കോഴിക്കോട്: സംസ്ഥാനത്ത് 2026-27 അധ്യയന വര്‍ഷത്തെ പ്രൊഫഷനല്‍ ഡിഗ്രി നഴ്‌സിങ് ആന്‍ഡ് അലീഡ് സയന്‍സ് കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് ക്രമീകരണങ്ങള്‍ എസ്.സി-എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്നതായി ആദിവാസി ഗോത്ര മഹാ സഭയും ആദിവാസി ദളിത് പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ആദി ശക്തി സമ്മര്‍ സ്‌കൂളും.

ഈ വര്‍ഷം മെയിന്‍ അലോട്ട്‌മെന്റ് പൂര്‍ണമായും കഴിയാതെ എസ്.സി-എസ്.ടി സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തിയതും സ്‌പോട്ട് അലോട്ട്‌മെന്റില്‍ പ്രവേശനം നേടിയവര്‍ക്ക് മറ്റ് ഓപ്ഷന്‍ നല്‍കുന്നതിനുള്ള അവസരം നിഷേധിച്ചതുമാണ് എസ്.സി-എസ്.ടി വിദ്യാര്‍ത്ഥികളെ ബാധിക്കുകയെന്ന് ഗോത്ര മഹാ സഭയും ആദി ശക്തി സമ്മര്‍ സ്‌കൂളും വ്യക്തമാക്കി. ഈ വിഷയത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇരു സംഘടനകളും ആരോഗ്യ മന്ത്രിക്കും പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ മന്ത്രിക്കും കത്തയക്കുകയും ചെയ്തു.

ഈ മാസം 17നായിരുന്നു എസ്.സി-എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ്. ഈ മാസം 16ന് നടന്ന ഒമ്പതാമത്തെ മെയിന്‍ അലോട്ട്മെന്റിന് പിന്നാലെയാണ് ഈ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തിയത്. ഈ വര്‍ഷം ജൂലൈയില്‍ സര്‍ക്കാര്‍ അംഗീകരിച്ച പ്രോസ്‌പെക്ടസ് പ്രകാരം ഒക്ടോബര്‍ 16ലെ ഒമ്പതാം അലോട്ട്‌മെന്റോട് കൂടി മെയിന്‍ അലോട്ട്‌മെന്റ് പ്രക്രിയ അവസാനിക്കേണ്ടിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ 17ലെ സ്‌പോട്ട് അലോട്ട്‌മെന്റിന് ശേഷം ഈ മാസം 23ന് പത്താമതൊരു മെയിന്‍ അലോട്ട്‌മെന്റിന് കൂടി വിജ്ഞാപനം ചെയ്തതായി കത്തില്‍ പറയുന്നു.

സ്‌പോട്ട് അലോട്ട്‌മെന്റില്‍ പ്രവേശനം നേടിയ എസ്.സി-എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷന്‍ മാറ്റാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ ഈ പത്താം അലോട്ട് മെന്റിലോ തുടര്‍ന്ന് വരാന്‍ സാധ്യതയുള്ള അലോട്ട്‌മെന്റുകളിലോ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും കത്തില്‍ പറയുന്നു. എല്‍.ബി.എസ് സെന്റര്‍ ഫോര്‍ ടെക്‌നോളജീസിന്റെ വെബ്‌സൈറ്റിലാണ് അലോട്ട്‌മെന്റിന്റെ നോട്ടിഫിക്കേഷനുകള്‍ പ്രസിദ്ധീകരിക്കുന്നത്.

