാലിക്ക് എന്ന ഫഹദ് ഫാസിൽ ചിത്രത്തിലെ റംലത്ത് എന്ന കഥാപാത്രമായും വലിയ ശ്രദ്ധ നേടിയിരുന്നു.
ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ 2024ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ പ്രേമലുവിലെ നിഹാരിക എന്ന കഥാപാത്രം പ്രേക്ഷകരിൽ ചിരി പടർത്തിയിരുന്നു. ഗിരീഷിന്റെ തന്നെ സംവിധാനത്തിൽ ഓണം റിലീസായി എത്തി വൻ വിജയം നേടിയ ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലും മീനാക്ഷി പ്രധാനവേഷത്തിലെത്തിയിരുന്നു.

മീനാക്ഷി.Photo. Screen grab/ Youtube. Facebook.com
നിവിൻ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം 350 കോടിയിലധികം സ്വന്തമാക്കി വലിയ കുതിപ്പാണ് ബോക്സ് ഓഫീസിൽ നടത്തിയത്. ഏജ് ഗ്യാപ്പ് റൊമാൻസിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിൽ സുരേഷ് കൃഷ്ണ, റോഷൻ ഷാനവാസ്, സംഗീത് പ്രതാപ്, ശ്യാം മോഹൻ, ശ്രിന്ദ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നിരുന്നു. പ്രേമലുവിന്റെ തന്നെ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് നിർമിച്ച ചിത്രത്തിൽ റിയ മൊറേലി എന്ന കഥാപാത്രമായാണ് താരം വേഷമിട്ടത്.
ഇപ്പോഴിതാ സിനിമയിലെത്തിയപ്പോൾ താൻ പ്രതീക്ഷിച്ചിരുന്നതിൽനിന്ന് വ്യത്യസ്തമായിരുന്നു യാഥാർഥ്യമെന്ന് പറയുകയാണ് നടി മീനാക്ഷി രവീന്ദ്രൻ. ‘നായികാ നായകൻ’ എന്ന പരിപാടിയുടെ സമയത്താണ് സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിൽ മാറ്റമുണ്ടായതെന്നും താരം പറയുന്നു.
‘നായികാ നായകൻ കഴിഞ്ഞിട്ട് ഞാൻ വിചാരിച്ചിരുന്നത്, ഇത് കഴിയുമ്പോൾ ഡയറക്ടർമാർ വീട്ടിന്റെ മുന്നിൽ വന്നു നിൽക്കും, സ്ക്രിപ്റ്റ് വായിക്കും, ഞാൻ എഴുതും, അഭിനയിക്കും എന്നൊക്കെയാണ്. അങ്ങനെയായിരുന്നു അന്നത്തെ ധാരണ. പക്ഷേ അതല്ല റിയാലിറ്റി എന്ന് അംഗീകരിച്ചപ്പോഴാണ് കാര്യങ്ങൾ മനസിലായത്,’ മീനാക്ഷി പറഞ്ഞു.
സിനിമയിൽ താൻ പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങൾ നടക്കുന്നതെന്ന് തിരിച്ചറിഞ്ഞത് വലിയ മാറ്റമായിരുന്നുവെന്നും മീനാക്ഷി പറയുന്നു. നമ്മൾ ആഗ്രഹിക്കുന്നതുപോലെയോ വിചാരിക്കുന്നതുപോലെയോ എല്ലാം സംഭവിക്കണമെന്നില്ലെന്ന യാഥാർഥ്യം അംഗീകരിച്ച് മുന്നോട്ടുപോകാൻ തുടങ്ങിയതോടെ പകുതി പ്രശ്നങ്ങളും അവസാനിച്ചുവെന്നും താരം വ്യക്തമാക്കി.
‘ഇതാണ് റിയാലിറ്റി, ഇത് അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോകുക എന്നതാണ് മനസിലായത്. അപ്പോൾത്തന്നെ പകുതി പ്രശ്നം തീർന്നു. കാര്യങ്ങൾ നമ്മൾ ഉദ്ദേശിക്കുന്ന പോലെയോ വിചാരിക്കുന്ന പോലെയോ ആയിരിക്കണമെന്നില്ല എന്ന് മനസിലായി,’ മീനാക്ഷി പറഞ്ഞു.
‘നായികാ നായകൻ’ പരിപാടിയുടെ സമയത്ത് തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന അസിസ്റ്റന്റ് ഡയറക്ടർമാർ ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും താരം ഓർത്തെടുത്തു. സിനിമയിൽ തങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ എല്ലാം നടക്കണമെന്നില്ലെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അന്ന് അവരുടെ വാക്കുകൾക്ക് പിന്നിലെ യാഥാർഥ്യം മനസിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും മീനാക്ഷി പറഞ്ഞു.

മീനാക്ഷി.Photo. Screen grab/ Youtube. Facebook.com
‘അന്ന് നമ്മുടെ കൂടെ ഉണ്ടായിരുന്ന അസിസ്റ്റന്റ് ഡയറക്ടർമാരൊക്കെ പറഞ്ഞിട്ടുണ്ട്, ‘നിങ്ങൾ വിചാരിക്കുന്ന പോലെ കാര്യങ്ങൾ ഇങ്ങനെയാവണമെന്നില്ല’ എന്ന്. അന്ന് ഇവർ എന്തിനാണ് ഇങ്ങനെ നെഗറ്റീവാക്കുന്നത് എന്നായിരുന്നു ഞങ്ങൾ ചിന്തിച്ചത്. പക്ഷേ അവർ പറഞ്ഞതായിരുന്നു റിയാലിറ്റി,’ മീനാക്ഷി കൂട്ടിച്ചേർത്തു.
Content Highlight: Actress Meenakshi Raveendran says that the reality she encountered upon entering the film industry was different from what she had expected
