ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ, ഇനി 5-0 ന് പരമ്പര പൂര്‍ണമായും തൂത്തുവാരാന്‍ ഉള്ള ഒരുക്കത്തിലാണെന്ന് വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ.

ഓക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടക്കുന്ന നാലാം മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയയായിരുന്നു അദ്ദേഹം. നാളെയാണ് പരമ്പരയിലെ നാലാം മത്സരം.

‘പരമ്പര 5-0 ന് വിജയിക്കാനുള്ള മികച്ച അവസരമാണിതെന്ന് ഞങ്ങള്‍ കരുതുന്നു. അടുത്ത മത്സരവും ജയിച്ച് ഇന്ത്യന്‍ കാണികള്‍ക്ക് 5-0 ന്റെ പരമ്പര വിജയം കാണാനുള്ള അവസരമൊരുക്കുകയാണ് അടുത്ത ലക്ഷ്യം,’ തിലക് വര്‍മ പറഞ്ഞു.

ടി-20 ചരിത്രത്തില്‍ ഇന്ത്യ ഇതിനുമുമ്പ് 2020ല്‍ വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ന്യൂസിലാന്‍ഡിനെതിരെ മാത്രമാണ് 5-0 ന് പരമ്പര തൂത്തുവാരിയിട്ടുള്ളത്.

നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര സമനിലയിലായതിന് തൊട്ടുപിന്നാലെ എത്തിയതും ടൈം സോണ്‍ മാറ്റങ്ങളും ടീമിന് വെല്ലുവിളിയായിരുന്നു എന്ന് തിലക് വെളിപ്പെടുത്തി.

Photo: BCCI/x.com

‘3-0 ന് മുന്നിലെത്തുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാണെന്ന് ആളുകള്‍ കരുതിയേക്കാം, എന്നാല്‍ വ്യത്യസ്ത ടൈം സോണുകളുമായി പൊരുത്തപ്പെടുന്നത് പ്രയാസകരമാണ്. എങ്കിലും ഉയര്‍ന്ന തലത്തില്‍ കളിക്കുമ്പോള്‍ ഞങ്ങള്‍ ന്യൂനതകള്‍ പറയരുത്, നമ്മെ മാതൃകയാക്കുന്ന യുവതാരങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തേണ്ടതുണ്ട്,’ തിലക് പറഞ്ഞു.

മൂന്നാം നമ്പറില്‍ നിന്ന് അഞ്ച്, ആറ് സ്ഥാനങ്ങളിലേക്ക് ബാറ്റിങ് പൊസിഷന്‍ മാറിയതിനെക്കുറിച്ചും തിലക് സംസാരിച്ചു. നേരത്തെ മൂന്നാം നമ്പറിലും റണ്‍സ് നേടിയിട്ടുണ്ടെങ്കിലും, ഇപ്പോള്‍ മത്സരങ്ങള്‍ അവസാനിപ്പിക്കുന്ന ഫിനിഷര്‍ റോളില്‍ ആദ്യമേ സിംഗിളുകളും ഡബിളുകളും എടുത്ത് കളി അവസാനം വരെ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും, അടിക്കാന്‍ പറ്റിയ പന്തുകള്‍ ലഭിച്ചാല്‍ മാത്രമേ ആദ്യ പന്തില്‍ തന്നെ വലിയ ഷോട്ടിന് ശ്രമിക്കാറുള്ളൂ എന്നും തിലക് വ്യക്തമാക്കി.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നാല് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ക്രൈസ്റ്റ്ചര്‍ച്ചിലെ ഹേഗ്‌ലി ഓവലില്‍ നടന്ന രണ്ടാം മത്സരത്തില്‍ 70 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ തിലക് വര്‍മയുടെ അപരാജിത പ്രകടനമാണ് നെയ്ല്‍ ബൈറ്റിങ് ത്രില്ലറില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തില്‍ തിലക് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടിയിരുന്നു.

മത്സരത്തില്‍ നമന്‍ ധിറുമൊത്ത് ആറാം വിക്കറ്റില്‍ 42 റണ്‍സും (25 പന്തില്‍), നിതീഷ് കുമാര്‍ റെഡ്ഡിയുമായി ഏഴാം വിക്കറ്റില്‍ പുറത്താകാതെ 69 റണ്‍സും (30 പന്തില്‍) തിലക് കൂട്ടിച്ചേര്‍ത്തു. ഇത് പുരുഷ ടി-20യില്‍ ഏഴാം വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്.

വെല്ലിങ്ടണില്‍ നടന്ന മൂന്നാം മത്സരത്തില്‍ ഡാരില്‍ മിച്ചലിന്റെ മികവില്‍ ന്യൂസിലാന്‍ഡ് 198 റണ്‍സ് നേടിയെങ്കിലും അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ 40 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ ലക്ഷ്യം മറികടന്നു.

 

Content highlight: Tilak Varma says they are aiming to win the series against New Zealand 5-0.