എസ്.സി-എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്നവര്‍ക്ക് മറ്റ് അവസരങ്ങള്‍ നിഷേധിക്കുന്നു എന്നുള്ളത് ഗുരുതരമായിട്ടുള്ള വിഷയമാണെന്ന് ആദിവാസി ഗോത്ര മഹാ സഭാ കോഡിനേറ്ററും സാമൂഹ്യ പ്രവര്‍ത്തകനുമായ എം. ഗീതാനന്ദന്‍ പറഞ്ഞു. എത്രയോ കുട്ടികള്‍ക്ക് സീറ്റ് നഷ്ടപ്പെടാം. ഒരു കുട്ടിക്ക് നഷ്ടപ്പെട്ടാല്‍ പോലും അത് അനീതിയാണെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മെയിന്‍ അലോട്ട്‌മെന്റ് ക്ലോസ് ചെയ്യുന്നതിനു മുമ്പ് തന്നെ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുകയാണ്. ഒമ്പതാമത്തെ മെയിന്‍ അലോട്ട്‌മെന്റിന് ശേഷമാണ് ഈ മാസം 17ന് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തിയത്. പൊതു അലോട്ട്‌മെന്റ് ക്ലോസ് ചെയ്യുന്നതിന് മുമ്പാണ് ഇത്. അതിന് ശേഷം പത്താം അലോട്ട്‌മെന്റ് നടക്കുന്നു. 17ന് നടന്ന സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുത്തവര്‍ക്ക് പിന്നീട് നടക്കുന്ന മെയിന്‍ അലോട്ട്‌മെന്റില്‍ പങ്കെടുത്ത് മറ്റ് ഓപ്ഷനുകള്‍ നല്‍കാന്‍ അവകാശം ഉണ്ടാവില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണ മെയിന്‍ അലോട്ട്‌മെന്റ് എല്ലാം അവസാനിച്ചതിന് ശേഷമാണ് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുക. ഇപ്പോള്‍ മെയിന്‍ അലോട്ട്‌മെന്റ് എല്ലാം അവസാനിക്കുന്നതിന് മുമ്പ് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തി. അതിനാല്‍
സ്‌പോട്ട് അലോട്ട്‌മെന്റിന് പങ്കെടുത്ത കുട്ടികള്‍ക്ക് പിന്നീട് വരുന്ന അലോട്ട്‌മെന്റില്‍ പങ്കെടുത്ത് മറ്റ് സാധ്യതകള്‍ പരിശോധിക്കാന്‍ പറ്റാതാവുന്നു. അതാണ് ഇതിനകത്തുള്ള ഏറ്റവും വലിയ ഒരു അനീതിയെന്നും എം. ഗീതാനന്ദന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പത്താമത്തെ മെയിന്‍ അലോട്ട്‌മെന്റാണ് ഇപ്പോള്‍ അവര്‍ അനൗണ്‍സ് ചെയ്യുന്നത്. ഒരു പക്ഷേ മെയിന്‍ അലോട്ട്‌മെന്റ് ഇതുകൊണ്ടും അവസാനിക്കില്ല. അപ്പോള്‍ സ്‌പോട്ട് അലോട്ട്‌മെന്റില്‍ ബി.എസ്.സി നഴ്‌സിങ് കോഴ്‌സില്‍ ചേര്‍ന്നവര്‍ക്ക് ആ അവസരങ്ങള്‍ നഷ്ടപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സമയം ലഭിച്ചില്ലെന്നും സംഘടനകള്‍ അറിയിച്ചു. ഒക്ടോബര്‍ 17ലെ സ്‌പോട്ട് അലോട്ട്‌മെന്റിന് തലേ ദിവസം മാത്രമാണ് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് ആദി ശക്തി സമ്മര്‍ സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ലിഡിയ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. പെട്ടെന്നുള്ള നോട്ടീസില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റിന് എത്തിച്ചേരുന്നത് ബുദ്ധിമുട്ടായെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സ്പോട്ട് അഡ്മിഷന് എസ്.ടി കമ്യൂണിറ്റികളില്‍ നിന്നുള്ള അപേക്ഷകര്‍ ഇല്ലെങ്കില്‍ ആ വേക്കന്‍സി മറ്റ് സമുദായങ്ങളിലേക്ക് പോകും. ആദിവാസി സമുദായങ്ങളെ ഉള്‍ക്കൊള്ളിക്കാത്ത തരത്തിലാണ് സ്പോട്ട് അലോട്ട്മെന്റ് നടപടികള്‍. ഫസ്റ്റ് ജനറേഷന്‍സ് ലേണേഴ്സ് ആയവര്‍ക്കാണ് ഇത് കൂടുതല്‍ ബുദ്ധിമുട്ടെന്നും ലിഡിയ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഈ വര്‍ഷം ജൂലൈ ആറിന് സര്‍ക്കാര്‍ അംഗീകരിച്ച പ്രോസ്‌പെക്ടസ് പ്രകാരം ഒക്ടോബര്‍ 16ലെ ഒമ്പതാം ഘട്ട അലോട്ട്‌മെന്റോട് കൂടി മെയിന്‍ അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ അവസാനിക്കേണ്ടതായിരുന്നെന്ന് ഗോത്ര മഹാ സഭയുടെയും ആദി ശക്തി സമ്മര്‍ സ്‌കൂളിന്റെയും കത്തില്‍ പറയുന്നു. ഈ ഷെഡ്യൂള്‍ അനുസരിച്ച് ഒക്ടോബര്‍ 16ന് എല്‍.ബി.എസ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച നോട്ടീസും, പത്രക്കുറിപ്പുമനുസരിച്ച് ഒക്ടോബര്‍ 17ന് എല്‍.ബി.എസിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന എസ്.സി-എസ്.ടി സ്‌പോട്ട് അലോട്ടമെന്റില്‍ എസ്.സി./എസ്.ടി. വിദ്യാര്‍ത്ഥികളോട് പങ്കെടുക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുത്ത് പ്രവേശനം നേടുന്ന എസ്.സി-എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്ന് നടക്കാനിടയുള്ള സെന്‍ട്രലൈസ്ഡ് അലോട്ട്മെന്റ് പ്രോസസില്‍ ഓപ്ഷന്‍ നല്‍കാന്‍ അവസരമുണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. സ്‌പോട്ട് അലോട്ട്‌മെന്റ് വിജ്ഞാപനമനുസരിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കുകയും എസ്.സി-എസ്.ടി ക്വോട്ടയില്‍ സ്ഥിരമായി പ്രവേ ശനം നേടുകയും ചെയ്തിരുന്നു. എന്നാല്‍ എല്‍.ബി.എസിന്റെ വെബ്‌സൈറ്റില്‍ ഒക്ടോബര്‍ 23ന് പ്രസിദ്ധീകരിച്ചിരുന്ന നോട്ടീസില്‍ പത്താമത് ഓണ്‍ലൈന്‍ സ്‌പെഷ്യല്‍ അലോട്ട്മെന്റ് നടത്തുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി.

