അമരന്‍ എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം. തമിഴ് സൂപ്പര്‍താരം ധനുഷിനെ നായകനാക്കി ഒരുക്കുന്ന ചിത്രം അനൗണ്‍സ്‌മെന്റ് സമയം മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലായിരുന്നു. ടൈറ്റില്‍ ടീസര്‍ മുതല്‍ ഓരോ അപ്‌ഡേറ്റിലും ചിത്രം അതിന്റെ ക്വാളിറ്റി നിലനിര്‍ത്തുകയാണ്.

ഹൈപ്പിനൊത്ത സ്റ്റാര്‍ കാസ്റ്റും ഓമിന്റെ പ്രത്യേകതയാണ്. ധനുഷിനൊപ്പം മലയാളത്തിന്റെ മമ്മൂട്ടിയും ഓമില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. സിയാ/ ബര്‍മാ കാര്‍ത്തികേയന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ക്യാരക്ടര്‍ ടീസര്‍ സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയായിരുന്നു. സമീപകാലത്ത് ഒരു മലയാളി താരത്തിന് ലഭിച്ച ഏറ്റവും മികച്ച ടീസറായിരുന്നു ഓമിലേത്.

ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് രാജ്കുമാര്‍ പെരിയസാമി. മമ്മൂട്ടിയെപ്പോലൊരു ലെജന്‍ഡിനൊപ്പം വര്‍ക്ക് ചെയ്തത് വലിയ കാര്യമായിരുന്നെന്ന് രാജ്കുമാര്‍ പെരിയസാമി പറഞ്ഞു. കഥാപാത്രത്തെ മമ്മൂട്ടി ഉള്‍ക്കൊണ്ട് ക്യാമറക്ക് മുന്നില്‍ പെര്‍ഫോം ചെയ്യുന്നത് കാണാന്‍ രസമായിരുന്നെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടി സാര്‍ ഒരിക്കലും ഡയലോഗ് പഠിച്ച് പറയാറില്ല. ആ സീന്‍ എന്താണ്, ക്യാരക്ടര്‍ സഞ്ചരിക്കുന്ന രീതികള്‍ എന്താണ് എന്നൊക്കെ മനസിലാക്കിയ ശേഷമാകും അദ്ദേഹം ടേക്കിന് എത്തുക. അങ്ങനെ ചെയ്യുമ്പോള്‍ ആ ഡയലോഗുകള്‍ അതിന്റെ ഫ്‌ളോയില്‍ കിട്ടും. ഞാനത് നേരിട്ട് കണ്ടതാണ്. അത് കാണാന്‍ തന്നെ പ്രത്യേക രസമാണ്.

മമ്മൂട്ടി സാര്‍ മാത്രമല്ല, സായ് പല്ലവിയും ഇതുപോലെ തന്നെയാണ്. രണ്ടുപേരും ഡയലോഗ് പഠിച്ച് പറയില്ല. അത് ഒരുതരത്തില്‍ നല്ലതാണ്. പഠിച്ച് പറയുമ്പോള്‍ ആദ്യത്തെ ഡയലോഗ് പറയുമ്പോള്‍ തന്നെ നാലാമത്തെ ഡയലോഗ് എന്താകുമെന്ന് ചിന്തിക്കുമല്ലോ. ഇവരുടെ കാര്യത്തില്‍ അങ്ങനെയൊന്നും ഉണ്ടാകാറില്ല. വേറെ ആര്‍ട്ടിസ്റ്റുകളിലൊന്നും ഈയൊരു പ്രത്യേകത ഞാന്‍ കണ്ടിട്ടില്ല,’ രാജ്കുമാര്‍ പെരിയസാമി പറഞ്ഞു.

ചിത്രത്തിന്റെ ടൈറ്റിലില്‍ കാണിച്ച ചാപ്റ്റര്‍ വണ്ണിനെക്കുറിച്ചും സംവിധായകന്‍ സംസാരിച്ചു. കെ.ജി.എഫും പുഷ്പയും പോലെ സീക്വലിന് സൂചന നല്‍കിക്കൊണ്ടല്ല ഓം അവസാനിക്കുന്നതെന്ന് രാജ്കുമാര്‍ പെരിയസാമി പറഞ്ഞു. ആദ്യഭാഗവുമായി രണ്ടാം ഭാഗത്തിന് ബന്ധമുണ്ടാകില്ലെന്നും നല്ല എന്‍ഡിങ്ങായിരിക്കുമെന്നും ചിത്രത്തിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Rajkumar Periasamy about the acting style of Mammootty and Sai Pallavi