ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ള ഒരാളെ ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള യു.എസ് വിധേയത്വമാണ് സര്‍ക്കാരിനെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.

‘മോദി സര്‍ക്കാര്‍ അമേരിക്കയ്ക്ക് വിധേയരാണ്. അതുകൊണ്ടാണ് ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ബന്ധമുള്ള ഒരാളെ ലജ്ജയില്ലാതെ ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്നത്,’ പവന്‍ ഖേര പറഞ്ഞു.

ആര് ആരെ ബ്ലാക്ക് മെയില്‍ ചെയ്തതിനെ തുടര്‍ന്നാണ് ഹര്‍ദീപ് പുരിയെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് അദ്ദേഹം ചോദിച്ചു. ഇതിനുള്ള ഉത്തരം പുരിയോണോ അതോ മോദിയാണോ അതുമല്ലെങ്കില്‍ ട്രംപ് ആണോ നല്‍കുകയെന്നും അദ്ദേഹം പരിഹസിച്ചു.

‘രാജ്യം വലിയ ഊര്‍ജ പ്രതിസന്ധിയും തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവും നേരിടുമ്പോള്‍ ഒളിച്ചോടിയ മന്ത്രി രാഷ്ട്രീയ വിസ്മൃതിയിലേക്ക് മറയാന്‍ ഒരുങ്ങുകയായിരുന്നു. എന്നാല്‍ അമേരിക്കയിലെ അദ്ദേഹത്തിന്റെ വലിയ ജ്യേഷ്ഠന്മാര്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം നീട്ടിക്കൊടുക്കാന്‍ ഇടപെടുകയും മോദി അതിന് വഴങ്ങുകയുമായിരുന്നു,’ പവന്‍ ഖേര പറഞ്ഞു. മോദി സര്‍ക്കാരിന്റെ ‘ഡബിള്‍ എഞ്ചിന്‍’ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട രേഖകളില്‍ ഹര്‍ദീപ് സിങ് പുരിയുടെയും എപ്സ്റ്റീന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന്, അമേരിക്ക ഏത് ‘ദേശവിരുദ്ധ ദ്രോഹിയെയാണ്’ ബ്ലാക്ക് മെയില്‍ ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ചോദിച്ചിരുന്നു. 2014-2015 കാലഘട്ടത്തില്‍ എപ്സ്റ്റീനുമായി പുരി നടത്തിയ ഇ-മെയില്‍ സന്ദേശങ്ങള്‍ പുറത്തുവന്നതും കോണ്‍ഗ്രസ് വലിയ ആയുധമാക്കുന്നുണ്ട്.

മധ്യപ്രദേശിനെ ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയ പരീക്ഷണശാലയാക്കുകയാണെന്ന് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ഉമംഗ് സിംഗാര്‍ കുറ്റപ്പെടുത്തി. ആരോപണങ്ങള്‍ തള്ളി ബി.ജെ.പിയും കേന്ദ്രമന്ത്രിയും വിവാദങ്ങളോട് പ്രതികരിച്ച ഹര്‍ദീപ് സിങ് പുരി പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ചു.

 

Content Highlight: Modi government is submissive to America: Congress on Hardeep Singh Puri’s candidature