നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങുകയും മായാനദി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് വിജയ് സൂപ്പറും പൗര്‍ണമിയും, വരത്തന്‍ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായ താരം തമിഴ്, തെലുങ്ക് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു. മണിരത്നത്തിന്റെ സംവിധാനത്തില്‍ രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ പൊന്നിയന്‍ സെല്‍വനിലൂടെ തമിഴ്നാട്ടിലും ഐശ്വര്യ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അടുത്തിടെ തമിഴില്‍ പുറത്തിറങ്ങിയ ഗാട്ടാ ഗുസ്തി 2ല്‍ താരം പ്രധാനവേഷത്തിലെത്തിയിരുന്നു. വലിയ പ്രശംസയായിരുന്നു ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനത്തിന് തമിഴ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്. ഐശ്വര്യയുടെതായി മലയാളത്തില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു സഫര്‍ സനല്‍ സംവിധാനം ചെയ്ത ആശ. ഉര്‍വശി, ജോജു ജോര്‍ജ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് വലിയ നിരൂപക പ്രശംസയായിരുന്നു ലഭിച്ചത്. അടുത്തിടെ നെറ്റ്ഫ്ളിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ച ലൗ എന്ന വെബ് സിരീസിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു.

ഐശ്വര്യ ലക്ഷ്മി. Photo: Aishwarya Lekshmi/ Facebook.com

അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സിനിമയില്ലാത്ത ഒരു സാഹചര്യത്തില്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ഐശ്വര്യ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നല്ല കഥ വന്നില്ലെങ്കില്‍ ബിസിനസിലേക്കോ ജോലിയിലേക്കോ താന്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് പറയുകയാണ് താരം.

ഉര്‍വശി ചേച്ചിയെ പോലെ സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്തത് ദീര്‍ഘകാലം നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നുണ്ട്. എങ്കിലും നല്ല കഥ കിട്ടാതെ വന്നാല്‍ അല്ലെങ്കില്‍ എനിക്ക് തന്നെ മടുപ്പ് തോന്നിയാല്‍ മറ്റൊരു ജോലിയോ ബിസിനസോ ഒക്കെയായി ഒതുങ്ങി കഴിയണം. ഈ ഓട്ടം എന്നും ഓടാന്‍ കഴിയില്ലല്ലോ. എന്നെക്കാള്‍ കൂടുതല്‍ എന്റെ രക്ഷിതാക്കള്‍ ആണ് കോട്ടും സ്റ്റെത്തും അണിഞ്ഞ് ഡോക്ടറായി എന്നെ കാണാന്‍ ഏറെ ആഗ്രഹിക്കുന്നത്,’ ഐശ്വര്യ പറയുന്നു.

ഡോക്ടറായി യോഗ്യത നേടിയ ഐശ്വര്യ ഗാട്ടാ ഗുസ്തി 2 ഷൂട്ടിനിടയില്‍ സ്വയം ചികിത്സ നടത്തിയതിനെ കുറിച്ചും അഭിമുഖത്തില്‍ സംസാരിച്ചു.

ഐശ്വര്യ ലക്ഷ്മി. Photo: Aishwarya Lekshmi/ Facebook.com

‘തമിഴ്നാട്ടില്‍ ഇ റോഡിലുള്ള ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു ഗാട്ടഗുസ്തി 2 ചിത്രീകരണം. നൈറ്റ്ഷൂട്ട് ആയിരുന്നു. ദേഹമാസകലം പൂഴിമൂടി നില്‍ക്കണം. ആവേശത്തോടെ ഞാന്‍ തന്നെ ദേഹത്ത് മണ്ണ് വാരിപ്പൊത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ ശരീരമാസകലം തിണര്‍ത്തുവന്നു. അവസാനം മരുന്ന് സ്വയം കുറിച്ചു, രാത്രിതന്നെ കൂടെയുള്ളയാളെ അകലെയുള്ള ടൗണിലെ മെഡിക്കല്‍ സ്‌റ്റോറില്‍ വിട്ടു വാങ്ങിച്ചു. എന്തായാലും പിറ്റേന്ന് സ്‌കിന്‍ സാധാരണ നിലയിലായി. സ്വയം ചികിത്സിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവരെ ചികിത്സിക്കാനൊന്നും ഇതുവരെ ധൈര്യപ്പെട്ടിട്ടില്ല,’ ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

Content Highlight: Aishwarya Lekshmi talks about her future plans