‘എസ്.സി-എസ്.ടി സ്‌പോട്ട് അലോട്ട്മെന്റില്‍ അലോട്ട്മെന്റ് ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്, തുടര്‍ന്നുണ്ടാകുന്ന മറ്റേതെങ്കിലും അലോട്ട്മെന്റുകളില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരിക്കില്ല,’ എന്ന് സ്‌പോട്ട് അലോട്ട്‌മെന്റ് വിജ്ഞാപനത്തില്‍ വ്യക്തമായി പറയുന്നുണ്ട്. അതിനാല്‍ അവര്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റിന് ശേഷം നടക്കുന്ന പത്താം അലോട്ട്‌മെന്റില്‍ ഓപ്ഷന്‍ നല്‍കാനുള്ള അവസരം നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് മറ്റൊരു ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് (11ാമത്) നടക്കുകയാണെങ്കില്‍ അതിലും എസ്.സി-എസ്.ടി. വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗത്തിന് ഓപ്ഷന്‍ നല്‍കാന്‍ കഴിയില്ലെന്നും അദിവാസി ഗോത്ര മഹാ സഭയും ആദിശക്തി സമ്മര്‍ സ്‌കൂളും കത്തില്‍ പറഞ്ഞു.

Content Highlight: Problems related to Spot Allotment of SC, ST students in nursing admissions- Letter by Adivasi Gotra Maha Sabha and Adishakthi Summer School